Articles

ഒരു പുതിയ കവയിത്രിയെ അടുത്തറിയാന്‍...

ഒരു പുതിയ കവയിത്രിയെ അടുത്തറിയാന്‍...
X


വെട്ടും തിരുത്തും  / പി എ എം ഹനീഫ്

1979 കാലത്ത് എനിക്കൊരു മഞ്ഞ തപാല്‍ കവര്‍ കിട്ടി. എന്റെ പേരും സ്ഥലനാമവും മാത്രം. ആകാംക്ഷയോടെ ഞാന്‍ കവര്‍ പൊളിച്ചു. മഹാനായ എം ഗോവിന്ദന്റെ കത്താണ്.
'പ്രിയപ്പെട്ട ഹനീഫ്,
മാതൃഭൂമി, കലാകൗമുദി, കുങ്കുമം രചനകള്‍ ഞാന്‍ വായിക്കാറുണ്ട്. എനിക്കിഷ്ടമാവാറുമുണ്ട്. ധാരാളം വായിക്കുക. കുറച്ച് എഴുതുക. മദിരാശി വഴി യാത്ര ഉണ്ടെങ്കില്‍ വീട്ടില്‍ വരണം. ഒരുനാള്‍ തങ്ങണം.
സ്വന്തം,
എം ഗോവിന്ദന്‍.'
ഞാന്‍ അമ്പരന്നു. എം ഗോവിന്ദന്‍ എന്നെ പ്രോല്‍സാഹിപ്പിച്ച് എഴുതുകയോ? കമ്പി തപാല്‍ വകുപ്പില്‍ ഓഡിറ്ററായി ആ ദിവസങ്ങളില്‍ കടമ്മനിട്ട രാമകൃഷ്ണന്‍ കാസര്‍കോട്ടുണ്ട്. കത്ത് കടമ്മനെ ഞാന്‍ കാണിച്ചു. കടമ്മന്‍ ഉഷാറാക്കി: ''വേറാരുടെ പിന്തുണയും വേണ്ട. ഹനീഫയ്ക്കിനി ഉഷാറായി എവിടെയും എഴുതാം.''
എനിക്ക് അതൊക്കെ വഴിതെറ്റി ഇരുട്ടത്തു നടന്ന ഏകാന്തപഥികനുള്ള വഴിവെളിച്ചങ്ങളായിരുന്നു. ഇന്നും ഞാന്‍ എഴുത്തിലുണ്ട്. അക്ഷരവിദ്യയാണ് എനിക്കും കുടുംബത്തിനും അന്നം നല്‍കുന്നത്.
ഈ പഴയപുരാണം ഇപ്പോള്‍ പറയാന്‍ കാരണം എം ഗോവിന്ദന്‍ എന്നെ മുന്‍പരിചയം ഒന്നുമില്ലാതെ കണ്ടെത്തിയതുപോലെ ഞാനൊരു കവിയെ കണ്ടെത്തി. ഫേസ്ബുക്കിലൂടെയാണ് ആ കവിത, മറ്റ് എഴുത്തുകള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടത്.
'വേവു പാകം' കവിതയില്‍ കവയിത്രി എഴുതുന്നു:
''മനസ്സില്‍ കവിത പെയ്യുന്നത്
മീന്‍, കറിയില്‍ മുക്കുമ്പോഴായിരിക്കും...
കറിയുടെ പാകം കാത്ത്
കവിതാപുസ്തകത്തിനു മുന്നില്‍
ഇരുന്നപ്പോള്‍
പെയ്യുന്നത് കവിതയല്ല
കരിഞ്ഞുണങ്ങിയ പ്രതീക്ഷകള്‍...
വേവു പാകത്തില്‍ വിളമ്പാതിരുന്ന
മീന്‍കറി പോലെ
എന്റെ കവിതയും...''
ഈ കവിതയില്‍ ആഴമേറെയുള്ള ചില പ്രതിധ്വനികള്‍ ഉണ്ട്. കമല സുരയ്യ ഒരിക്കലെഴുതി: നല്ല ഇടിവെട്ടുള്ള രാത്രികളില്‍ പുലര്‍ച്ചെ വേലിക്കരികില്‍ പോഷകസമൃദ്ധമായ കൂണുകള്‍ മുളയ്ക്കും. അതുപോലെയാണ് എന്നില്‍ കവിത തികച്ചും യാദൃച്ഛികമായി മുളപൊട്ടുക.
സുഫീറ എരമംഗലം എന്ന പൊന്നാനി കവയിത്രി യാദൃച്ഛികമായാണ് എന്റെ ശ്രദ്ധയില്‍പ്പെട്ടത്. പുസ്തകങ്ങളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാല്‍, ചില കവിതകളെങ്കിലും എന്നെ ശരിക്കും കരള്‍ പൊള്ളിച്ച അവസ്ഥയിലാക്കി. 'ആത്മം' എന്ന കവിത എന്നെ വിക്ഷുബ്ധനാക്കി.
''യന്ത്രയുഗത്തിലിരുന്ന്
നീയെന്നെ കൊഞ്ഞനം കുത്തുന്നു.
എന്റെ മന്ത്രണങ്ങളില്‍ നീയിന്ന്
അനഭിലഷണീയം കാണുന്നു...
ആമാശയങ്ങളെ ഊട്ടുവാന്‍ വെമ്പുമ്പോള്‍ ആശയങ്ങളുടെ ഊട്ടുപുരയില്‍
സ്വയം വേവുന്നു...''
ഈ കവിത ഞാന്‍ കവി സച്ചിദാനന്ദന് മെയില്‍ ചെയ്തു. കാരണം, സച്ചി ഈ കവിതകള്‍ പഠിച്ച് ഒരു അവതാരിക എഴുതി ഇവളെ മലയാള കാവ്യലോകത്ത് പ്രതിഷ്ഠിക്കണം.
ഇനിയുമുണ്ട് കവിതകള്‍. എംഇഎസ് പൊന്നാനിയില്‍ നിന്ന് വിദ്യ കഴിഞ്ഞ് വിവാഹജീവിതത്തില്‍ കയറിയതും ഈ കവിയുടെ കൂമ്പടഞ്ഞു എന്നു വിശ്വസിക്കാനാണെനിക്കിഷ്ടം. ഇപ്പോള്‍ സോഷ്യല്‍ വര്‍ക്കറില്‍ ജോലി ചെയ്യുന്നു.
പൊന്നാനിയില്‍ ടാക്കീസില്‍ പോയി 'ആമി' കണ്ടിട്ട് സുഫീറ എഫ്ബിയിലെഴുതുന്നു: ''കേരളീയ പരിസരത്തിന്റെ സാംസ്‌കാരിക അച്ചടക്കം പാലിച്ചുകൊണ്ടുതന്നെ കമല്‍ കമലയെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇതൊരു ശ്ലഥ ചിത്രം മാത്രമാണ്. അപാരമായ ഒഴുകിപ്പരക്കലുകളുള്ള ആ നക്ഷത്രവെളിച്ചത്തിന്റെ നൈര്‍മല്യത്തെ, കഥകളിലും കവിതകളിലും അനന്തതയുടെ അസ്ത്രചിഹ്നങ്ങളിട്ട ആ സ്‌നേഹാര്‍ഥിനിയുടെ തരള സൗന്ദര്യത്തെ, അവരുടെ പ്രതിഭാഭാരത്തെ താങ്ങുവാനുള്ള ആസ്വാദനക്ഷമതയില്ലാത്ത കേരളത്തിന് അവരുടെ ആത്മീയ സര്‍ഗത്തെയും താങ്ങുവാനായില്ല എന്ന് ഹാദിയാനന്തര കാലത്തെ ഈ സിനിമ അടയാളപ്പെടുത്തുന്നു...''
കുറിപ്പിന്് ഇനിയുമുണ്ട് ദൈര്‍ഘ്യം. എം ഗോവിന്ദന്റെ ഒരു ഉപദേശം ഞാന്‍ അനുസരിക്കുന്നു. ആരാലും ശ്രദ്ധിക്കപ്പെടാത്ത നിരവധി പ്രതിഭകള്‍ പ്രത്യേകിച്ചും പെണ്ണാളുകള്‍ നമുക്കിടയിലുണ്ട്. അവരെ യഥാര്‍ഥ ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കണം. ഒന്നും നേടാനല്ല. സുഫീറയുടെ സര്‍ഗാത്മകത കേരളം തിരിച്ചറിയാന്‍ അവളെ കേരളത്തിലെ എല്ലാ പ്രസാധകര്‍ക്കും എഡിറ്റര്‍മാര്‍ക്കും മുന്നില്‍ ഞാന്‍ നിര്‍ത്തുന്നു. ഒരു രാജലക്ഷ്മി, ചിലനേരം കവിതകളില്‍ ഒരു ചിത്രകാരി പത്മിനി പലരും സുഫീറയുടെ രചനകളില്‍ നിറയുന്നു.
അവതാരികയോ ആമുഖമോ ആവശ്യമില്ലാതെ മലയാളം ഈ എഴുത്തുകാരിയെ സ്വീകരിക്കട്ടെ. പൊന്നാനി സ്‌കൂളില്‍ നിന്നു വന്ന ഉറൂബ് മുതല്‍ രാമനുണ്ണി വരെ സാഹിത്യഗോപുരങ്ങളില്‍ നാട്ടിയ പതാക ഇവളും ഏറെ ഉയരത്തില്‍ നാട്ടും. നാട്ടട്ടെ. സുഫീറാ, ദീര്‍ഘായുസ്സും സര്‍ഗാത്മകതകളും ആഴത്തിലാഴത്തില്‍ ഉറവയെടുക്കാന്‍ ജഗദീശ്വരന്‍ പ്രാപ്തിനല്‍കട്ടെ. പൊന്നാനി സാഹിത്യ സ്‌കൂളില്‍ നീയാവട്ടെ ഇനി നവീന പാട്ടുകാരി.       ി
Next Story

RELATED STORIES

Share it