ഒരുവര്‍ഷം ഒരു തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പുകളും ഒന്നിച്ചു നടത്താനുള്ള ശ്രമം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപേക്ഷിക്കുന്നു. ഒരുവര്‍ഷം ഒരു തിരഞ്ഞെടുപ്പ് എന്ന പുതിയ നയമാണ് കമ്മീഷന്‍ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് നിയമ കമ്മീഷനില്‍ നിന്നു ലഭിച്ച കത്തിന് മറുപടിയായി കഴിഞ്ഞമാസം 24ന് അയച്ച മറുപടിയിലാണ് പുതിയ നയം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്.
ബിജെപിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്ന തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്താനുള്ള നടപടികള്‍ക്കു തുടക്കമിടാന്‍ നേരത്തേ നരേന്ദ്രമോദി സര്‍ക്കാര്‍ നിയമകമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി നിയമകമ്മീഷന്‍ നിയമവിദഗ്ധരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നതിന് അഞ്ചു ഭരണഘടനാ തടസ്സങ്ങളും 15ഓളം വ്യത്യസ്ത സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടതുണ്ടെന്നും നിയമകമ്മീഷന്‍ തിരഞ്ഞെടുപ്പു  കമ്മീഷനെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച തുടര്‍ചര്‍ച്ചകളില്‍ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്താനുള്ള സര്‍ക്കാരിന്റെ നയത്തെ പിന്തുണക്കുന്നുണ്ടെങ്കിലും സാമ്പത്തികവും നിയപരവുമായ പ്രശ്‌നങ്ങള്‍ എങ്ങനെ തരണം ചെയ്യുമെന്ന് നിയമകമ്മീഷനോട് തിരഞ്ഞെടുപ്പുകമ്മീഷന്‍ ആരാഞ്ഞിരുന്നു. ഇത്തരം തടസ്സങ്ങളുള്ളതിനാല്‍ ഓരോ വര്‍ഷത്തെയും തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്തുന്നതാണ് നല്ലതെന്നാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.
1951 ജനപ്രാതിനിധ്യ നിയമത്തിലെ 15ാംവകുപ്പ് പ്രകാരം ഒരുസംസ്ഥാന സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് ആറുമാസം മുമ്പ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കരുത് എന്നു വ്യവസ്ഥയുണ്ട്. ഇക്കാരണത്താല്‍ നിലവില്‍ അഞ്ചുമാസങ്ങളുടെ ഇടവേളകളില്‍ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാവുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് കമ്മീഷന്‍ ഒന്നിച്ചു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാറുള്ളത്. ഒരുവര്‍ഷം ഒരുതിരഞ്ഞെടുപ്പ് എന്ന നയം നടപ്പാക്കുകയാണെങ്കില്‍ ചില സര്‍ക്കരുകളുടെ കാലാവധി ആറുമാസത്തിനെക്കാള്‍ കൂടുകയോ കുറയുകയോ ചെയ്യുന്നതിനാല്‍ ഭരണഘടനാഭേദഗതി നടത്തേണ്ടിവരും. എന്നാല്‍, എല്ലാ തിരഞ്ഞെടുപ്പുകളും ഒന്നിച്ചു നടത്തുന്നതിനെ അപേക്ഷിച്ച് ഒരുവര്‍ഷം ഒരുതിരഞ്ഞെടുപ്പ് എന്ന നയം നടപ്പാക്കണമെങ്കില്‍ വലിയ തോതിലുള്ള ഭരണഘടനാ ഭേദഗതി ആവശ്യമില്ലെന്നും കമ്മീഷന്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ കാലാവധി  സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ 83ാം വകുപ്പിനൊപ്പം 85 (രാഷ്ട്രപതി പാര്‍ലമെന്റ് പിരിച്ചുവിടല്‍), 172 (സംസ്ഥാന നിയമസഭകളുടെ കാലാവധി), 174 (സംസ്ഥാന നിയമസഭകളുടെ പിരിച്ചുവിടല്‍), 356 (രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തല്‍) എന്നീ വകുപ്പുകളില്‍ ഭേദഗതികള്‍ വരുത്തിയാല്‍ മാത്രമേ ഒരു വര്‍ഷം തന്നെ എല്ലാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താനാവൂ. എന്നാല്‍, ജനപ്രാതിനിധ്യ നിയമത്തിലെ 15ാം വകുപ്പ് മാത്രം ഭേദഗതി ചെയ്ത് ഒരുവര്‍ഷം ഒരു തിരഞ്ഞെടുപ്പ് എന്ന നയം നടപ്പാക്കാമെന്നാണ് കമ്മീഷന്റെ നിലപാട്.
Next Story

RELATED STORIES

Share it