ഒരു വിപ്ലവത്തിന്റെ ബാക്കിപത്രം

ഒരു വിപ്ലവത്തിന്റെ ബാക്കിപത്രം
X


സോഷ്യലിസത്തെ സംബന്ധിച്ച് കാള്‍ മാര്‍ക്‌സ് മുന്നോട്ടുവച്ച സങ്കല്‍പം ഉല്‍പാദകര്‍ക്ക് തൊഴിലിനും വിശ്രമത്തിനും പൂര്‍ണ സ്വാതന്ത്ര്യമുള്ള വ്യവസ്ഥ എന്നതായിരുന്നു. തൊഴിലാളികള്‍ക്ക് സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്‌കാരികമായും മേധാവിത്വമുള്ള ഇത്തരമൊരു വ്യവസ്ഥ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യമാണ് ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ നേതൃത്വം മുന്നോട്ടുവച്ചത്. എന്നാല്‍, സോവിയറ്റ് യൂനിയനില്‍ എഴുപതു വര്‍ഷം നിലനിന്ന സാമ്പത്തിക ഘടനയും സാമൂഹിക ഘടനയും ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്. തൊഴിലില്ലായ്മ തുടച്ചുനീക്കുന്നതിനും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും ദീര്‍ഘകാലത്തേക്കു വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നതിനും മുതലാളിത്ത വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പം വളര്‍ച്ച നേടുന്നതിനും സോവിയറ്റ് യൂനിയനു സാധിച്ചുവെങ്കിലും സോഷ്യലിസ്റ്റ് കമ്പോളം, സോഷ്യലിസ്റ്റ് ജനാധിപത്യം മുതലായവ വികസിപ്പിക്കുന്നതില്‍ ആ രാജ്യം പരാജയപ്പെട്ടു. ഈ ഘടകങ്ങള്‍ ആന്തരികമായി ദുര്‍ബലപ്പെടുത്തിയതോടെ മഹത്തായ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ സൃഷ്ടിക്കപ്പെട്ട ബദല്‍ ജീവിതവ്യവസ്ഥ തകര്‍ച്ചയെ നേരിട്ടു. കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ച് ഈ തകര്‍ച്ചയില്‍ നിന്നു പുതിയ ചില പാഠങ്ങള്‍ പഠിക്കാനുണ്ട്. സോഷ്യലിസ്റ്റ് സമൂഹനിര്‍മിതിയുടെ ആധാരശിലയാണ് വിപുലമായ ജനാധിപത്യാവകാശങ്ങള്‍ നിലനിര്‍ത്തുക എന്നത്. എന്നാല്‍, സോവിയറ്റ് യൂനിയനില്‍ ഭരണകൂടം പടിപടിയായി മര്‍ദക സ്വഭാവം കൈവരിക്കുകയാണുണ്ടായത്. ലെനിന്‍ എക്കാലത്തും പ്രാധാന്യം നല്‍കിയിരുന്ന ആശയസംവാദം, വിയോജിക്കാനുള്ള അവകാശം, സോവിയറ്റുകള്‍ക്കുള്ള പരമാധികാരം തുടങ്ങിയ ഘടകങ്ങളെല്ലാം പതുക്കെ പതുക്കെ അപ്രത്യക്ഷമായി. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള ആക്രമണഭീഷണിയുടെ മറവില്‍ സോവിയറ്റ് ഭരണകൂടം പൗരാവകാശങ്ങള്‍ക്കു വിലങ്ങിടുകയാണ് ഫലത്തില്‍ ചെയ്തത്. ആഭ്യന്തര ശത്രുക്കളെ ഉന്മൂലനം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള ശുദ്ധീകരണപ്രക്രിയ സമൂഹത്തിലെ വ്യത്യസ്തമായി ചിന്തിക്കുന്നവരെ മുഴുവന്‍ സോഷ്യലിസത്തിന്റെ ശത്രുക്കളായാണ് മുദ്രകുത്തിയത്. ട്രോട്‌സ്‌കിയും ബുഖാറിനും സിനോവോവും മാത്രമല്ല, ഏതെങ്കിലും തരത്തില്‍ വിയോജിപ്പുള്ള എഴുത്തുകാരും കലാകാരന്‍മാരും രാഷ്ട്രീയപ്രവര്‍ത്തകരുമെല്ലാം ശുദ്ധീകരണ പ്രക്രിയക്കു വിധേയരായി. യഥാര്‍ഥത്തില്‍ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവം കെട്ടഴിച്ചുവിട്ട ആശയസമരത്തിന്റെയും അന്വേഷണബുദ്ധിയുടെയും നവീന ചിന്താധാരകളുടെയുമൊക്കെ വേരറുക്കുകയാണ് ഇതിലൂടെ സംഭവിച്ചത്. സ്റ്റാലിന്‍ യുഗം മുതല്‍ ആരംഭിക്കുന്ന ചിന്താപരമായ അടിമത്തത്തിന്റെയും അരാഷ്ട്രീയവല്‍ക്കരണത്തിന്റെയും അടിസ്ഥാന ഘടകം ഈ പ്രക്രിയയാണ്. ലോകത്തെ ആദ്യത്തെ തൊഴിലാളിവര്‍ഗ ഭരണകൂടമായ പാരിസ് കമ്മ്യൂണിനെക്കുറിച്ച് കാള്‍ മാര്‍ക്‌സ് രേഖപ്പെടുത്തിയത് എല്ലാ സോഷ്യലിസ്റ്റ് ഭരണകൂടങ്ങള്‍ക്കും ബാധകമായ ഒന്നാണ്. വിപ്ലവകരമായ ആശയസംവാദത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് മാര്‍ക്‌സ് സൂചിപ്പിച്ചത്: ''കമ്മ്യൂണിനു വര്‍ഗസമരത്തെ കൈയൊഴിക്കാനാവില്ല. കാരണം, തൊഴിലാളിവര്‍ഗം വര്‍ഗങ്ങളില്ലാതാക്കുന്ന പ്രവര്‍ത്തനത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. എല്ലാ വര്‍ഗങ്ങളുടെയും അധികാരം ഇല്ലാതാക്കുകയാണ് അതിന്റെ ലക്ഷ്യം. പക്ഷേ, അതിന് യുക്തിപരമായ ഒരു മാധ്യമത്തെ ആശ്രയിക്കേണ്ടതുണ്ട്. എല്ലാ വര്‍ഗസമരങ്ങളും വ്യത്യസ്ത ഘട്ടങ്ങളിലൂടെ കടന്നുപോവേണ്ടതുണ്ട്. അങ്ങേയറ്റം യുക്തിപരവും മനുഷ്യത്വപരവുമായ വിധത്തിലാവണം ഇത്.'' സോവിയറ്റ് യൂനിയനില്‍ സ്ഥാപിതമായ 'തൊഴിലാളിവര്‍ഗ സര്‍വാധിപത്യം' മാര്‍ക്‌സ് പ്രതീക്ഷിച്ച വിധത്തിലുള്ള സംവാദത്തിന്റെ സാധ്യതകള്‍ തുറക്കുകയല്ല ചെയ്തത്. അത് ഭരണകൂട അധികാരം ഉപയോഗിച്ച് സംവാദങ്ങളെ തടയുന്നതിലാണ് ശ്രദ്ധ ചെലുത്തിയത്. ബൂര്‍ഷ്വാസി നടപ്പാക്കുന്ന തരത്തിലുള്ളതോ അതിനേക്കാള്‍ വൃത്തികെട്ടതോ ആയ വിധത്തിലുള്ള ഏകാധിപത്യത്തിലേക്കാണ് അത് നീങ്ങിയത്. സോവിയറ്റ് സമൂഹത്തില്‍ പ്രതിലോമകരമായ സ്വാധീനമാണ് അതു ചെലുത്തിയത്. സ്വകാര്യ സ്വത്തുടമസ്ഥത അവസാനിപ്പിക്കുക, പഴയ മട്ടിലുള്ള ചൂഷണസ്വഭാവമുള്ള ഭരണവര്‍ഗങ്ങളെ സ്ഥാനഭ്രഷ്ടമാക്കുക, പ്രതിവിപ്ലവശ്രമങ്ങളെ ചെറുക്കുക എന്നീ പരിമിത ലക്ഷ്യങ്ങളുള്ള ഭരണകൂടമാണ് സ്റ്റാലിന്റെ കാലം മുതല്‍ സോവിയറ്റ് യൂനിയനില്‍ നിലവില്‍ വന്നത്. എന്നാല്‍, കര്‍ഷകരെയും തൊഴിലാളികളെയും സംബന്ധിച്ചിടത്തോളം ബൂര്‍ഷ്വാ ജനാധിപത്യ വ്യവസ്ഥയിലേതിനേക്കാളും വികസിച്ച ജനാധിപത്യാവകാശങ്ങളാണ് ആവശ്യമുണ്ടായിരുന്നത്. സോഷ്യലിസം സൃഷ്ടിക്കപ്പെടുമ്പോള്‍ വര്‍ഗങ്ങളും വര്‍ഗസമരങ്ങളും ഇല്ലാതാവുകയും അന്തിമമായി ഭരണകൂടം തന്നെ കൊഴിഞ്ഞുപോവുകയും ചെയ്യുമെന്ന സങ്കല്‍പമാണ് ജനങ്ങളില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഭരണകൂട അധികാരങ്ങള്‍ ശക്തിപ്പെടുകയും ജനാധിപത്യ അവകാശങ്ങളുടെ മണ്ഡലം ചുരുങ്ങിവരുകയും ചെയ്യുന്ന അനുഭവമാണ് സോവിയറ്റ് യൂനിയനില്‍ ജനങ്ങള്‍ക്ക് അനുഭവിക്കാനായത്. വിപ്ലവത്തിനു മുമ്പുള്ള വര്‍ഗശത്രുക്കള്‍ക്കെതിരായ മര്‍ദക നടപടികള്‍ക്കു പകരം ആഭ്യന്തര ശത്രുക്കളെന്നു മുദ്രകുത്തി ജനങ്ങളെ പീഡിപ്പിക്കുന്ന രീതി സോവിയറ്റ് സമൂഹത്തില്‍ പ്രബലമായി. തൊഴിലാളിവര്‍ഗ സര്‍വാധിപത്യമെന്നത് സോവിയറ്റ് യൂനിയനില്‍ തൊഴിലാളി വര്‍ഗത്തിനും ജനങ്ങള്‍ക്കും മേലുള്ള സര്‍വാധിപത്യമായി അധഃപതിച്ചു.  സോവിയറ്റ് ഭരണസംവിധാനത്തില്‍ ഉദ്യോഗസ്ഥ മേധാവിത്വം ചെലുത്തിയ അമിതമായ സ്വാധീനത്തെക്കുറിച്ച് സോഷ്യലിസ്റ്റ് വ്യവസ്ഥയെന്നു തെറ്റായി വിളിക്കപ്പെട്ട സംവിധാനത്തിന്റെ തകര്‍ച്ചയ്ക്കു ശേഷം നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, സോവിയറ്റ് യൂനിയന്റെ പ്രതാപകാലത്തുതന്നെ നിരവധി ഇടതുപക്ഷ ചിന്തകര്‍ ഇതുസംബന്ധിച്ചു മുന്നറിയിപ്പു നല്‍കിയിരുന്നു. ചാള്‍സ് ബെറ്റല്‍ ഹെം, പോള്‍ എം സ്വീസി എന്നിവരുടെ പഠനങ്ങള്‍ ഇക്കാര്യത്തില്‍ ഏറെ മികച്ചവയാണ്. ജര്‍മന്‍ സോഷ്യല്‍ ഡെമോക്രസിയുടെ പദ്ധതികളെ വിമര്‍ശിച്ചപ്പോള്‍ ഏംഗല്‍സ് പ്രയോഗിച്ച 'മുതലാളിമാര്‍ ഇല്ലാത്ത മുതലാളിത്തം' എന്ന പദമാണ് പൊതുവില്‍ സോവിയറ്റ് യൂനിയനിലെ ഭരണസംവിധാനത്തിനും ബാധകമെന്ന് നിരവധി പേര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍, എഴുപതുകളില്‍ തന്നെ (സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയ്ക്കു വളരെ മുമ്പുതന്നെ) പോള്‍ എം സ്വീസി അവിടത്തെ ഭരണസംവിധാനം മുതലാളിത്തത്തില്‍ നിന്നു വ്യതിരിക്തമായതും എന്നാല്‍ സവിശേഷമായ ചൂഷണസ്വഭാവമുള്ളതുമായ ഒന്നാണെന്ന് നിരീക്ഷിച്ചിരുന്നു. റഷ്യയിലും ഇതര രാജ്യങ്ങളിലും നടന്ന വിപ്ലവങ്ങളെല്ലാം മാര്‍ക്‌സിസം ലെനിനിസത്തിന്റെ മൂല്യങ്ങള്‍ക്ക് അനുസരിച്ചുള്ളതും സോഷ്യലിസ്റ്റ് ഉള്ളടക്കമുള്ളതുമാണെന്ന് പോള്‍ എം സ്വീസി സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, വിപ്ലവാനന്തര സമൂഹത്തെ രൂപപ്പെടുത്തുന്നതിനിടയില്‍ നേരിടേണ്ടിവന്ന പ്രതിബന്ധങ്ങള്‍ ജനങ്ങള്‍ക്കും നേതാക്കള്‍ക്കുമിടയില്‍ സൈനിക സ്വഭാവമുള്ള ഭരണകൂടത്തെയാണ് നിര്‍മിച്ചത്. സോവിയറ്റ് യൂനിയനില്‍ വിപ്ലവാനന്തരമുള്ള ഒന്നര ദശാബ്ദത്തിനുള്ളില്‍ത്തന്നെ പ്രതിവിപ്ലവ സ്വഭാവമുള്ള ഇത്തരമൊരു ഭരണസംവിധാനം രൂപമെടുത്തിരുന്നു. 1930കളില്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ നടന്നിട്ടുള്ള കുറ്റവിചാരണകളും ശുദ്ധീകരണങ്ങളും വഴി പഴയ ബോള്‍ഷെവിക് പാര്‍ട്ടി മിക്കവാറും തുടച്ചുനീക്കപ്പെട്ടിരുന്നു. വിപ്ലവാനന്തര ഭരണകൂടം മുതലാളിത്തമോ സോഷ്യലിസമോ അല്ലാത്ത സമഗ്രാധിപത്യ സ്വഭാവമുള്ളതും ഉല്‍പാദനോപാധികള്‍ക്കു മേല്‍ സ്റ്റേറ്റിന് ഉടമസ്ഥാവകാശമുള്ളതും കേന്ദ്രീകൃത ആസൂത്രണ സ്വഭാവമുള്ളതുമായ ഒരു സംവിധാനമായി മാറി. വര്‍ഗമെന്ന നിലയില്‍ സംഘടിതമായ തൊഴിലാളികള്‍ക്ക് അധികാരം കൈമാറുന്നതിനു പകരം സമൂഹത്തിലെ വിവിധ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിപ്ലവപാര്‍ട്ടിക്ക് അധികാരം കൈമാറുകയാണ് സംഭവിച്ചത്. തൊഴിലുടമസ്ഥര്‍ക്ക് പകരം സ്റ്റേറ്റിനു മൂലധനം കൈമാറ്റം ചെയ്യപ്പെട്ടു. മൂലധനം പൂര്‍ണമായും ഒരൊറ്റ മാനേജ്‌മെന്റിനു കീഴിലായി. ഈ മാനേജ്‌മെന്റ് സമ്പൂര്‍ണാധികാരമുള്ള ശക്തിയായി പരിവര്‍ത്തിപ്പിക്കപ്പെട്ടു. സോവിയറ്റ് ഭരണനേതൃത്വത്തിനുള്ള സമഗ്രാധികാരം രൂപപ്പെടുന്നത് ഭരണകൂടത്തിനു മേലുള്ള നിയന്ത്രണത്തിലൂടെയാണ്. സാമൂഹിക മൂലധനത്തിന്റെ നിയന്ത്രണത്തിലൂടെയാണ് അവര്‍ അത് നേടിയത്. ജര്‍മന്‍ ജനാധിപത്യ റിപബ്ലിക്കിലെ സോഷ്യലിസ്റ്റ് നേതാവായ ഗ്രെഗോര്‍ ജിസി കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ തകര്‍ച്ചയ്ക്കു ശേഷം രേഖപ്പെടുത്തിയത് ശ്രദ്ധേയമാണ്. കിഴക്കന്‍ ജര്‍മനിയിലെ സമൂഹം മുതലാളിത്തേതരമാണ്. പക്ഷേ, അതൊരിക്കലും സോഷ്യലിസ്റ്റ് സമൂഹത്തിന്റെ മേന്മ കൈവരിച്ചിരുന്നില്ല. ഉല്‍പാദന ഉപാധികള്‍ വന്‍തോതില്‍ സാമൂഹിക ഉടമസ്ഥതയിലായിരുന്നില്ല. സ്‌റ്റേറ്റിന്റെ ഉടമസ്ഥത ജനങ്ങളുടെ ഉടമസ്ഥത എന്ന നിലയിലാണ് വ്യവഹരിക്കപ്പെട്ടിരുന്നത്. കേന്ദ്രീകൃതവും സംഘടിതവുമായ ഒരു ഭരണകൂടമാണ് ഇത് കൈകാര്യം ചെയ്തിരുന്നത്. അതായത്, അന്തിമ വിശകലനത്തില്‍ പാര്‍ട്ടിയുടെയും ഭരണകൂടത്തിന്റെയും തലവനായ വ്യക്തിക്കു മാത്രമേ ഉടമസ്ഥതയെന്ന വികാരം അനുഭവപ്പെട്ടിരുന്നുള്ളൂ. ഇതിന്റെ ഫലമായി ഉല്‍പാദകര്‍ ഉടമസ്ഥതയില്‍ നിന്നും അധികാരത്തില്‍ നിന്നും ഉല്‍പാദന ഫലത്തില്‍ നിന്നുമെല്ലാം അന്യവല്‍ക്കരിക്കപ്പെടുകയാണുണ്ടായത്. അവര്‍ പ്രതിഷേധിച്ചപ്പോഴൊക്കെ കടുത്ത മര്‍ദന നടപടികള്‍ക്ക് ഇരയാവുകയും ചെയ്തു. ഗ്ലാസ്‌നസ്റ്റും പെരസ്‌ട്രോയിക്കയും നടപ്പാക്കിയ ഗോര്‍ബച്ചേവിന്റെ കാലത്ത് (1988) തൊഴിലാളികളുടെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുകയുണ്ടായി. അത്തരമൊരു പ്രതിഷേധത്തെ നിഷ്ഠുരമായാണ് ഗോര്‍ബച്ചേവ് ഭരണകൂടം അടിച്ചമര്‍ത്തിയത്. ഇതേക്കുറിച്ച് സാധാരണ തൊഴിലാളിയായ പീറ്റര്‍ സുയിദ അഭിപ്രായപ്പെട്ടത് സോവിയറ്റ് യൂനിയനിലെ ഭരണകൂടത്തിന്റെ ഉള്ളടക്കമെന്തെന്നു തിരിച്ചറിയാന്‍ സഹായകമാണ്: ''തങ്ങളുടേത് ജനകീയ സര്‍ക്കാരാണെന്ന അവകാശവാദം ഇല്ലാതാക്കുകയും സര്‍ക്കാരിന്റെ മുഖംമൂടി വലിച്ചുകീറുകയും ചെയ്ത സംഭവങ്ങളാണിത്. വ്യവസായങ്ങള്‍ ജനങ്ങളുടെ ഉടമസ്ഥതയിലാണെന്ന വാദം പൊള്ളയാണെന്നു തെളിഞ്ഞിരിക്കുന്നു. നമ്മുടെ സമൂഹം ശത്രുതാപരമായ മനോഭാവമുള്ളതാണെന്നും ഭരണകൂടം ജനങ്ങള്‍ക്കു മേലെയുള്ള ഒന്നാണെന്നും വ്യക്തമാക്കിയിരിക്കുന്നു. ഇത് ജനങ്ങളുടെ ഭരണകൂടമല്ല. ചൂഷകവര്‍ഗത്തെ, പാര്‍ട്ടി-ഭരണകൂട-ഉദ്യോഗസ്ഥവൃന്ദത്തെ, സംരക്ഷിക്കുന്ന ഭരണകൂടമാണിത്. സ്റ്റാലിനിസത്തിന്റെ അടിത്തറയിലാണ് ഇത് നിലനില്‍ക്കുന്നത്. ചൂഷണം ചെയ്യപ്പെടുന്ന വര്‍ഗം കൈകളില്‍ വിപ്ലവത്തിന്റെ ആദര്‍ശങ്ങളൊഴികെ മറ്റൊന്നുമില്ലാതെ, നിസ്സംഗതയോടെ അവര്‍ക്ക് അഭിമുഖമായി നില്‍ക്കുകയാണ്.'' 1990ന്റെ തുടക്കത്തില്‍ സോവിയറ്റ് യൂനിയനില്‍ ഉയര്‍ന്നുവന്ന ജനകീയ രോഷത്തിന്റെ കനലുകള്‍ ഈ വാക്കുകളിലുണ്ട് എന്നതു കാണാതിരുന്നുകൂടാ. സവിശേഷ അധികാരങ്ങളുള്ള, പാര്‍ട്ടിയെ നിയന്ത്രിച്ചുപോന്ന ഉദ്യോഗസ്ഥ മേധാവിവര്‍ഗം ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്ന ഒരവസ്ഥ എങ്ങനെയാണ് സോവിയറ്റ് യൂനിയനില്‍ രൂപപ്പെട്ടത്? ലെനിനു ശേഷം രൂപപ്പെടുകയും സ്റ്റാലിന്റെയും ക്രൂഷ്‌ചേവിന്റെയും ബ്രഷ്‌നേവിന്റെയും ഗോര്‍ബച്ചേവിന്റെയും ഭരണകാലത്തുടനീളം അന്യൂനമായി തുടരുകയും ചെയ്ത ഈ ഭരണസംവിധാനം സോഷ്യലിസത്തിന്റെ ആദര്‍ശങ്ങളെ എങ്ങനെയാണ് വഞ്ചിച്ചത്? എന്തുകൊണ്ടാണ് ജനങ്ങള്‍ക്ക് ഒരു മര്‍ദക സംവിധാനത്തിനു കീഴില്‍ പ്രതിഷേധിക്കാന്‍ പോലുമാവാതെ കഴിയേണ്ടിവന്നത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താതെ സോഷ്യലിസത്തെക്കുറിച്ച് ചിന്തിക്കുന്ന ഒരാള്‍ക്കും ഇന്ന് മുന്നോട്ടുപോകാനാവില്ല. സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ തകര്‍ച്ചയുടെ കാരണങ്ങളില്‍ സാമ്പത്തികവും രാഷ്ട്രീയവുമായ നിരവധി ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെങ്കിലും ഫലപ്രദമായ വിധത്തില്‍ സോഷ്യലിസ്റ്റ് ജനാധിപത്യം വികസിപ്പിക്കുന്നതില്‍ സംഭവിച്ച പരാജയമാണ് പ്രാധാന്യമേറിയത്. തൊഴിലാളികളുടെ രാഷ്ട്രീയ ബോധ്യം വികസിപ്പിക്കുന്നതോടൊപ്പം തന്നെ വിമര്‍ശനത്തിന്റെയും സ്വയംവിമര്‍ശനത്തിന്റെയും സാധ്യതകള്‍ വികസിപ്പിക്കുകയും, നേതൃത്വം ഇവയ്ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുന്ന സ്ഥിതി സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ രൂപപ്പെട്ടിരുന്നില്ല. ബൂര്‍ഷ്വാ ജനാധിപത്യത്തേക്കാള്‍ ആഴമേറിയതും അര്‍ഥപൂര്‍ണവുമായ സോഷ്യലിസ്റ്റ് ജനാധിപത്യം വികസിപ്പിക്കേണ്ടത് സോഷ്യലിസത്തിന്റെ അതിജീവനത്തിന് അനിവാര്യമായിരുന്നു. എന്നാല്‍, 1920കളിലും 30കളിലും സോവിയറ്റ് യൂനിയനില്‍ വികസിച്ചുവന്ന ഭരണനേതൃത്വം ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ പോലും അംഗീകരിക്കുന്നതിന് കഴിയാത്തത്ര സ്വേച്ഛാപ്രമത്തതയുള്ളവരായിരുന്നു. ജനാധിപത്യത്തിന്റെ അഭാവത്തില്‍ ഇവരെ നിയന്ത്രിക്കാനോ തിരുത്താനോ തൊഴിലാളിവര്‍ഗത്തിനു കഴിയാതെപോയി. രാഷ്ട്രീയമായ പിശകുകള്‍ സാമ്പത്തികമായ പിഴവുകളിലേക്കും അഴിമതിയിലേക്കും ആത്യന്തികമായി വ്യവസ്ഥയുടെ തകര്‍ച്ചയിലേക്കും നയിച്ചു. വിപ്ലവകരമായ പ്രയോഗങ്ങളിലൂടെ ജനങ്ങളില്‍ മാറ്റം സൃഷ്ടിക്കണമെന്ന മാര്‍ക്‌സിന്റെ സങ്കല്‍പം സോവിയറ്റ് യൂനിയനില്‍ ഗൗനിക്കപ്പെട്ടതേയില്ല. ജനങ്ങള്‍ നിരായുധരും രാഷ്ട്രീയ സംഭവവികാസങ്ങളില്‍ ഇടപെടാന്‍ ശേഷിയില്ലാത്തവരുമായിത്തീര്‍ന്നത് കൂടുതല്‍ മര്‍ദകമായ സംവിധാനങ്ങള്‍ അവര്‍ക്കു മേല്‍ അടിച്ചേല്‍പിക്കാന്‍ പാര്‍ട്ടി-ഉദ്യോഗസ്ഥവൃന്ദത്തെ സഹായിച്ചു. ബോള്‍ഷെവിക് നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ട് റോസാ ലക്‌സംബര്‍ഗ് സൂചിപ്പിച്ച ചില കാര്യങ്ങള്‍ ഇവിടെ ഓര്‍ക്കാവുന്നതാണ്. ''ഏകാധിപത്യ സ്വഭാവത്തിലേക്കു നീങ്ങാനിടയുള്ള ഒരു ഭരണസംവിധാനമായി ബോള്‍ഷെവിക് പാര്‍ട്ടി നിയന്ത്രിക്കുന്ന ഭരണകൂടം മാറാനിടയുണ്ട്. മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളുടെ സാന്നിധ്യം, മാധ്യമസ്വാതന്ത്ര്യം, ആശയപ്രകാശത്തിനും സംഘം ചേരാനുമുള്ള അവകാശം എന്നിവയില്ലെങ്കില്‍ തൊഴിലാളിവര്‍ഗത്തിന് എങ്ങനെയാണ് ഭരണവര്‍ഗമാകേണ്ടതെന്ന് പഠിക്കാനാവില്ല. രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ അഭാവത്തില്‍ സോഷ്യലിസ്റ്റ് പരിവര്‍ത്തനത്തിന്റെ വേളയില്‍ ദൈനംദിനം രൂപപ്പെടുന്ന ആയിരക്കണക്കിനു പ്രശ്‌നങ്ങള്‍ക്ക് ആയിരക്കണക്കായ പരിഹാരം കണ്ടെത്തുക ദുഷ്‌കരമായിരിക്കും'' തുടങ്ങിയ റോസാ ലക്‌സംബര്‍ഗിന്റെ മുന്നറിയിപ്പുകള്‍ ശരിയായിരുന്നുവെന്നാണ് സോവിയറ്റ് യൂനിയനിലെ അനുഭവങ്ങള്‍ തെളിയിക്കുന്നത്. സോഷ്യലിസത്തിന്റെ പരാജയം ആഗോള മൂലധനത്തിന്റെ ശക്തി കൊണ്ടു മാത്രമുണ്ടായതല്ല. പകരം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ഭരണകൂടങ്ങള്‍ക്കും ജനാധിപത്യ അവകാശങ്ങള്‍ ഉള്ളിടത്തു മാത്രമേ സോഷ്യലിസത്തിനു നിലനില്‍ക്കാനുള്ള ജീവശ്വാസം ലഭിക്കുകയുള്ളൂ എന്ന തിരിച്ചറിവ് ഇല്ലാതെപോയതിന്റെ കൂടി ഫലമായുണ്ടായതാണ്. ഈ തകര്‍ച്ചയാകട്ടെ, മുതലാളിത്തത്തിന്റെ വിജയത്തിനുള്ള ന്യായീകരണമായി മാറുകയും ചെയ്തു.
Next Story

RELATED STORIES

Share it