Flash News

'ഒരു മരക്കുറ്റിയില്‍ പിടിച്ചു; പിന്നെ കണ്ണു തുറന്നപ്പോ ...' കണ്ണീരടക്കാനാവാതെ ഫാത്തിമ

പൊന്നാനി: തോണി ഇളകിയപ്പോള്‍ ഞങ്ങള്‍ ഭയന്ന് ഒരു ഭാഗത്തേക്ക് ചെരിഞ്ഞു. അതോടെ തോണി ഒരു വശത്തേക്ക് മറിഞ്ഞു. ഞങ്ങള്‍ വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു. എനിക്ക് പിടിച്ചുനില്‍ക്കാന്‍ ഒരു മരക്കഷണം കിട്ടി. അലമുറയിട്ട് കരയാനല്ലാതെ മറ്റൊന്നും എനിക്ക് കഴിഞ്ഞില്ല.”ആറു പേര്‍ മരിച്ച തോണിയപകടത്തില്‍നിന്ന് രക്ഷപ്പെട്ട ഫാത്തിമയുടെ വാക്കുകള്‍. ഇപ്പോഴും ആ ഒമ്പത്കാരിയുടെ കണ്ണിലെ ഭീതി ഒഴിഞ്ഞിട്ടില്ല. കണ്ണടച്ചാലും തുറന്നാലും ആ കാഴ്ച മാത്രം. നിലവിളികള്‍. എല്ലാവരും ജീവനുവേണ്ടി പിടയുന്ന കാഴ്ച.
നീന്തല്‍ അറിയാത്ത ഫാത്തിമയ്ക്ക് രക്ഷയായത് കടവിലെ മരക്കുറ്റിയാണ്. അതില്‍ മുറുകെപ്പിടിച്ചു. നാട്ടുകാര്‍ ഓടിക്കൂടി പലരെയും കരയ്‌ക്കെത്തിച്ചു. ഒരു മണിക്കൂറോളം തിരഞ്ഞാണ് ഒരു കുട്ടിയെ  കണ്ടെടുക്കാനായത്. ഓടിക്കൂടിയ പലര്‍ക്കും നീന്തല്‍ അറിയാത്തതും മരണസംഖ്യ കൂടാന്‍ കാരണമായി. അപ്പോഴേക്കും ഫയര്‍ഫോഴ്‌സും രംഗത്തെത്തി. തോണിക്കാരന്‍ വേലായുധന്‍ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സ്വന്തം മകളുടെ ചേതനയറ്റ ശരീരം വെള്ളത്തില്‍നിന്ന് പുറത്തെടുത്ത ആ അമ്പത്തഞ്ചുകാരന്‍ കണ്ണീര്‍പോലും വറ്റി നിസ്സഹായനായി.
ആശുപത്രിയില്‍ ഉറ്റവരും ഉടയവരും നാട്ടുകാരും അലമുറയിട്ട് കരയുകയാണ്. ആര്‍ക്കും ആരെയും സമാധാനിപ്പിക്കാന്‍ കഴിയാത്തൊരവസ്ഥ. ആരാണ് മരിച്ചത്; രക്ഷപ്പെട്ടത് എന്നറിയാതെ തുടക്കത്തില്‍ നിസ്സഹായരായിരുന്നു എല്ലാവരും. മരണപ്പെട്ട വൈഷ്ണ തോണിക്കാരന്‍ വേലായുധന്റെ മകളാണ്. എടപ്പാളില്‍ പിജി വിദ്യാര്‍ഥിനിയാണ്. പലപ്പോഴും വൈഷ്ണ ഒറ്റയ്ക്ക് തോണി തുഴഞ്ഞുപോവാറുണ്ട്. ആ ധൈര്യത്തിലാണ് എല്ലാവരും പോയത്. അധികം വെള്ളമുള്ള ഭാഗമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപകടത്തിന്റെ കൃത്യമായ കാരണം ഇനിയും വ്യക്തമായിട്ടില്ല. വൈകീട്ട് എട്ടു മണിയോടെ ജില്ലാ പോലിസ് ചീഫ് ദേബേഷ്‌കുമാര്‍ ബെഹ്‌റയും ജനപ്രതിനിധികളും ആശുപത്രിയിലെത്തി. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍തന്നെ ആറു പേരുടെയും മൃതദേഹങ്ങള്‍ പൊതു ദര്‍ശനത്തിനു വച്ചു.
Next Story

RELATED STORIES

Share it