malappuram local

ഒരു മാസം ജാഗ്രത തുടരും: മന്ത്രി കെ ടി ജലീല്‍

മലപ്പുറം: ജില്ലയില്‍ അടുത്ത ഒരു മാസം തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ കര്‍ശനമായ ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ.കെ ടി ജലീല്‍ നിര്‍ദേശിച്ചു. ജില്ലയില്‍ നടക്കുന്ന ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിപാ വൈറസ് ഭീഷണിയില്ലെങ്കിലും ജില്ലയില്‍ ആശങ്ക തീരുന്നതുവരെ ആരോഗ്യ വകുപ്പിന്റെ സൂക്ഷ്മ നിരീക്ഷണം നടക്കുന്നുണ്ട്. ഇത് തുടരും.
പകര്‍ച്ചപ്പനിയും ഡെങ്കിയും ചില ഭാഗങ്ങളില്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ്മയിലൂടെ ശുചിത്വ- ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കണം. ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്ന് തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ ഉറപ്പാക്കണം. തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ എല്ലാം ദിവസവും രാവിലെ ഏഴിന് ഓഫിസിലെത്തി പഞ്ചായത്ത് വാഹനം ഉപയോഗിച്ച് പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്നും മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. വാര്‍ഡുതല സാനിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ ദിവസവും വിലയിരുത്തണം. പഞ്ചായത്ത് സെക്രട്ടറിമാരും ഡോക്ടര്‍മാരും തമ്മില്‍ പഞ്ചായത്തിലെ ആരോഗ്യ പ്രവശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാത്ത അവസ്ഥ നലവിലുണ്ട്. ഇത് ഉടന്‍ പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യവകുപ്പ് ജീവനക്കാര്‍ വരുന്ന ഒരുമാസം കൂടുതല്‍ സമയം ജോലി ചെയ്യാന്‍ തയ്യാറാവണം. ഡോക്ടര്‍മാര്‍ വൈകീട്ട് അഞ്ചുവരെ പഞ്ചായത്ത് ആശുപത്രികളില്‍ ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. മുനിസിപ്പല്‍ സെക്രട്ടറിമാര്‍ മുനിസിപ്പല്‍ പരിധിയില്‍ തന്നെ താമസിക്കണമെന്ന് നിര്‍ദേശമുണ്ട്. ഇത് പാലിക്കുന്നുവെന്ന് ബന്ധപ്പെട്ട അധ്യക്ഷന്‍മാര്‍ ഉറപ്പാക്കണം. ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ഡ്യൂട്ടി സമയങ്ങളില്‍ അവര്‍ക്ക് അനുവദിച്ച യൂനിഫോം ധരിച്ചിരിക്കണം. ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് തടസ്സമല്ല. ആവശ്യമെങ്കില്‍ ശുചിത്വമിഷനും എന്‍എച്ച്എം വഴി ഫണ്ട് ലഭ്യമാക്കും. ഡോക്ടര്‍മാരുടെ ഒഴിവുള്ള ആശുപത്രികളില്‍ എന്‍എച്ച്എം വഴി ഡോക്ടര്‍മാരെ നിയമിക്കും.
ഡോക്ടറെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കാനുള്ള അധികാരം പഞ്ചായത്തുകള്‍ക്ക് നല്‍കിയത് നിര്‍ബന്ധമായും ഉപയോഗിക്കണം. നിപാ വൈറസ് മരണവുമായി ബന്ധപ്പെട്ട് ആശങ്കയുള്ള പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി പ്രത്യേകമായി മോണിറ്ററിങ് നടത്തി. മേഖലയിലെ സ്‌കൂള്‍ തുറക്കുന്നതിനുമുമ്പ് ഒരു മെഡിക്കല്‍ ടീമിനെ നിയോഗിച്ച് എല്ലാ വിദ്യാര്‍ഥികളെയും പരിശോധനയ്ക്ക് വിധേയമാക്കണം. ഇതിന് ബന്ധപ്പെട്ട അധ്യക്ഷന്‍മാര്‍ നേതൃത്വം നല്‍കണം. ആരോഗ്യ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപാരികള്‍, മതസംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിങ്ങനെ എല്ലാവരുടെ സഹകരണം ഉറപ്പാക്കണം. ആരോഗ്യ മേഖലയിലുള്‍പ്പെടയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പ്രത്യേക സോഫ്റ്റ് വെയര്‍ തയ്യാറായി വരുന്നതായി മന്ത്രി അറിയിച്ചു. ജൂണ്‍ അഞ്ചുമുതല്‍ ഇത് പ്രവര്‍ത്തിച്ചുതുടങ്ങും. ഫണ്ട് വിനിയോഗം ഉള്‍പ്പെടെയുള്ള ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എല്ലാ ദിവസവും ഈ സോഫ്റ്റ്‌വെയര്‍ വഴി അപ്‌ലോഡ് ചെയ്യണം.
ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് സോഫ്റ്റ്‌വെയര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന യോഗത്തില്‍ തദ്ദേശ സ്വയം രണ അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍ തുടങ്ങിയവരാണ് പങ്കെടുത്തത്. ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ സക്കീന, എന്‍എച്ച്എം മാനേജര്‍ ഡോ.എ ഷിബുലാല്‍, ഡപ്യൂട്ടി. ഡിഎംഒ മുഹമ്മദ് ഇസ്മായില്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ കെ മുരളീധരന്‍, പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി സത്യന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it