Theatre

ഒരു കുടിനീര്‍ നാടകം

ഒരു കുടിനീര്‍ നാടകം
X
സ്‌കറിയാ മാത്യു

kudineer nadakam''ഭൂമിയുടെ അഗാധഗര്‍ത്തത്തിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കുന്ന അപൂര്‍വ വസ്തുവാണ് കുടിവെള്ളം. അതിനു പണം നല്‍കണം.'' ഹോട്ടലുകാരന്‍ ഉറപ്പിച്ചു പറഞ്ഞു. കുടിവെള്ളത്തെ കച്ചവടച്ചരക്കാക്കുന്ന കോര്‍പറേറ്റ് തന്ത്രങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന നാടകം വെള്ളരിക്കാപ്പട്ടണം അതിന്റെ ക്ലൈമാക്‌സിലേക്ക് കടക്കുകയാണ്. പഴമയുടെ ഗൃഹാതുരതയെ ഇപ്പോഴും താലോലിക്കുന്ന മനുഷ്യരെ തങ്ങളുടെ ചിലന്തിവലയിലേക്ക് ആകര്‍ഷിച്ച് അവരുടെ സര്‍വസ്വവും കൈക്കലാക്കുന്നതിനായി പഴയ കിണ്ടിയും കോളാമ്പിയും തൂക്കുവിളക്കും വീശാംപാളയും താമരക്കുളവും ഒരുക്കി കാത്തിരിക്കുന്ന ചിങ്കാരി റസ്റ്റോറന്റിലേക്ക് സാധാരണക്കാരനായ കര്‍ഷകനെ സൗഹൃദത്തിന്റെ നൂലില്‍ കുടുക്കി എത്തിക്കുന്നു. പുതിയ 'ലോകോത്തര' ഭക്ഷണവും പാനീയങ്ങളും ഭക്ഷണം കഴിക്കുന്നതിന് നൂതനരീതികളുമാണ് റസ്റ്റോറന്റ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. അവിടെ അതൊക്കെ സൗജന്യമാണ്. പക്ഷേ, കുടിവെള്ളത്തിനു ഭീമമായ പണം നല്‍കണം. സൂര്യഗ്രാമം നാടകവീടിന്റെ ജയപ്രകാശ് കുളൂര്‍ രചിച്ച വെള്ളരിക്കാപ്പട്ടണം നിത്യജീവിതത്തില്‍ കച്ചവടകുതന്ത്രങ്ങളില്‍ പെട്ടുപോവുന്ന സാധാരണക്കാരനെ അവതരിപ്പിക്കുന്നു. നാടകരംഗത്തെ പ്രമുഖരായ രണ്ടു പ്രതിഭകള്‍ ഒത്തുചേരുന്നു എന്ന പ്രത്യേകതയും ഈ നാടകത്തിനുണ്ട്- സോബി സൂര്യഗ്രാമവും റോഷന്‍ കേശവനും. നാടകത്തിന്റെ ആദ്യാവതരണം തൃശൂര്‍ റീജ്യണല്‍ തിയേറ്ററില്‍ മാര്‍ച്ച് 18ന് നടക്കുമ്പോള്‍ ആസ്വാദകര്‍ക്ക് അതൊരു മികച്ച അനുഭവമായി. തന്റെ സര്‍വസ്വവും നഷ്ടപ്പെടുന്ന അവസ്ഥയില്‍ സൗജന്യങ്ങളുടെ ഉന്മത്തതയില്‍നിന്ന് ഉണര്‍ന്ന് സ്വന്തം ശക്തിയിലൂന്നി തന്നെ ചങ്ങലയ്ക്കിട്ട പ്രലോഭനങ്ങള്‍ക്കെതിരേ പോരാടി അതിജീവിക്കുന്ന കര്‍ഷകനെയാണ് നാടകത്തിന്റെ അവസാനത്തില്‍ നാം കാണുന്നത്. സൗജന്യത്തിന്റെ കുരുക്കില്‍ അകപ്പെട്ട് സര്‍വസ്വവും നഷ്ടപ്പെട്ട് കെണിയില്‍നിന്ന് രക്ഷപ്പെടുന്നതിനായി പരക്കം പായുന്ന ഇരകളുടെ മുന്നിലേക്ക് വച്ചുനീട്ടുന്ന അടുത്ത സൗജന്യം അവരുടേ തന്നെ ഉപദേശകന്മാരുടെ നിയമോപദേശമാണെന്ന് നാടകം തുറന്നുകാട്ടുന്നു. നിത്യജീവിതത്തില്‍ നാം മുഖാമുഖം ദര്‍ശിക്കുകയും വാര്‍ത്താമാധ്യമങ്ങളിലൂടെ നാം മനസ്സിലാക്കുകയും ചെയ്യുന്ന യാഥാര്‍ഥ്യങ്ങളുടെ തനിപ്പകര്‍പ്പാണ് വെള്ളരിക്കാപ്പട്ടണം. പക്ഷേ, കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവിതാനങ്ങളോ വേഷഭൂഷാദികളോ കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങളോ ഒന്നും കൂടാതെ ഒരു മണിക്കൂര്‍ നീണ്ട നാടകത്തില്‍ മൂന്നു കഥാപാത്രങ്ങളാണുള്ളത്. പ്രലോഭനങ്ങളില്‍ പെട്ടുപോവുന്ന കര്‍ഷകനായി റോഷന്‍ കേശവന്‍, ചിങ്കാരി റസ്റ്റോറന്റ് മാനേജരായി പ്രസാദ് രഘുവരന്‍, റസ്റ്റോറന്റ് ഉടമയായി അജിത് സിദ്ധാര്‍ഥ എന്നിവര്‍ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. നാടകപ്രവര്‍ത്തനത്തിന് സാമ്പത്തികപ്രതിസന്ധി ഒരു തടസ്സമായി കരുതാനാവില്ല എന്ന സന്ദേശം കൂടി ഈ നാടകം നല്‍കുന്നുണ്ട്. വ്യത്യസ്ത തൊഴിലുകളിലേര്‍പ്പെട്ടിരിക്കുന്ന സംഘാംഗങ്ങള്‍ തൊഴിലിടങ്ങളില്‍നിന്ന് തിരിച്ചെത്തി രാത്രികാലങ്ങളില്‍ മാത്രം റിഹേഴ്‌സല്‍ ക്യാംപിലെത്തിയാണ് നാടകത്തെ വേദിയിലെത്തിച്ചത്. പറയാന്‍ ഒരു കാര്യമുണ്ടാവുക- നാടകത്തോട് അടക്കാനാവാത്ത ആഗ്രഹമുണ്ടാവുക- ഇതു രണ്ടുമുണ്ടെങ്കില്‍ നാടകം അവതരിപ്പിക്കുക കഷ്ടപ്പാടുള്ള കാര്യമല്ലെന്ന് അവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. 30 വര്‍ഷത്തിലധികമായി നാടകസംഘാടകന്‍, രചയിതാവ്, സംവിധായകന്‍ എന്നീ നിലയില്‍ നാടകമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സോബി സൂര്യഗ്രാമം വിദേശത്തും ഇന്ത്യയിലുമായി നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 25 വര്‍ഷം മുമ്പ് എട്ട് സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് ഗുരുവായൂരില്‍നിന്നു കന്യാകുമാരി വരെ സൈക്കിളില്‍ യാത്ര ചെയ്തും മാവൂര്‍ സമരം മുതല്‍ ബസ് ചാര്‍ജ് വര്‍ധനയ്‌ക്കെതിരേയുള്ള സമരം വരെ വിവിധ ജനകീയസമരങ്ങളുടെ ഭാഗമായും നിരവധി നാടകങ്ങള്‍ സോബി അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സംഗീത നാടക അക്കാദമിയുടെ പ്രവാസി നാടകമല്‍സരത്തില്‍ മികച്ച സംവിധാനത്തിനും മികച്ച അഭിനേത്രിക്കുമുള്ള അവാര്‍ഡ് നേടിയത് ഇദ്ദേഹം സംവിധാനം ചെയ്ത നാടകമായിരുന്നു. നാടകപ്രവര്‍ത്തനം രാഷ്ട്രീയ ഇടപെടല്‍ തന്നെയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. മുഖ്യ കഥാപാത്രമായ കര്‍ഷകനെ അവതരിപ്പിച്ച റോഷന്‍ കേശവന്‍ ഒരു സംവിധായകന്‍ കൂടിയാണ്. ജോസ് ചിറമല്‍, ജയപ്രകാശ് കുളൂര്‍, കെ. കൃഷ്ണരാജ് എന്നിവരുടെ ശിഷ്യത്വത്തില്‍ നാടകപ്രവര്‍ത്തനമാരംഭിച്ച അദ്ദേഹത്തിന്റെ നിരവധി വേഷങ്ങള്‍ അവാര്‍ഡിനര്‍ഹമായിട്ടുണ്ട്. 1999ല്‍ കെ. കൃഷ്ണരാജ് സംവിധാനം ചെയ്ത 'ജങ്ഷന്‍' എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അവാര്‍ഡ് നേടി. ജോണ്‍ എബ്രഹാമിന്റെ കോട്ടയത്തെത്ര മത്തായിമാരുണ്ട്, എം. സുകുമാരന്റെ ചരിത്രഗാഥ, അധികാരക്കളി എന്നീ നാടകങ്ങളും കൃഷ്ണായനം, പുരാവൃത്തം എന്നീ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it