Flash News

ഒരു പ്രധാനമന്ത്രിയും കേരളത്തെ ഇങ്ങനെ അപമാനിച്ചിട്ടില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം/കൊച്ചി: കേരളത്തിന്റെ കാതലായ ആവശ്യം ഉന്നയിക്കുന്നതിനെത്തിയ സര്‍വകക്ഷി സംഘത്തിനു മുന്നില്‍ രാഷ്ട്രീയം കളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ സംസ്ഥാനത്തെ അപമാനിച്ചിട്ടില്ല.
കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിച്ചാണ് സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണാനെത്തിയത്. പ്രധാനമന്ത്രിയുടെ പാര്‍ട്ടിയായ ബിജെപിയുടെ പ്രതിനിധി ഉള്‍െപ്പടെ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികള്‍ സംഘത്തില്‍ ഉണ്ടായിരുന്നു. അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയാണ്. അദ്ദേഹം കൂടി ഉള്‍പ്പെട്ട കേന്ദ്ര മന്ത്രിസഭയ്ക്ക് മുന്നിലേക്കാണ് പരാതിയുമായി സര്‍വകക്ഷി സംഘമെത്തിയത്. ആ നിലയ്ക്ക് മന്ത്രിയായ കണ്ണന്താനത്തെ സംഘത്തില്‍ ഉള്‍പ്പെടുത്തുന്നതെങ്ങനെയാണെന്നും രമേശ് ചോദിച്ചു. സര്‍വകക്ഷി സംഘത്തിന് നല്‍കാത്ത ഉറപ്പുകള്‍ കണ്ണന്താനത്തിന് നല്‍കിയതും കണ്ണന്താനം അതു വാര്‍ത്താസമ്മേളനം വിളിച്ച് പ്രഖ്യാപിച്ചതും തരംതാണ രാഷ്ട്രീയക്കളിയായിപ്പോയി. ഒരു പ്രധാനമന്ത്രിക്ക് ചേര്‍ന്ന നടപടിയല്ല ഇതൊന്നുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സര്‍വകക്ഷി സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ ബിജെപി തന്ന ലിസ്റ്റില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പേര് ഇല്ലായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എ എന്‍ രാധാകൃഷ്ണന്റെ പേരാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്കുള്ളിലെ പ്രശ്‌നങ്ങളാണോ ഇതിന് കാരണമെന്ന ചോദ്യത്തിന്, സ്വാഭാവികമായും അതായിരിക്കാമെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. അതേസമയം, കേരളത്തിന്റെ നിവേദനത്തിന് മറുപടിയായി പറഞ്ഞതെന്ന് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാക്കളും പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
മോദി സര്‍ക്കാര്‍ സംസ്ഥാനത്തിന് ചെയ്യുന്നതിന്റെ കണക്കെടുത്താല്‍ കേരളപ്പിറവിക്കുശേഷം ഇത്രയേറെ കേന്ദ്രസഹായം ലഭിച്ച കാലമുണ്ടായിട്ടില്ലെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കേരളത്തില്‍ സര്‍ക്കാരിന്റെ അലംഭാവംമൂലം മുടങ്ങിക്കിടക്കുന്ന പദ്ധതികളെക്കുറിച്ച് വിശദമായ റിപോര്‍ട്ട് തയ്യാറാക്കി കേന്ദ്രഫണ്ട് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ച നിവേദനം വേണ്ടത്ര പഠനം നടത്താതെ തട്ടിക്കൂട്ടിയതായിരുന്നുവെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു,
Next Story

RELATED STORIES

Share it