ഒരു വയസ്സുള്ള മകനെ വിറ്റ ദമ്പതികള്‍ അറസ്റ്റില്‍

പാലക്കാട്: ഒരു വയസ്സുള്ള മകനെ വിറ്റ ദമ്പതികളെ പോലിസ് പിടികൂടി. വടക്കഞ്ചേരി അണക്കപ്പാറ മുഹമ്മദ്കുട്ടി (56), ഭാര്യ റംലത്ത് (36) എന്നിവരെയാണ് വടക്കഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയെ വാങ്ങിയ തമിഴ്‌നാട് സായ്‌നഗര്‍ ജോണ്‍ സുന്ദര്‍(47), ഇടനിലക്കാരനായ കിഴക്കഞ്ചേരി ഇളങ്കാവ് ജ്യോതി(37) എന്നിവരെയും പോലിസ് അറസ്റ്റ് ചെയ്തു.
മുഹമ്മദ് കുട്ടി-റംലത്ത് ദമ്പതികള്‍ ജ്യോതി മുഖേനയാണ് ജോണ്‍ സുന്ദറിന് കുട്ടിയെ നല്‍കിയത്. ഇതിന്റെ പ്രതിഫലമായി ഒരു ലക്ഷം രൂപ ഇവര്‍ക്കും ലഭിച്ചു. അസുഖമായതിനാല്‍ കുട്ടിയെ നോക്കാന്‍ കഴിയാത്തതു കൊണ്ടാണ് വില്‍പന നടത്തിയതെന്ന് ഇവര്‍ പോലിസിനോടു പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇടനിലക്കാരായി പ്രവര്‍ത്തിച്ച വള്ളിയോട് സ്വദേശി ലക്ഷ്മണന്‍, കോയമ്പത്തൂര്‍ സ്വദേശി രാമന്‍കുട്ടി എന്നിവരെ പോലിസ് അന്വേഷിച്ചു വരുകയാണ്. ഭര്‍ത്താവ് കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്നാരോപിച്ച് റംലത്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.
ദമ്പതികളില്‍ നിന്ന് ജോണ്‍ സുന്ദര്‍ വാങ്ങിയ കുട്ടിയെ ഒന്നര ലക്ഷം രൂപയ്ക്ക് തമിഴ്‌നാട് തുടിയല്ലൂര്‍ സുബ്രഹ്മണ്യന്‍- കണ്ണമ്മ ദമ്പതികള്‍ക്ക് മറിച്ചു വിറ്റിരുന്നു. ഇവിടെ നിന്ന് കുട്ടിയെ പോലിസ് കണ്ടെടുത്ത് മലമ്പുഴ ആനന്ദഭവനിലാക്കി. പ്രതികളെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it