Flash News

ഒരുമിച്ച് നില്‍ക്കും; വേണ്ടി വന്നാല്‍ പ്രക്ഷോഭമെന്ന് മുസ്‌ലിം സംഘടനകള്‍

ഒരുമിച്ച് നില്‍ക്കും; വേണ്ടി വന്നാല്‍ പ്രക്ഷോഭമെന്ന് മുസ്‌ലിം സംഘടനകള്‍
X
കോഴിക്കോട്: സംവരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഒരുമിച്ചുനില്‍ക്കാനും വേണ്ടിവന്നാല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനും കോഴിക്കോട്ട് ചേര്‍ന്ന വിവിധ മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചു. കേരളത്തില്‍ നടക്കുന്ന മുസ്‌ലിംവിരുദ്ധ നീക്കത്തില്‍ മുഴുവന്‍ സംഘടനാ പ്രതിനിധികളും ആശങ്ക രേഖപ്പെടുത്തിയതായി യോഗതീരുമാനങ്ങള്‍ വിശദീകരിച്ച സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.



സംവരണം, മദ്യത്തിന്റെ വ്യാപനം, മതപ്രബോധന സ്വാത്രന്ത്യത്തിനു നേരെയുള്ള കൈയേറ്റങ്ങള്‍, ന്യൂനപക്ഷ വിദ്യാലയങ്ങള്‍ അടച്ചുപൂട്ടല്‍ തുടങ്ങി മുസ്‌ലിം ജനവിഭാഗങ്ങളും സംഘടനകളും ഒട്ടേറെ പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്. ഇക്കാര്യത്തില്‍ ഒരുമിച്ചുനീങ്ങാന്‍ തീരുമാനിച്ച യോഗം, വിഷയങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കാന്‍ ഒരു നിവേദക സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചു. മതപണ്ഡിതര്‍, സംഘടനാ നേതാക്കള്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടാവും. അനുഭാവപൂര്‍വമായ സമീപനം മുഖ്യമന്ത്രിയില്‍ നിന്നു പ്രതീക്ഷിക്കുന്നുണ്ട്. അതുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് മുസ്‌ലിം സംഘടനകളുടെ ഈ കൂട്ടായ്മ നേതൃത്വം നല്‍കുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കേരളത്തില്‍ മദ്യം വ്യാപകമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ രാഷ്ട്രീയം മറന്നു യോജിപ്പുകള്‍ ഉണ്ടാക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. കേരളത്തില്‍ പിന്നാക്ക-അവശ ന്യൂനപക്ഷങ്ങള്‍ അസ്വസ്ഥരാണ്. മതപ്രബോധകരെ പോലും നിരന്തരം കേസുകളില്‍ പെടുത്തുന്നു. ഫാറൂഖ് കോളജില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തില്‍ വിവിധ ഇടങ്ങളില്‍ ഇത്തരത്തില്‍ മുസ്‌ലിം വിരുദ്ധമായ നടപടികള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്നലെ രാവിലെ മുതല്‍ വൈകീട്ടു വരെ നടന്ന യോഗത്തില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായിരുന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി കെ കുഞ്ഞാലിക്കുട്ടി എംപി, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, കെ പി എ മജീദ്, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, ഉമ്മര്‍ ഫൈസി മുക്കം, പി കെ ഹുസൈന്‍ മടവൂര്‍, പി പി ഉണ്ണീന്‍കുട്ടി മൗലവി, ഒ അബ്ദുര്‍റഹ്മാന്‍, ടി ശാക്കിര്‍, സമദ് കുന്നക്കാവ്, ടി കെ അഷ്‌റഫ്, സി പി കുഞ്ഞിമുഹമ്മദ്, ടി കെ അബ്ദുല്‍ ഹകീം, പ്രഫ. ഇ അബ്ദുല്‍ റഷീദ്, എന്‍ കെ അലി, ഡോ. പി ടി സെയ്തു മുഹമ്മദ്, കെ കുട്ടി അഹമ്മദ് കുട്ടി, എം സി മായിന്‍ ഹാജി പങ്കെടുത്തു.
Next Story

RELATED STORIES

Share it