ഒരു റാങ്ക് ഒരു പെന്‍ഷന്‍; നരസിംഹ റെഡ്ഡി ജുഡീഷ്യല്‍ സമിതി അധ്യക്ഷന്‍

ന്യൂഡല്‍ഹി: വിമുക്ത ഭടന്മാര്‍ക്കുള്ള ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിയോഗിച്ച ജുഡീഷ്യല്‍ സമിതിക്കു പട്‌ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ ല്‍ നരസിംഹ റെഡ്ഡി നേതൃത്വം നല്‍കും.
ഇന്നലെ സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനമിറക്കി. നിര്‍ദേശം സമര്‍പ്പിക്കാന്‍ സമിതിക്കു ആറുമാസമാണ് സമയം അനുവദിച്ചിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഈയിടെ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിവിധ ഉത്തരവുകള്‍ പരിശോധിക്കുകയും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കലുമാണ് സമിതിയുടെ ചുമതല.
നവംബര്‍ ഏഴിന് കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനപ്രകാരം പദ്ധതി നടപ്പാക്കുമ്പോഴുണ്ടായ നിയമതടസ്സങ്ങള്‍ ഒഴിവാക്കാനുള്ള നിര്‍ദേശങ്ങളും സമിതി പരിഗണിക്കും. സൈന്യത്തിലെ തന്നെ മൂന്നു വിഭാഗത്തിനും പദ്ധതി നടപ്പാക്കുന്നതിനുള്ള നിയമപ്രശ്‌നങ്ങളും പരിശോധിക്കും. പദ്ധതി നടപ്പാക്കുന്നതു കാരണമുണ്ടാവുന്ന സാമ്പത്തിക ബാധ്യതയും സമിതിയുടെ പരിഗണനയില്‍ വരുമെന്നു പ്രതിരോധമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ അറിയിച്ചു. പരിഗണനാ വിഷയങ്ങളില്‍ ആവശ്യമെങ്കില്‍ സ ര്‍ക്കാരിനു ഇടക്കാല റിപോര്‍ട്ട് നല്‍കും.
സമിതിക്കു സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയും വിവരങ്ങളും തെളിവുകളും ശേഖരിക്കുകയും ചെയ്യാം. ബന്ധപ്പെട്ട മന്ത്രാലയങ്ങളും വകുപ്പ് ഉദ്യോഗസ്ഥരും സമിതി ആവശ്യപ്പെടുന്ന മുറയ്ക്ക് വിവരങ്ങളും രേഖകളും നല്‍കും.
ഡല്‍ഹിയിലായിരിക്കും സമിതിയുടെ ആസ്ഥാനം. കമ്മിറ്റിക്കു വേണ്ട എല്ലാ സഹായങ്ങളും വിമുക്തഭട ക്ഷേമമന്ത്രാലം നല്‍കുമെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു.
Next Story

RELATED STORIES

Share it