ഒരുമണിക്കൂര്‍ പ്രിന്‍സിപ്പല്‍ നിയമനം; മന്ത്രിക്കെതിരേ ഹരജി

തിരുവനന്തപുരം: വിരമിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കവേ എല്‍ഡിഎഫ് അധ്യാപകസംഘടനാ നേതാവായ ആര്‍ ശശികുമാറിനെ തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പലായി പ്രമോഷന്‍ നല്‍കിയ നടപടിയില്‍ അഴിമതി ആരോപിച്ച് വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥിനെ പ്രതിയാക്കി വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി.
പൊതുപ്രവര്‍ത്തകനും അഭിഭാഷകനുമായ ഡോ. എ ജഹാങ്കീറാണ് ഡോ. ആര്‍ ശശികുമാറിന് സ്ഥാനക്കയറ്റം നല്‍കുന്നതിന് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതെന്നാരോപിച്ച് നടപടി ആവശ്യപ്പെട്ട് വിജിലന്‍സിനെ സമീപിച്ചത്.
തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിലെ പ്രിന്‍സിപ്പല്‍ ഡോ. പി സി രഘുരാജിനെ സ്ഥലംമാറ്റിയാണ് ഡോ. ആര്‍ ശശികുമാറിനെ തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിലെ പ്രിന്‍സിപ്പലായി നിയമിച്ചത്.
മന്ത്രിയുടെ താല്‍പര്യപ്രകാരം സ്ഥാനക്കയറ്റത്തിന് പ്രപ്പോസല്‍ നല്‍കിയ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറും അത് അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ച ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും ഡോ. ആര്‍ ശശികുമാറുമാണ് കേസിലെ പ്രതികള്‍.
തിടുക്കപ്പെട്ട് സ്ഥാനക്കയറ്റം നല്‍കിയതിലൂടെ ഡോ. ആര്‍ ശശികുമാറിന് സാമ്പത്തികനേട്ടവും ഖജനാവിന് നഷ്ടവുമുണ്ടായെന്ന് ഹരജിയില്‍ ആരോപിക്കുന്നു.
മറ്റു പ്രഫസര്‍മാര്‍ സ്ഥാനക്കയറ്റം കാത്തുനില്‍ക്കുമ്പോഴാണ് എല്‍ഡിഎഫ് സംഘടനാ നേതാവിനെ മാത്രം സ്ഥാനക്കയറ്റം നല്‍കി മന്ത്രിയും വകുപ്പ് ഡയറക്ടറും സെക്രട്ടറിയും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ നീക്കിയതെന്നും ധൃതിപ്പെട്ട് പ്രമോഷന്‍ നല്‍കേണ്ട സാഹചര്യങ്ങളൊന്നും നിലവിലുണ്ടായിരുന്നില്ലെന്നും ഹരജിയില്‍ ആരോപിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it