ഒരു ദല്ലാള്‍ അഴിഞ്ഞാടുമ്പോള്‍

ഒരു ദല്ലാള്‍ അഴിഞ്ഞാടുമ്പോള്‍
X
slug-a-bരഥയാത്ര നടത്തുകയും ബാബരി പള്ളി പൊളിക്കാന്‍ 'കര്‍സേവ'യ്ക്കു പ്രചോദനമാവുകയും ചെയ്ത നടപടിക്ക് അഡ്വാനിക്കെതിരേ ചുമത്തിയ വകുപ്പ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153(എ) ആയിരുന്നു. വ്യത്യസ്ത ജാതി-മത-ഭാഷ-ലിംഗാദി ജനവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയും ഭിന്നിപ്പുമുണ്ടാക്കുന്നതിനെതിരേയുള്ള വകുപ്പ്.
ഒരു തര്‍ക്കവസ്തു പോലുമില്ലാത്ത സാഹചര്യത്തില്‍ വ്യക്തമായ വര്‍ഗീയ വിഭജനം ഉന്നമിട്ട് ഒരാള്‍ 'രഥയാത്ര' നടത്തിയാലോ? യാത്രയില്‍ ഉടനീളം മതപരമായ ഭിന്നിപ്പിനു പച്ചയായി ആഹ്വാനം ചെയ്താലോ? വെള്ളാപ്പള്ളി നടേശന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം കേവലമായ രാഷ്ട്രീയക്കളിയുടെ ഭാഗമായി മാത്രം ഒതുക്കിക്കണ്ട് കണ്ണടയ്ക്കാവുന്ന ഏര്‍പ്പാടാണോ?
വര്‍ഗീയ വിഭജനം നടത്തി വോട്ടുജയം തരപ്പെടുത്തുന്ന തന്ത്രം ബിജെപി എന്ന കക്ഷി ഏതാണ്ടൊരു സ്ഥിരം പംക്തിയാക്കിയിട്ട് കാലം കുറേയായി. ഗുജറാത്ത് തൊട്ട് ഒടുവില്‍ ബിഹാര്‍ വരെ അതിനു പല പ്രകാരേണ സാക്ഷ്യം വഹിച്ചു. ഫലങ്ങളില്‍ വ്യത്യാസമുണ്ടാവുമ്പോഴും തന്ത്രത്തിനു മാറ്റമൊന്നുമില്ല. ഈ തന്ത്രത്തിനു പ്രായേണ മൈലേജ് കുറഞ്ഞ പ്രദേശങ്ങളിലൊന്നാണ് കേരളം. ജാതി-മതവര്‍ഗീയതയ്ക്ക് കുറവുള്ളതുകൊണ്ടല്ല. വോട്ടുരാഷ്ട്രീയത്തില്‍ ഏറ്റക്കുറച്ചിലുകളോടെ അത് പങ്കു വഹിക്കാറുണ്ടെങ്കിലും ഉത്തരേന്ത്യയെപ്പോലെ പച്ചയായ വിഭജനത്തിലേക്ക് ഈ ദേശത്തെ തുരന്നെടുക്കാന്‍ അതിനു കഴിഞ്ഞിട്ടില്ല. നവോത്ഥാന മൂല്യങ്ങള്‍, ഇടതുപക്ഷ ആശയങ്ങള്‍, വിദ്യാഭ്യാസം, ന്യൂനപക്ഷങ്ങളുടെയും അധഃസ്ഥിതരുടെയും താരതമ്യേന (മറ്റ് ഇന്ത്യന്‍ പ്രദേശങ്ങളുമായി തുലനം ചെയ്യുമ്പോള്‍) മെച്ചപ്പെട്ട ജീവിതനിലവാരം, മാധ്യമസ്വാധീനം തുടങ്ങി പല കാരണങ്ങളുണ്ട് അതിന്.
മുമ്പ് ഇമ്മാതിരി ഒരു ചലനമുണ്ടായത് വിമോചനസമരം എന്ന ഓമനപ്പേരില്‍ സവര്‍ണ ഹിന്ദു-ക്രിസ്ത്യാനി-മുസ്‌ലിം സമന്വയത്തില്‍ ഇവിടത്തെ ഇടതുപക്ഷ ഭരണത്തിനെതിരേയാണ്. കമ്മ്യൂണിസ്റ്റുകള്‍ കേരളത്തെ അറബിക്കടലില്‍ താഴ്ത്തുന്നുവെന്നു പറഞ്ഞു നാട്ടില്‍ ഉണ്ടാക്കിയ കലാപാന്തരീക്ഷത്തിലെ യഥാര്‍ഥ ചേതോവികാരം അധഃസ്ഥിതരാക്കപ്പെട്ട ജനവിഭാഗങ്ങള്‍ അധികാരികളാവുന്നതിന്റെ കലശലായ ചൊറിച്ചിലായിരുന്നു. ഭൂപരിഷ്‌കരണം തൊട്ട് അവര്‍ ഉദ്യമിച്ച കാതലായ സാമൂഹിക മാറ്റങ്ങള്‍ക്കു തടയിടാനുള്ള വ്യഗ്രതയും. ദോഷം പറയരുതല്ലോ, ഭരണരാഷ്ട്രീയത്തില്‍ ബാലാരിഷ്ടത മാറിയിട്ടില്ലാത്ത സഖാക്കള്‍ ഈ അസംബന്ധ നാടകത്തില്‍ തങ്ങളാലാവുന്ന സംഭാവനയും നല്‍കി.
പര്‍ദയിട്ട വര്‍ഗീയതയുടെ ടി ആട്ടക്കലാശം കൊണ്ട് രണ്ടു കാര്യങ്ങള്‍ സംഭവിച്ചു: ഒന്ന്, ഇപ്പറഞ്ഞ ജാതി-മതകൂട്ടായ്മകള്‍ കേരള രാഷ്ട്രീയത്തില്‍ പ്രബലരായി. രണ്ട്, വിമോചന സമരം എന്ന ഉണ്ട വിഴുങ്ങി പുറത്തുപോകേണ്ടിവന്ന ഇടതുപക്ഷത്തിന് ഉണ്ടപ്പേടി പിടിപെട്ടു. അഥവാ അവര്‍ ഈ പ്രതിയോഗി യാഥാര്‍ഥ്യത്തോട് സമരസപ്പെട്ട് സ്വന്തം രാഷ്ട്രീയത്തില്‍ വെള്ളം ചേര്‍ത്തു. ഇതിനെ പാര്‍ലമെന്ററി വ്യാമോഹമായി പരിഹസിക്കുന്നവരുണ്ട്.
സത്യത്തില്‍ ഈ ചുവടുമാറ്റം ഇടതുപക്ഷത്തെ സംബന്ധിച്ച് നിലനില്‍പിന്റെ പ്രശ്‌നമായിരുന്നു. അധികാരത്തില്‍ നിന്നു സ്ഥിരമായി അകറ്റിനിര്‍ത്തപ്പെടുന്നത് ആത്യന്തികമായി കേരളത്തില്‍ തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങള്‍ക്ക് ആത്മഹത്യാപരമാണെന്ന് അവര്‍ കണക്കുകൂട്ടി. ഈ നിലപാടാണ് പല കോംപ്രമൈസുകളിലേക്കും അവരെ കൊണ്ടെത്തിച്ചത്. ഇടതുപക്ഷത്തെ ഈ ഒത്തുതീര്‍പ്പുകളുടെ പേരില്‍ കുറ്റപ്പെടുത്തുന്നവര്‍ കണ്ണടച്ചുവിടുന്ന മറുവശമുണ്ട്: അധികാരം കൈപ്പിടിയില്‍ നിര്‍ത്താന്‍ പരമ്പരാഗത ശക്തിവര്‍ഗങ്ങള്‍ സമാന കോംപ്രമൈസുകളില്‍ ഏര്‍പ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ ഗ്രാമസഭാ തിരഞ്ഞെടുപ്പില്‍ പോലും അതല്ലേ കണ്ടത്?
ചുരുക്കത്തില്‍, കേരള രാഷ്ട്രീയം ഒത്തുതീര്‍പ്പുകളുടെ അങ്കത്തട്ടാണ്. യഥാര്‍ഥത്തില്‍ ഈ സന്ധിസമരസങ്ങളുടെ പൊതുസാമൂഹികാന്തരീക്ഷമാണ് എല്ലാതരം ചേകവന്മാരുടെയും വാള്‍മുനയൊടിച്ച് സകലരെയും പാര്‍ലമെന്ററി പാതയിലേക്കു വഴറ്റിയെടുക്കുന്നത്. അഥവാ, ഏതിനം പ്രത്യയശാസ്ത്ര ഘടാഘടിയന്മാരെയും ജനാധിപത്യവല്‍ക്കരിക്കാന്‍ ഇവിടത്തെ പൊതുഅന്തരീക്ഷത്തിനു കഴിയുന്നു. ഈ മുനയൊടിയല്‍ പ്രക്രിയക്ക് സമൂഹം വില കൊടുക്കേണ്ടിവരുന്നുണ്ട് എന്നതു ശരി തന്നെ. അഴിമതി തൊട്ട് സമരപ്രഹസനങ്ങള്‍ വരെ പലതും. അതേസമയം, വിദ്യാഭ്യാസം തൊട്ട് ആയുര്‍ദൈര്‍ഘ്യം വരെ പല സാമൂഹിക സൂചികകളിലും സംസ്ഥാനം മേല്‍നിലയില്‍ എത്തുകയും ചെയ്യുന്നു. അക്കൊമൊഡേറ്റീവ് രാഷ്ട്രീയത്തിന്റെ ചേതവും ഗുണവുമാണ് ഇതൊക്കെ. സ്വാഭാവികമായും അത്തരമൊരു അന്തരീക്ഷത്തില്‍ വര്‍ഗീയതയ്ക്കും മുനയൊടിഞ്ഞു സമരസപ്പെട്ടുപോകാനേ നിവൃത്തിയുള്ളൂ.
ഈ പശ്ചാത്തലത്തിലാണ് നടേശന്റെ സമത്വമുന്നേറ്റ യാത്ര. വര്‍ഗീയ വിഭജനമല്ലാതെ ഇവിടെ മറ്റ് ആയുധങ്ങള്‍ക്കു പാങ്ങില്ലാത്ത ബിജെപിയെ സംബന്ധിച്ച് അവര്‍ ചിരകാലമായി മോഹിക്കുന്ന ദല്ലാള്‍ മാത്രമാണ് നടേശന്‍. ടിയാന്‍ അനുഷ്ഠിക്കുന്ന ദല്ലാള്‍പ്പണി നോക്കുക. കാസര്‍കോട്ട് യാത്ര തുടങ്ങുമ്പോള്‍ തന്നെ അജണ്ട സ്പഷ്ടമാക്കുന്നു: ''വേല ചോദിച്ചു വീട്ടില്‍ വന്നവന്‍ ഒടുവില്‍ ഇപ്പോള്‍ വീട്ടുകാരനായിരിക്കുന്നു; യഥാര്‍ഥ വീട്ടുകാരന്‍ വേലക്കാരനും.'' ഇരയാക്കപ്പെട്ട വീട്ടുകാരന്‍ ഭൂരിപക്ഷ മതവും ചൂഷകന്‍ ന്യൂനപക്ഷ മതങ്ങളും, വിശേഷിച്ച് മുസ്‌ലിംകള്‍ എന്നു ദല്ലാള്‍ വിശദീകരിക്കുന്നുമുണ്ട്.
എന്നുവച്ചാല്‍, കേരളത്തിന്റെ യഥാര്‍ഥ ഉടമകള്‍ ഹിന്ദുക്കളും മറ്റുള്ളവര്‍ വരത്തന്മാരുമാണെന്നല്ലേ പച്ചയ്ക്കു പറയുന്നത്? തൊഗാഡിയമാരും പ്രാചിമാരും ശോഭാ സുരേന്ദ്രന്മാരും ഇതു നിരന്തരം പറഞ്ഞുനടക്കുമ്പോള്‍ കണ്ണടച്ച നിയമപാലകര്‍ നടേശന്റെ നാവേറിനും കണ്ണടയ്ക്കുന്നു. ഇതില്‍പരം ഒരു ഭരണഘടനാ വിരുദ്ധതയും നിയമലംഘനവുമുണ്ടോ? ആളെണ്ണം നോക്കാതെ എല്ലാവരെയും തുല്യരായി കണക്കാക്കുന്ന ഭരണഘടനാ ജനാധിപത്യമുള്ള ഒരു നാട്ടിലാണ് ഒരു കൂട്ടം പൗരന്മാര്‍ വരത്തന്മാരാണെന്ന് ഒരുത്തന്‍ മൈക്കു വച്ച് പറഞ്ഞുപരത്തുന്നത്. അഹിന്ദുക്കളാണ് കേരളത്തിലെ ഹിന്ദുക്കളുടെ ഉയര്‍ച്ചയ്ക്ക് പാരയെന്നാണ് നടേശന്റെ കണ്ണൂര്‍പ്രസംഗത്തിന്റെ അടിവര.
നടേശനെന്നല്ല ആര്‍ക്കും യാത്രകള്‍ നടത്താം. അതിപ്പോ വിനോദയാത്രയായാലും രാഷ്ട്രീയ സംഘാടന യാത്രയായാലും. പ്രശ്‌നം യാത്രികന്റെ ഇംഗിതമാണ്. ജാതിസംഘടനാ നേതാവിന് രാഷ്ട്രീയകക്ഷി ഉണ്ടാക്കാന്‍ യാത്ര നടത്താം. അതിന്റെ രാഷ്ട്രീയ ഉള്ളടക്കം വിശദീകരിക്കാനും അവകാശമുണ്ട്. നടേശന്‍ തന്റെ യാത്രയ്ക്കു മുന്നോടിയായി ഇറക്കിയ വിശദീകരണ നോട്ടീസ് നോക്കുക. അക്കമിട്ടു നിരത്തിയ ചേതോവികാരങ്ങളില്‍ രണ്ടെണ്ണം പച്ചയായ ന്യൂനപക്ഷ വിരുദ്ധതയാണ്. മൊത്തത്തിലെടുത്താല്‍ അസന്ദിഗ്ധമായ ഭൂരിപക്ഷ മതരാഷ്ട്രീയമാണ് പ്രഖ്യാപിത ലക്ഷ്യം.
അതിനു യാത്രയിലുടനീളം നടേശന്‍ പറയുന്ന ന്യായം, കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ഇവിടത്തെ ഭൂരിപക്ഷ സമുദായത്തെ ചൂഷണം ചെയ്തു വികസിക്കുന്നു എന്നാണ്. എങ്ങനെ, ഏതൊക്കെ മേഖലയില്‍, എപ്രകാരം എന്നതിനു കണക്കോ പഠനത്തെളിവോ ഒരിടത്തും ഹാജരാക്കുന്നുമില്ല. എമ്പിരിക്കലായ ഒരു വസ്തുതയും നിരത്താതെ കാടടച്ചു വെടിയുതിര്‍ക്കുന്നതിനര്‍ഥം തന്നെ വൈകാരികത കുത്തിയിളക്കുക എന്നതാണ് ഇംഗിതം എന്നാണ്. ഇങ്ങനെ കുത്തിയിളക്കപ്പെടുന്ന വൈകാരികത മതപരമാണെന്നിരിക്കെ പ്രശ്‌നം കേവലമായ വര്‍ഗീയ വിഭജനമാകുന്നു.
ഇനി ഈ വര്‍ഗീയ സംഘാടനത്തില്‍ ദല്ലാളിനുള്ള ന്യായീകരണയുക്തി എടുക്കുക. 'കേരളത്തില്‍ ജാതി-മതവര്‍ഗീയതയുണ്ട്. മറ്റുള്ളവര്‍ മൂടിവയ്ക്കുമ്പോള്‍ താന്‍ അതു സത്യസന്ധമായി തുറന്നുപറയുന്നു' എന്നാണ് ഏതാണ്ടൊരു മഹാകാര്യമെന്ന മട്ടില്‍ തട്ടിവിടുന്നത്. 'കുടിക്കാന്‍ ആളുണ്ട്, വില്‍ക്കാന്‍ ലൈസന്‍സുണ്ട്, അതുകൊണ്ട് താന്‍ ചാരായം വിറ്റ് കാശുണ്ടാക്കി മുതലാളിയായി. എന്താ, ഞാന്‍ മിടുക്കനല്ലേ' എന്നാണ് പണ്ട് നടേശന്‍ ചോദിച്ചുനടന്നിരുന്നത്.
നടേശന്‍ രാഷ്ട്രീയനേതാവല്ല. അതുകൊണ്ടുതന്നെ ഒരു രാഷ്ട്രീയപ്രസ്ഥാനത്തോടോ അതുവഴി ജനവിഭാഗങ്ങളോടോ ഉത്തരവാദിത്തമില്ല. നാളെ ഉണ്ടാക്കാന്‍ പോകുന്ന പുതിയ പാര്‍ട്ടിയുടെ കാര്യമെടുത്താലും ഭൂരിപക്ഷ സമുദായ പാര്‍ട്ടിയാവുന്നില്ല. ആ റോളില്‍ ബിജെപിയുണ്ട്. ബിജെപിക്ക് ഉത്തോലകമായ ഒരു കൂട്ടായ്മ ഒരുക്കലാണ് ദല്ലാളിന്റെ ചുമതല. നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് അതിന്റെ ഗുണം കിട്ടിയാലും ഇല്ലെങ്കിലും ദല്ലാളിന് ഒരു ചുക്കുമില്ല. ഇതാണ് സാമൂഹികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തമില്ലാത്തതുകൊണ്ടുള്ള ഗുണം. അതേസമയം, ഈ ഉത്തരവാദിത്തരഹിതമായ പ്രവൃത്തി മൂലം പൊതുസമൂഹത്തില്‍ വേണ്ടത്ര രോഗാതുരത അതിനകം വന്നുകഴിയുകയും ചെയ്യും.
നടേശന്റെ യാത്രയ്ക്ക് തിരുവനന്തപുരത്ത് കര്‍ട്ടനിടുമ്പോള്‍ ടിയാന്റെ ഇംഗിതം ഏശിയില്ലെന്നു പറഞ്ഞു പരിഹസിക്കാം. ഏശിയെന്നു നടേശപക്ഷത്തിനു വമ്പു പറയാം. പ്രശ്‌നം ഏശിയോ ഇല്ലയോ എന്നതല്ല, ഇമ്മാതിരി തെമ്മാടിത്തം ഒരു സമൂഹം അനുവദിക്കാമോ എന്നതാണ്. $
Next Story

RELATED STORIES

Share it