kannur local

ഒരുമയുടെ സന്ദേശമോതി യൂനിറ്റി മാര്‍ച്ച്

തലശ്ശേരി: പോപുലര്‍ഫ്രണ്ട് ഡേയോടനുബന്ധിച്ച് നാനാതത്വത്തില്‍ ഏകത്വം ഉയര്‍ത്തിപ്പിടിക്കുക എന്ന സന്ദേശമുയര്‍ത്തി ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും ചരിത്രപ്രസിദ്ധമായ തലശ്ശേരി പട്ടണത്തിന് പുതിയ അനുഭവമായി. ഇന്നലെ വൈകീട്ട് 4.45ന് ചിറക്കര ടൗണ്‍ഹാള്‍ പരിസരത്ത് നിന്നാംരഭിച്ച മാര്‍ച്ച് വീക്ഷിക്കാന്‍ ആയിരങ്ങളാണ് റോഡിനിരുവശവും തടിച്ച് കൂടിയത്.
ശഹീദ് ഫസലിന്റെ ചോരവീണ വിപ്ലവ മണ്ണില്‍ തിരഞ്ഞെടുക്കപ്പെട്ട വോളന്റിയര്‍മാര്‍ മാര്‍ച്ചില്‍ അണിനിരന്നു. നക്ഷത്രാംങ്കിത രക്തത ഹരിത ധവള പതാകയേന്തിയ കാഡറ്റിനെ പിന്തുടര്‍ന്ന് ഓഫിസേഴ്‌സ് ടീമും പിന്നില്‍ ബാന്റ്ടീമംഗങ്ങളും കാഡറ്റുകളും പദമൊപ്പിച്ച് നടത്തിയ മാര്‍ച്ച് ജനങ്ങളില്‍ ഒരുമയുടെ സന്ദേശം നല്‍കുന്നതും ആത്മവിശ്വാസം പകരുന്നതുമായിരുന്നു. പതിവുപോലെ കൃത്യം സമയത്ത് തുടങ്ങിയ പരിപാടി വീക്ഷിക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്ന ആയിരങ്ങളാണ് നേരത്തെ തന്നെ തലശ്ശേരിയിലെത്തിയത്. യൂനിറ്റി മാര്‍ച്ചിനെ പിന്തുടര്‍ന്ന് ജില്ലാകമ്മിറ്റിയംഗങ്ങള്‍ നേതൃത്വം നല്‍കിയ ബഹുജനപ്രകടനത്തിലും ആയിരങ്ങളാണ് പങ്കെടുത്തത്.
കേന്ദ്രഭരണം ഉപയോഗിച്ച് രാജ്യത്തെ അതിവേഗം ഫാഷിസ്റ്റുവല്‍ക്കരകിക്കാനുള്ള സംഘ്പരിവാര്‍ നീക്കത്തിനെതിരേ പ്രകടനക്കാര്‍ മുദ്രാവാക്യം വിളിച്ചു. രാജ്യത്തിന്റെ സംസ്‌കാരം നാനാതത്വത്തില്‍ ഏകത്വമാണെന്നും ബഹുജനറാലിയില്‍ അണിനിരന്നവര്‍ ഓര്‍മപ്പെടുത്തി. സംഘ്പരിവാര്‍ ഭീഷണിയെ എന്തുവിലകൊടുത്തും പ്രതിരോധിക്കുമെന്നും രാജ്യത്തിന്റെ ജനാധിപത്യ മതേതര പാരമ്പര്യം സംരക്ഷിക്കാന്‍ പ്രയത്‌നിക്കുമെന്നും വ്യക്തമാക്കുന്നതായിരുന്നു കാഡറ്റുകളുടെ മാര്‍ച്ചും ബഹുജനറാലിയും.
കാലികവിഷയങ്ങള്‍ ഉയര്‍ത്തിയുള്ള ടാബ്ലോയും പരിപാടിക്ക് കൊഴുപ്പേകി. മാര്‍ച്ചും റാലിയും മേല്‍പ്പാലം, സംഗമം ജങ്ഷന്‍, ഒ വി റോഡ്, പഴയബസ്റ്റാന്റ്, ലോഗന്‍സ് റോഡ്, കേയീസ് ജങ്ഷന്‍, മണവാട്ടി ജങ്ഷന്‍ വഴി പുതിയബസ്റ്റന്റില്‍ സമാപിച്ചു. ദേശീയ സമതിയസമിതിയംഗം പി എന്‍ മുഹമ്മദ് റോഷന്‍, സി കെ അഫ്‌സല്‍, ടി കെ അബ്ദുസ്സമദ്, കെ കെ ഹിശാം, വി കെ നൗഫല്‍, കെ പി നിസാര്‍, വി ബഷീര്‍, എന്‍ പി ശക്കീല്‍, പി കെ ത്വാഹ തങ്ങള്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it