palakkad local

ഒരു വിഭാഗം വിദ്യാര്‍ഥികള്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തില്ല

പാലക്കാട്: എസ്എഫ്‌ഐ പ്രവര്‍ത്തകനും ഡിവൈഎഫ്‌ഐ, സിപിഎം നേതാവുമായിരുന്ന കെ എസ് വിപിന്‍ലാന്‍ എന്ന ലാലപ്പന്റെ 10ാംചരമ വാര്‍ഷികത്തോടനുബന്ധിച്ച് എസ്എഫ്‌ഐ തൃശൂര്‍ കേരള വര്‍മ കോളജില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ നിന്ന് ഒരു വിഭാഗം വിട്ടുനിന്നു. അതേസമയം, പരിപാടിയില്‍ പങ്കെടുത്ത മനോവിഷമത്തില്‍ ലാലപ്പന്റെ പിതാവ് തീവ്ര ദു:ഖത്തില്‍ വീട്ടിലെത്തി പൊട്ടികരഞ്ഞു. ലാലപ്പന്റെ മരണത്തിലെ ദുരൂഹത സിപിഎം സംഘടനകള്‍ മറന്നാലും മരണം വരെ മറക്കില്ലെന്നും മകന്റെ മരണത്തിനുത്തരവാദികളെ കണ്ടെത്തുംവരെ നിയമ പോരാട്ടം നടത്തുമെന്നും സിപിഎം സംഘടിപ്പിക്കുന്ന പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും ലാലപ്പന്റെ അമ്മ രമ തേജസിനോട് പറഞ്ഞു. കേരള വര്‍മ കോളജിലെ സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന കെ എസ് വിപിന്‍ലാന്‍ (29)ഗുരുവായൂരില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ ഔദ്യോഗിക പക്ഷത്തിനെതിരേ പുറത്താക്കപ്പെട്ടവരില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടയാളാണ്.

തൃശൂര്‍ പഞ്ഞമൂല കാട്ടുങ്ങല്‍ ഹൗസില്‍ സോമന്‍-രമ ദമ്പതികളുടെ ഏക മകനായിരുന്നു കെ എസ് വിപില്‍ലാന്‍ എന്ന ലാലപ്പന്‍. എസ്എഫ്‌ഐ ഔദ്യോഗിക പാനലിനെതിരെ മല്‍സരിച്ച 9 പേരെ സിപിഎമ്മിലെ വിഭാഗീയതയുടെ ഭാഗമായി അന്നത്തെ ജില്ലാ സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന ഇ പി ജയരാജന്റെ നേതൃത്വത്തില്‍ പുറത്താക്കുകയും മല്‍സരഫലം പുറത്തുവിടാതെ ഔദ്യേഗിക പാനലിനെ അംഗീകരിക്കുകയുമായിരുന്നുവെന്ന് ലാലപ്പന്റെ പഴയ സുഹൃത്തുക്കള്‍ ആരോപിക്കുന്നു.എബിവിപിയുടേയും എസ്എഫ്‌ഐയുടെയും സംഘര്‍ഷവേദിയായ തൃശൂര്‍ കേരളവര്‍മ്മ കോളജില്‍ എസ്എഫ്‌ഐയ്ക്ക് എതിരായി വരുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുന്നതില്‍ മുന്‍ നിരയിലുണ്ടായിരുന്നയാളാണ് പൂര്‍വവിദ്യാര്‍ഥികൂടിയായ ലാലപ്പന്‍. മികച്ച നാടക കലാകാരനുമായിരുന്ന ലാലപ്പന്‍ ഡിവൈഎഫ്‌ഐ ടൗണ്‍ നോര്‍ത്ത് ഈസ്റ്റ് മേഖല സെക്രട്ടറിയും എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയേറ്റംഗവുമായിരുന്നു.

ആര്‍എസ്എസ്-എ.ബിവിപി സഖ്യത്തിന്റെയും സിപിഎം സംഘടനകളിലെ ഔദ്യോഗിക വിഭാഗത്തിന്റെയും കണ്ണിലെ കരടായ ലാലപ്പനെ ഇരുവിഭാഗവും ചേര്‍ന്ന് ബലമായി പിടിച്ച് മദ്യപിപ്പിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തി ബൈക്ക് സഹിതം വരടിയം-മുണ്ടൂര്‍ റോഡില്‍ കോടന്‍കണ്ടന്‍ മൂലയില്‍ തള്ളിയതായതാണെന്ന് കുടുംബം ഇപ്പോഴും അടിയുറച്ച് വിശ്വസിക്കുന്നത്. 2005 ഒക്ടോബര്‍ 16നാണ് ലാലപ്പന്‍ മരിച്ചത്. മരണം നടന്ന് ഏഴു വര്‍ഷം പിന്നിട്ടപ്പോള്‍ സംഭവത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി 2012 ഒക്ടോബറില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വിഎസ്, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ എന്നിവര്‍ക്ക് പരാതി നല്‍കി പുനരന്വേഷണം പ്രഖ്യാപിച്ചെങ്കിലും പേരാമംഗലം സിഐ പഴയ റിപോര്‍ട്ട് തന്നെ എഴുതി നല്‍കി അന്വേഷണം അവസാനിപ്പിച്ചതായാണറിയുന്നത്. ഈ വാര്‍ത്ത പുറത്തുവന്നതോടെയാണ് എസ്എഫ്‌ഐ ഇന്നലെ കോളജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് ഒരു വിഭാഗം വിട്ടുനിന്നെതെന്നാണറിയുന്നത്.
Next Story

RELATED STORIES

Share it