ഒരുവര്‍ഷം കൂടി അഫ്ഗാനില്‍ തുടരും: നാറ്റോ

ബ്രസ്സല്‍സ്: ഒരു വര്‍ഷം കൂടി 12,000 സൈനികരെ അഫ്ഗാനില്‍ നിലനിര്‍ത്തുമെന്ന് അഫ്ഗാനിലെ നാറ്റോ സൈനിക ദൗത്യമേധാവി ജെന്‍സ് സ്റ്റോള്‍ട്ടെന്‍ ബര്‍ഗ്. സായുധസംഘങ്ങളില്‍ നിന്നു രാജ്യത്തിനു സംരക്ഷണം നല്‍കാനെന്ന പേരിലാണ് സൈനികരെ നിലനിര്‍ത്തുന്നത്. അഫ്ഗാന്‍ സൈന്യത്തിനു പരിശീലനം നല്‍കുന്നതുള്‍പ്പെടെ ഈ വര്‍ഷം അവസാനിപ്പിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, കുന്ദുസ് നഗരം പിടിച്ചെടുത്തതുള്‍പ്പെടെ താലിബാന്‍ മേഖലയില്‍ ശക്തിയാര്‍ജിച്ചതാണ് നാറ്റോ തീരുമാനം മാറ്റാന്‍ കാരണം.
2001ല്‍ ലോകവ്യാപാരകേന്ദ്രം ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സൈന്യം അഫ്ഗാനില്‍ അധിനിവേശം നടത്തിയത്. മേഖലയില്‍ യുഎസ് സൈനികരുടെ എണ്ണം 90,000 ആയി വര്‍ധിപ്പിച്ചു. പിന്നീട് 2014ല്‍ ദൗത്യം അവസാനിപ്പിച്ചെങ്കിലും സൈനികര്‍ക്ക് പരിശീലനം നല്‍കാനെന്ന പേരില്‍ സേനയെ മേഖലയില്‍ നിലനിര്‍ത്തുകയായിരുന്നു.
താലിബാന്‍ ഇപ്പോഴും ശക്തമാണെന്നും അതിനാല്‍, സര്‍ക്കാരിന്റെ സുസ്ഥിരത ഉറപ്പാക്കാന്‍ അഫ്ഗാനില്‍ തുടരാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുകയാണെന്നു സ്റ്റോള്‍ട്ടെന്‍ ബര്‍ഗ് അവകാശപ്പെട്ടു. 2017 മുതല്‍ 20 വരെയുള്ള കാലഘട്ടത്തില്‍ സൈനികരെ നിലനിര്‍ത്താനുള്ള സഹായധനം രൂപീകരിക്കുന്ന കാര്യം സഖ്യരാജ്യങ്ങള്‍ പരിശോധിച്ചുവരുകയാണ്.
Next Story

RELATED STORIES

Share it