thrissur local

ഒരുമനയൂര്‍ ലോക്കിന്റെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു

ചാവക്കാട്: ഒരുമനയൂര്‍-കടപ്പുറം പഞ്ചായത്തുകളെ ബന്ധിപ്പിക്കുകയും ആയിരക്കണക്കിന് കുടുംബങ്ങളെ ഉപ്പുവെള്ള ഭീഷണിയില്‍നിന്നും സംരക്ഷിക്കുകയും ചെയ്യുന്ന കനോലി കനാലിലെ ഒരുമനയൂര്‍ ലോക്കിന്റെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു. ലോക്കിന്റെ അറ്റകുറ്റപ്പണി ആവശ്യപ്പെട്ട് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ എം എ അബൂബക്കര്‍ ഹാജി നിരന്തരമായി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ലോക്കിന്റെ അറ്റകുറ്റപ്പണിക്കായി ഇറിഗേഷന്‍ വകുപ്പ് 44.80 ലക്ഷം രൂപ അനുവദിച്ചത്. ചേറ്റുവ പുഴയില്‍ നിന്നും വടക്കു ഭാഗത്തെ കനോലി കനാലിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനായി ബ്രിട്ടീഷുകാരുടെ കാലത്താണ് ഒരുമനയൂര്‍ ലോക്ക് നിര്‍മ്മിച്ചത്. യഥാസമയങ്ങളില്‍ അറ്റകുറ്റപ്പണി നടത്താത്തതിനെതുടര്‍ന്ന് ഷട്ടര്‍ തുരുമ്പെടുത്ത് രൂപപ്പെട്ട ദ്വാരത്തിലൂടെ കനോലി കനാലിലേക്ക് 20 വര്‍ഷത്തിലധികമായി ഉപ്പുവെള്ളം കയറിയിരുന്നു. ഇതോടെ കടപ്പുറം, ഒരുമനയൂര്‍, പുന്നയൂര്‍ പഞ്ചായത്തുകളിലെ ശുദ്ധജല സ്രോതസ്സുകളായ കിണറുകള്‍, കുളങ്ങള്‍, പാടങ്ങള്‍, കായലുകള്‍, ചെറുതോടുകള്‍ എന്നിവയിലേക്ക് ഉപ്പുവെള്ളം കയറുകയും ചെയ്തു. നിത്യോപയോഗത്തിന് പോലും ശുദ്ധജലം കിട്ടാതെ നെട്ടോട്ടമോടേണ്ട ഗതികേടിലായിരുന്നു നാട്ടുകാര്‍. കൂടാതെ ചേറ്റുവ മുതല്‍ അണ്ടത്തോട് വരെയുള്ള പ്രദേശങ്ങളിലെ കൃഷി നശിക്കുന്നതുള്‍പ്പെടെ ഒട്ടേറെ പ്രയാസങ്ങളും ഇതു മൂലം സംഭവിച്ചിരുന്നു. ഇതോടേയാണ് കനോലി കനാലിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാന്‍ ഒരുമനയൂര്‍ ലോക്കിന്റെ അറ്റകുറ്റപണി നടത്തണമെന്നാവശ്യപ്പെട്ട് എം എ അബൂബക്കര്‍ ഹാജി തിരുവനന്തപുരം ജലസേചന വകുപ്പിന്റെയും ഇറിഗേഷന്‍ വകുപ്പിന്റെയും ചീഫ് എഞ്ചിനീയര്‍ അടക്കമുള്ളവര്‍ക്ക് തുടര്‍ച്ചയായി നിവേദനം നല്‍കിയത്. നിരന്തരമായ ഇടപെടലുകളുണ്ടായതോടെ ഇറിഗേഷന്‍ വകുപ്പ് ലോക്കിന്റെ അറ്റകുറ്റപണിക്കായി 44.80 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. ലോക്കിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയായായാല്‍ കനോലി കനാലിന് അരികില്‍ താമസിക്കുകയും അല്ലാത്തതുമായ ആയിരക്കണക്കിന് കുടുംബങ്ങളുടെ ശുദ്ധജലക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരം കാണാനാവുമെന്ന് എം എ അബൂബക്കര്‍ ഹാജി പറഞ്ഞു.
Next Story

RELATED STORIES

Share it