ഒരു കക്ഷിക്കും പിന്തുണയില്ല: പൊമ്പിളൈ ഒരുമൈ

തൊടുപുഴ: സംഘടനയുടെ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കാത്ത ഇടങ്ങളില്‍ ഒരു കക്ഷിക്കും പിന്തുണയില്ലെന്ന് പൊമ്പിളൈ ഒരുമൈ പ്രസിഡന്റ് ലിസി സണ്ണി, സെക്രട്ടറി രാജേശ്വരി ജോളി എന്നിവര്‍ പറഞ്ഞു. അവിടങ്ങളില്‍ അംഗങ്ങള്‍ക്ക് മനസ്സാക്ഷി വോട്ട് ചെയ്യാം. പൊമ്പിളൈ ഒരുമൈ കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം രാഷ്ട്രീയപ്പാര്‍ട്ടിയും ട്രേഡ് യൂനിയനും രൂപീകരിക്കും. ജനപിന്തുണ അനുകൂലമെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതു പരിഗണിക്കും. ഇടുക്കി പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
യൂനിയനുകളും സര്‍ക്കാരും മാനേജുമെന്റുകളും ഗൂഢാലോചന നടത്തിയാണ് 301 രൂപ വേതനം എന്ന ഒത്തുതീര്‍പ്പ് ഉണ്ടാക്കിയത്. ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അവസരമില്ലാതിരുന്ന പൊമ്പിളൈ ഒരുമൈ ഈ തീരുമാനം ഗത്യന്തരമില്ലാതെ അംഗീകരിക്കുകയായിരുന്നു. വേതനപ്രകാരമുള്ളതിനേക്കാള്‍ കൂടുതല്‍ നുള്ളുന്ന കൊളുന്തിന് കിലോഗ്രാമിന് അഞ്ചു രൂപ ലഭിക്കണം. ഇതു കിട്ടിയില്ലെങ്കില്‍ തിരഞ്ഞെടുപ്പിനു ശേഷം മെല്ലെപ്പോക്ക് സമരം ആരംഭിക്കും. ദേവികുളം മണ്ഡലത്തിലെ 33 വാര്‍ഡുകളില്‍ സംഘടന മല്‍സരിക്കും. ദേവികുളം, മൂന്നാര്‍, പള്ളിവാസല്‍ ഗ്രാമപ്പഞ്ചായത്തുകളിലായി 26 വാര്‍ഡുകളിലും ദേവികുളം ബ്ലോക്കിലെ ആറു ഡിവിഷനുകളിലും ജില്ലാ പഞ്ചായത്ത് മൂന്നാര്‍ ഡിവിഷനിലുമാണു മല്‍സരിക്കുന്നത്.
ഒരുമൈ പ്രവര്‍ത്തകരുടെ കഴുത്തിലും കാതിലുമുള്ളതു പണയം വച്ചാണ് നോട്ടീസ് അടിച്ചത്. പണമില്ലാത്തതിനാല്‍ ഫഌക്‌സ് അടിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരില്‍ സംഘടനയില്‍ തര്‍ക്കമുണ്ടായിട്ടില്ല. അണികള്‍ നഷ്ടമായ ട്രേഡ് യൂനിയനുകളാണ് ഇത്തരം കുപ്രചാരണങ്ങള്‍ക്കു പിന്നിലെന്നും ഇവര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it