Articles

ഒരു എഴുത്തുകാരന്റെ ജീവിതം

പെരുമാള്‍  മുരുകന്‍
കേരള ഗ്രന്ഥശാലാ സംഘം കൊല്ലത്ത് സംഘടിപ്പിച്ച ദക്ഷിണേന്ത്യന്‍ സാംസ്‌കാരിക ഉല്‍സവത്തിന്റെ ഭാഗമായ സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തില്‍ നിന്ന്:

ഞാന്‍ കുറച്ചു നാള്‍ പുലര്‍ത്തിയ മൗനത്തെക്കുറിച്ച് പലരും സംസാരിച്ചിരുന്നു. ആ സംസാരം പല സ്ഥലങ്ങളിലും പ്രതിധ്വനിച്ചു. ആ മൗനം തന്നെയാണ് എന്നെ ഇവിടെ എത്തിച്ചതും. 2015ല്‍ ഇനി എഴുതുന്നില്ലെന്നു തീരുമാനിച്ചപ്പോള്‍, അതിനാധാരമായി ഞാന്‍ ഉയര്‍ത്തിയ പ്രശ്‌നത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച നിങ്ങളെ ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു. 2016ല്‍ ഹൈക്കോടതി എനിക്ക് അനുകൂലമായി വിധി പ്രസ്താവിച്ചതിനു ശേഷമാണ് വീണ്ടും എഴുതാന്‍ തുടങ്ങിയത്.
അതിനു ശേഷം എന്നെ കേരളത്തിലേക്ക് പലരും പ്രഭാഷണത്തിനു വിളിച്ചിരുന്നു. കുറേ സ്ഥലങ്ങളില്‍ അക്കാദമിക്തല പരിപാടികളിലും വിളിച്ചു. ക്ഷണിച്ച സ്ഥലത്തെല്ലാം എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല. കോളജ് അധ്യാപകന്‍ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളും കുടുംബപരമായ കാര്യങ്ങളുമാണ് ഇതിനു കാരണം. മലയാള സാഹിത്യവുമായി എനിക്ക് കോളജ് വിദ്യാഭ്യാസ കാലം മുതല്‍ ബന്ധമുണ്ട്. എഴുത്തച്ഛന്‍ തൊട്ട് തകഴിയും ജി ശങ്കരക്കുറുപ്പും കെ ജി ശങ്കരപ്പിള്ളയും വരെ നീളുന്നതാണ് ആ സാഹിത്യബന്ധം. എന്നെ രൂപപ്പെടുത്തുന്നതില്‍ മലയാള ഭാഷയ്ക്കും പ്രധാന പങ്കുണ്ട്.
തമിഴ് ഭാഷ പോലെ എന്റെ സാംസ്‌കാരിക വളര്‍ച്ചയില്‍ മലയാള ഭാഷയും നിര്‍ണായകമായെന്ന് ഞാന്‍ വിശ്വസിക്കുന്നു. മലയാളവും തമിഴും സഹോദരിമാരാണ്. ഈ രണ്ടു ഭാഷകള്‍ക്കു പുറമേ തെലുങ്കും കന്നഡയും ദ്രാവിഡ ഭാഷാ ഗ്രൂപ്പില്‍പെടുന്നു. ഇരുപതോളം ദ്രാവിഡ ഭാഷകള്‍ക്ക് ലിപിയില്ല. മേല്‍പ്പറഞ്ഞ നാലു ഭാഷകള്‍ക്കേ ലിപിയുള്ളൂ. ഇപ്പോള്‍ മലയാളത്തില്‍ ഉപയോഗിക്കുന്ന പല നാടോടി വാക്കുകളും പഴന്തമിഴില്‍ നിന്ന് വന്നവയാണ്. എന്നാല്‍, ഇത്തരത്തിലുള്ള പല വാക്കുകളും തമിഴില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. ഉദാഹരണത്തിന്, ചോറ് എന്നത് പഴന്തമിഴ് വാക്കാണ്. എന്നാല്‍, ഈ വാക്ക് ഇപ്പോള്‍ തമിഴില്‍ ഇല്ല. സാദം എന്നാണ് ഉപയോഗിക്കുന്നത്.
മലയാളത്തില്‍ നിന്ന് തമിഴിലേക്ക് മൊഴി മാറ്റപ്പെട്ട നിരവധി പുസ്തകങ്ങള്‍ വായിച്ചിരുന്നു. ബഷീറിന്റെയും തകഴിയുടെയും കൃതികള്‍ മുഴുവന്‍ ഞാന്‍ വായിച്ചു. മലയാളത്തില്‍ എഴുതിയ പ്രധാന പുസ്തകങ്ങള്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ തമിഴിലേക്ക് മൊഴി മാറിയെത്തും. തമിഴിലെ ഇരുപത്തിയഞ്ചോളം എഴുത്തുകാര്‍ ഇത്തരം പരിഭാഷകളില്‍ സജീവമാണ്.
മദ്രാസ് സര്‍വകലാശാലയില്‍ പഠിക്കുമ്പോള്‍ എനിക്ക് ധാരാളം മലയാളി സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. മലയാളത്തില്‍ സംസാരിക്കാനും എഴുതാനും പഠിക്കണമെന്ന് എനിക്ക് ഇപ്പോള്‍ അതിയായ ആഗ്രഹമുണ്ട്. എന്നാല്‍, 50 വയസ്സ് കഴിഞ്ഞ എനിക്ക് അത് സാധിക്കുമെന്നു തോന്നുന്നില്ല.
1988 മുതല്‍ ഞാന്‍ കഥകള്‍ എഴുതിത്തുടങ്ങി. ഞാന്‍ തമിഴ്‌നാട്ടിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. എന്റെ കുടുംബത്തില്‍ ഉയര്‍ന്ന വിദ്യാഭ്യാസം കിട്ടിയ ആള്‍ ഞാന്‍ മാത്രമാണ്. ഭൂമിയില്‍ ആര്‍ക്കാണോ അധികാരം, അവരാണ് സമൂഹത്തിലും അധികാരമുള്ള ആള്‍ എന്നതാണ് നാട്ടിലെ രീതി.
1980നു ശേഷമാണ് തമിഴ്‌നാട്ടില്‍ പ്രാഥമിക വിദ്യാഭ്യാസം ഏറക്കുറേ സാര്‍വത്രികമായത്. ഞാന്‍ വീട്ടില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ നടന്നാണ് പ്രൈമറി സ്‌കൂളില്‍ പോയത്. സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ രസകരമായി തോന്നുന്നു. വിദ്യാഭ്യാസം കൊണ്ടുള്ള പ്രയോജനം മനസ്സിലാക്കിയ ആളായിരുന്നു എന്റെ അച്ഛന്‍. മക്കളെ പഠിപ്പിക്കാന്‍ അക്കാലത്ത് അധികം രക്ഷിതാക്കള്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. തോല്‍ക്കുന്ന ക്ലാസില്‍ പഠനം നിര്‍ത്തുന്നതാണ് രീതി. പിന്നെ കൃഷിയിലേക്ക് ഇറങ്ങും. കൃഷി ലാഭമുണ്ടാക്കുന്നതിനായിരുന്നില്ല. അതൊരു ജീവിതരീതിയായിരുന്നു.
എന്റെ അച്ഛന്‍ പെരുമാള്‍ നിരക്ഷരനായിരുന്നു. എഴുതാനും വായിക്കാനും അറിയില്ല. ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ക്ലാസ് ടീച്ചര്‍ പ്രോഗ്രസ് റിപോര്‍ട്ട് തന്ന് രക്ഷിതാവിന്റെ ഒപ്പ് വാങ്ങി വരാന്‍ ആവശ്യപ്പെട്ടു. പേരെഴുതി ഒപ്പിടാന്‍ അറിയാത്തവര്‍ക്ക് വിരലടയാളം പതിപ്പിക്കാം. എന്നാല്‍, അങ്ങനെ ചെയ്യുന്നത് ഒരു കുറച്ചിലാണെന്ന് എനിക്കു തോന്നി. പേര് എഴുതാന്‍ അച്ഛനെ പഠിപ്പിക്കാന്‍ തീരുമാനിച്ചു. ഞാന്‍ അച്ഛന്റെ കൈ പിടിച്ച് എഴുതിച്ചു. ഒരാഴ്ച കഴിഞ്ഞിട്ടും അച്ഛന്‍ പേരെഴുതാന്‍ പഠിച്ചില്ല. അപ്പോഴേക്കും പ്രോഗ്രസ് റിപോര്‍ട്ട് കൊടുക്കേണ്ട സമയമായി. അച്ഛന്‍ വീട്ടിലില്ലെന്നു ഞാന്‍ നുണ പറഞ്ഞു. ഒടുവില്‍ അച്ഛന്‍ സ്വന്തം പേരെഴുതാന്‍ പഠിച്ചു. എന്റെ പ്രോഗ്രസ് റിപോര്‍ട്ടില്‍ അച്ഛന്‍ പേരെഴുതി ഒപ്പിട്ട നിമിഷം എനിക്ക് മറക്കാന്‍ കഴിയില്ല. ആ പ്രോഗ്രസ് റിപോര്‍ട്ട് ഞാന്‍ അച്ഛന്റെ ഓര്‍മയ്ക്കായി ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
ഞങ്ങളുടെ കുടുംബത്തിനു രണ്ടര ഏക്കറോളം ഭൂമിയുണ്ടായിരുന്നു. അതില്‍ നിന്നു കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അച്ഛന്‍ ഒരു സിനിമാ തിയേറ്ററില്‍ സോഡാ കച്ചവടം തുടങ്ങി. അവിടെ നിന്ന് ഒരു അധ്യാപകനെ പരിചയപ്പെട്ടു. പൊതുകാര്യങ്ങള്‍ അറിയുന്ന ആളായിരുന്നു അദ്ദേഹം. ആ അധ്യാപകനില്‍ നിന്നാണ് വിദ്യാഭ്യാസം കൊണ്ടുള്ള പ്രയോജനം അച്ഛന്‍ മനസ്സിലാക്കിയത്. ഇതിനിടയില്‍ നാലാം ക്ലാസില്‍ തോറ്റ എന്റെ ജ്യേഷ്ഠന്‍ പഠിപ്പു നിര്‍ത്തി കൃഷിപ്പണിക്ക് ഇറങ്ങിയിരുന്നു.
എന്റെ കുടുംബത്തില്‍ മദ്രാസ് നഗരം ആദ്യം കണ്ടയാള്‍ ഞാനായിരുന്നു. കുടുംബത്തിലെ മറ്റുള്ളവരുടെ ജീവിതം അഞ്ചു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലായിരുന്നു. എന്റെ നാട്ടിലെ പുരുഷന്‍മാര്‍ അര്‍ധനഗ്നരായാണ് ജീവിച്ചത്. അധികം വസ്ത്രങ്ങള്‍ ആര്‍ക്കും ഉണ്ടായിരുന്നില്ല. പന എന്റെ നാട്ടിലെ പ്രധാന വൃക്ഷമാണ്. അതുപോലെ വേപ്പും. പത്തു പനയുണ്ടായാല്‍ ജീവിതത്തിന്റെ പകുതി കാലം കഴിച്ചുകൂട്ടാന്‍ അതില്‍ നിന്നുള്ള വരുമാനം മതി എന്ന ചൊല്ല് നാട്ടിലുണ്ട്. കള്ള്, നൊങ്ക്, തേങ്ങ എന്നിവ പനയില്‍ നിന്നു കിട്ടും. കത്തിക്കാനുള്ള വിറകും. വൃക്ഷങ്ങളെ പരിചരിക്കുക ഒരു സംസ്‌കാരത്തിന്റെ ഭാഗമാണ്.
1990ലാണ് ഞാന്‍ പഠനത്തിനായി മദ്രാസിലേക്ക് പോയത്. മാര്‍ക്‌സിസ്റ്റ് സാഹിത്യങ്ങള്‍ വായിക്കുന്നത് ഇക്കാലത്താണ്. അതുപോലെ പെരിയോറിന്റെ (ഇ വി രാമസ്വാമി) ദര്‍ശനങ്ങളും. ഇവരുടെ കാഴ്ചപ്പാടുകള്‍ എന്നെ ആഴത്തില്‍ സ്വാധീനിച്ചു. ജാതി സ്വാഭാവികമായി ഉണ്ടായതല്ലെന്നും ഉണ്ടാക്കിയതാണെന്നും മനസ്സിലായത് ഇക്കാലത്താണ്. ഞങ്ങളെപ്പോലുള്ള കീഴാളര്‍ക്ക് സമൂഹത്തില്‍ ഒരു സ്ഥാനവുമില്ലെന്നും. ജാതിവ്യവസ്ഥ തിരിച്ചുകൊണ്ടുവരാനാണ് മതങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നതെന്നും മനസ്സിലായി. പെരിയോറുടെ പുനര്‍വായന അത്യാവശ്യമാണെന്ന് ഞാന്‍ കരുതുന്നു.
ഞാന്‍ എഴുത്തിലേക്ക് വന്നപ്പോള്‍ കീഴാളര്‍ക്ക് പ്രാധാന്യം നല്‍കി. അതുവരെയുള്ള മൂല്യസങ്കല്‍പങ്ങള്‍ക്കെതിരേയുള്ള പോരാട്ടമായിരുന്നു അത്. പല എഴുത്തുകാരും സമൂഹത്തിലെ പ്രത്യേക വിഭാഗത്തില്‍ പെട്ടവരുടെ വിഷയങ്ങളേ എഴുത്തിലേക്ക് കൊണ്ടുവന്നിരുന്നുള്ളൂ. ഒരു ഗ്രാമത്തിന്റെ കഥ പറയുമ്പോള്‍ അവിടെ ജീവിക്കുന്ന എല്ലാ മനുഷ്യരുടെ കാര്യങ്ങളും അവതരിപ്പിക്കണം. പലരുടെ എഴുത്തിലും അത് ഉണ്ടാവില്ല.
എഴുത്തില്‍ താണ ജാതിക്കാര്‍ക്കും സ്ത്രീകള്‍ക്കും ബഹുമാനം കിട്ടിയിരുന്നില്ല. സ്ത്രീയെ വിശേഷിപ്പിക്കുമ്പോള്‍ എത്ര പ്രായമുണ്ടായാലും 'അവള്‍' എന്നേ പറയൂ; 'അവര്‍' എന്നു പറഞ്ഞിരുന്നില്ല. ഞാന്‍ ഒരിക്കലും സ്ത്രീകളെ അവള്‍ എന്ന് വിശേഷിപ്പിച്ചിട്ടില്ല.
സമൂഹത്തിലെ അനാചാരങ്ങളെ എതിര്‍ക്കാന്‍ എഴുത്തുകാര്‍ മുന്നോട്ടുവരണം. അതൊരു സമരമായിരിക്കണം. ഈ ലക്ഷ്യത്തിനായുള്ള എന്റെ പോരാട്ടം തുടരും. എന്റെ 'അര്‍ധനാരീശ്വരന്‍' എന്ന നോവല്‍ വിവാദം ഉണ്ടായതുകൊണ്ടാണ് കൂടുതല്‍ പേര്‍ വായിച്ചതെന്നു പലരും പറഞ്ഞു. എന്നാല്‍ 'കീഴാളന്‍' എന്ന നോവലും നന്നായി വായിക്കപ്പെട്ടു.                    ി
Next Story

RELATED STORIES

Share it