World

ഒരു മാസത്തിനിടെ 6700 റോഹിന്‍ഗ്യരെ മ്യാന്‍മര്‍ സൈന്യം കൊലപ്പെടുത്തി

ഒരു മാസത്തിനിടെ 6700 റോഹിന്‍ഗ്യരെ മ്യാന്‍മര്‍ സൈന്യം കൊലപ്പെടുത്തി
X


ജനീവ: ഒരു മാസത്തിനിടെ 6,700ലധികം റോഹിന്‍ഗ്യന്‍ വംശജരെ മ്യാന്‍മര്‍ സൈന്യം കൊലപ്പെടുത്തിയതായി ഡോക്ടര്‍മാരുടെ സന്നദ്ധ സംഘടനയായ മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് (എംഎസ്എഫ്). കൊല്ലപ്പെട്ടവരില്‍ അഞ്ചുവയസ്സിനു താഴെയുള്ള 730ലധികം കുട്ടികളും ഉള്‍പ്പെടുന്നു. 69 ശതമാനം പേരെയും സൈന്യം വെടിവച്ച് കൊല്ലുകയായിരുന്നു. ബാക്കിയുള്ളവരെ സൈന്യം മര്‍ദിച്ചു കൊലപ്പെടുത്തി. മ്യാന്‍മറിലെ റഖൈനില്‍ ഈ വര്‍ഷം ആഗസ്ത് 25മുതല്‍ സപ്തംബര്‍ അവസാനം വരെ കൊല്ലപ്പെട്ടവരുടെ കണക്കുകളാണ് എംഎസ്എഫ് പുറത്തുവിട്ടത്.

എന്നാല്‍, ഇക്കാലയളില്‍ 400 റോഹിന്‍ഗ്യര്‍ കൊല്ലപ്പെട്ടുവെന്നാണ് മ്യാന്‍മര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. മരണസംഖ്യ 6,700ലും വളരെ കൂടുതലായിരിക്കാന്‍ സാധ്യതയുള്ളതായി എംഎസ്എഫ് മെഡിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ സിഡ്‌നി വോങ് പറഞ്ഞു. ബംഗ്ലാദേശിലെ എല്ലാ അഭയാര്‍ഥി ക്യാംപിലും തങ്ങള്‍ സര്‍വേ നടത്തിയിരുന്നില്ല. മ്യാന്‍മറില്‍നിന്ന് ഇതുവരെ പുറത്തുകടക്കാന്‍ സാധിക്കാത്ത കുടുംബങ്ങളില്‍ നിന്നുള്ള വിവരങ്ങളും ലഭിച്ചില്ല. വീട്ടിനകത്ത് പൂട്ടിയിട്ട് കുടുംബത്തെ ഒന്നാകെ സൈന്യം തീക്കൊളുത്തിയതിനെക്കുറിച്ചുള്ള വിവരങ്ങള്‍ എംഎസ്എഫ് സംഘത്തിനു ലഭിച്ചതായും വോങ് പറഞ്ഞു. സൈന്യത്തിന്റെ ആക്രമണത്തെത്തുടര്‍ന്ന് ഈ വര്‍ഷം ആഗസ്ത് 25മുതല്‍ ഇതുവരെ 6.4 ലക്ഷത്തിലധികം റോഹിന്‍ഗ്യരാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. സൈന്യത്തിനു പുറമെ പോലിസും ഭൂരിപക്ഷ ബൗധ സായുധ സംഘങ്ങളും റോഹിന്‍ഗ്യര്‍ക്കെതിരായ ആക്രമണത്തില്‍ പങ്കാളികളായിരുന്നു.



വടക്കന്‍ റഖൈനിലെ മൗങ്‌ദോ ടൗണ്‍ഷിപ്പിനു സമീപമുള്ള തുല തോളി ഗ്രാമത്തിലാണ് ഏറ്റവും രൂക്ഷമായ തരത്തില്‍ റോഹിന്യഗ്യര്‍ക്കെതിരായ ആക്രമണങ്ങള്‍ നടന്നതെന്നാണ് കരുതുന്നത്. അവിടെനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച റോഹിന്‍ഗ്യരെ നദീതീരത്തുവച്ച് സൈന്യം വളയുകയും കൂട്ടമായി വെടിവച്ച് കൊല്ലുകയും ചെയ്തിരുന്നു.  തുലതോളിയില്‍ മാത്രം ആയിരക്കണക്കിന് റോഹിന്‍ഗ്യര്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് ഗ്രാമത്തില്‍നിന്ന് പലായനം ചെയ്ത് ബ്ംഗ്ലാദേശിലെ ക്യാംപുകളില്‍ കഴിയുന്ന അഭയാര്‍ഥികള്‍ അറിയിച്ചു. റഖൈനിലെ കൂട്ടക്കൊലകളെക്കുറിച്ച് ചില മനുഷ്യാവകാശ സംഘടനകളുടെയും മാധ്യമപ്രവര്‍ത്തകരുടെയും റിപോര്‍ട്ട് നേരത്തേ പുറത്തുവന്നിരുന്നു. അത്തരം റിപോര്‍ട്ടുകളോട് യോജിച്ചുപോവുന്നതാണ് എംഎസ്എഫ് പുറത്തുവിട്ട വിവരങ്ങള്‍. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളില്‍നിന്ന് മുമ്പ് ശേഖരിച്ച വിവരങ്ങള്‍ എംഎസ്എഫ് സ്ഥിരീകരിച്ചതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പ്രതികരിച്ചു. അന്താരാഷ്ട്ര സമൂഹത്തെ ഞെട്ടിപ്പിക്കുന്നതാണ് ഈ കണക്കുകള്‍. ഈ അതിക്രമങ്ങള്‍ക്കു പിന്നിലുള്ളവര്‍ക്കെതിരേ പ്രതികരണമുയരേണ്ടതുണ്ട്. അവര്‍ക്കെതിരേ ഉപരോധം ചുമത്താന്‍ ലോകരാജ്യങ്ങള്‍ മുന്നോട്ടുവരണമെന്നും സംഘടന ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it