Readers edit

ഒരു പ്രിസൈഡിങ് ഓഫിസറുടെ അനുഭവങ്ങള്‍

ഈ വര്‍ഷത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫിസറായി സേവനമനുഷ്ഠിച്ച ഒരു വ്യക്തിയാണു ഞാന്‍. തിരഞ്ഞെടുപ്പ് ജോലിക്കു നിയോഗിക്കപ്പെട്ടതു മുതല്‍ കുറേപേരെങ്കിലും അത് ഒഴിവാക്കാന്‍ വിയര്‍പ്പൊഴുക്കുന്നവരാണ്. എന്നാല്‍, സര്‍വീസില്‍ ഒരു നിശ്ചിത എണ്ണം തിരഞ്ഞെടുപ്പ് ജോലി നിര്‍വഹിക്കുന്നവര്‍ക്ക് പ്രത്യേക സേവന/സാമ്പത്തിക ആനുകൂല്യങ്ങള്‍ അനുവദിച്ചാല്‍ തിരഞ്ഞെടുപ്പ് ജോലി ചോദിച്ചുവാങ്ങുന്ന ഒരവസ്ഥയിലേക്ക് എത്താന്‍ സാധ്യതയുണ്ട്. അതല്ലെങ്കില്‍ ശമ്പളം പറ്റുന്ന സംസ്ഥാനത്തെ എല്ലാ ഉദ്യോഗസ്ഥരും സര്‍വീസ് കാലയളവില്‍ രണ്ടുതവണയെങ്കിലും തിരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ നിര്‍ബന്ധമായും ചെയ്തിരിക്കണം എന്നു ബന്ധപ്പെട്ട സര്‍വീസ് നിയമങ്ങളില്‍ നിഷ്‌കര്‍ഷിക്കാവുന്നതാണ്.
ഒരു തിരഞ്ഞെടുപ്പിനും ഡ്യൂട്ടി ലഭിക്കാത്തവരെയും ഡ്യൂട്ടിയില്‍നിന്ന് ഒഴിവായവരെയും നിര്‍ബന്ധമായും അടുത്ത തിരഞ്ഞെടുപ്പില്‍ ഡ്യൂട്ടിക്കു നിയോഗിച്ചാല്‍ തുടര്‍ച്ചയായി ഒരാള്‍ക്കു തന്നെ ഡ്യൂട്ടി വരുന്ന അവസ്ഥ ഒഴിവാക്കാന്‍ സാധിക്കും. പോളിങ് ഉദ്യോഗസ്ഥരായും പോളിങ് ഏജന്റുമാരായും സ്ത്രീകളെ തന്നെ നിയോഗിക്കാവുന്നതാണ്. സ്ത്രീസമത്വവും സംവരണവും ആവശ്യപ്പെടുന്ന കാലത്ത് ഈ ഡ്യൂട്ടിയില്‍നിന്ന് അവരെ മാറ്റിനിര്‍ത്തേണ്ട ആവശ്യമില്ല.
ഡ്യൂട്ടിയില്‍ ഞാന്‍ അനുഭവിച്ച ഒരു പ്രശ്‌നം ഓപണ്‍ വോട്ടാണ്. എഴുത്തും ചിഹ്നവും കാണിച്ചുകൊടുത്ത് കാഴ്ച പരിശോധിക്കാനേ പ്രിസൈഡിങ് ഓഫിസര്‍ക്കു നിര്‍വാഹമുള്ളു. എന്നാല്‍, ആദിവാസി മേഖലയില്‍ വായിപ്പിക്കല്‍ പ്രായോഗികമല്ല എന്നതിനാല്‍ അവര്‍ പറയുന്നത് വിശ്വസിക്കുകയേ നിര്‍വാഹമുള്ളൂ.
ഇതിനൊരു പരിഹാരം എന്ന നിലയില്‍ ഇത്തരം വോട്ടര്‍മാര്‍ ഒരു സിവില്‍ സര്‍ജനില്‍നിന്നു വാങ്ങിയ കാഴ്ച/അവശത സംബന്ധമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിഷ്‌കര്‍ഷിക്കാവുന്നതാണ്. അല്ലെങ്കില്‍ ഇത്തരം വോട്ടര്‍മാര്‍ക്ക് പ്രത്യേകം ബാലറ്റില്‍ വോട്ട് രേഖപ്പെടുത്താന്‍ സൗകര്യം നല്‍കാം.
17 ഓപണ്‍ വോട്ടുകള്‍ രേഖപ്പെടുത്തപ്പെട്ടപ്പോള്‍ തന്നെ അതിന്റെ നിജസ്ഥിതി അറിയാനും അവരെക്കൊണ്ട് സത്യപ്രസ്താവന തയ്യാറാക്കിക്കാനും പ്രത്യേക ഫോറത്തില്‍ ഒപ്പുവയ്പിക്കാനും ചെലവാക്കിയ സമയവും പ്രയത്‌നവും എനിക്കേ അറിയൂ. അപ്പോള്‍ കണ്ണൂരില്‍ സംഭവിച്ചപോലെ 100 ഓപണ്‍ വോട്ടുകള്‍ വന്ന ബൂത്തിലെ പ്രിസൈഡിങ് ഓഫിസര്‍ അനുഭവിച്ച ക്ലേശങ്ങള്‍ ഊഹിക്കാവുന്നതാണ്.
കോടികള്‍ ചെലവാക്കുന്ന ഒരു പ്രക്രിയയാണ് തിരഞ്ഞെടുപ്പ്. എന്നാല്‍, അതിനു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കു ലഭിക്കുന്ന ഓണറേറിയം വളരെ തുച്ഛമാണ്. എട്ടു മണിക്കൂര്‍ ജോലിക്ക് മറുനാടന്‍ തൊഴിലാളികള്‍ക്കുപോലും 800 രൂപ വരെ ലഭിക്കുമ്പോള്‍ ഗസറ്റഡ് ഉദ്യോഗസ്ഥരായ പ്രിസൈഡിങ് ഓഫിസര്‍ക്ക് 48 മണിക്കൂര്‍ ടെന്‍ഷന്‍ നിറഞ്ഞ ജോലിക്ക് ലഭിക്കുന്നത് വെറും 1,000 രൂപ. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യങ്ങളെല്ലാം അടിയന്തരമായി പുനപ്പരിശോധിക്കേണ്ടതുണ്ട്.

ആബിദ് തറവട്ടത്ത്
അരീക്കോട്‌
Next Story

RELATED STORIES

Share it