ഒരുപിടി റെക്കോഡ് നേട്ടങ്ങളുമായി ഗിന്നസ് പക്രു വീണ്ടും താരം

കൊച്ചി: ഏറ്റവും ഉയരം കുറഞ്ഞ സിനിമാസംവിധായകനുള്ള മൂന്ന് റെക്കോഡ് സര്‍ട്ടിഫിക്കറ്റുകള്‍ ഒറ്റദിവസം ഏറ്റുവാങ്ങി സിനിമാതാരം ഗിന്നസ് പക്രു (അജയകുമാര്‍) വീണ്ടും താരമായി. ഏറ്റവും ഉയരം കുറഞ്ഞ സിനിമാ നായകനെന്ന ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ് സ്വന്തം പേരില്‍ സൂക്ഷിക്കുന്ന പക്രു യൂനിവേഴ്‌സ ല്‍ റെക്കോഡ്‌സ് ഫോറം,  ലിംക ബുക്ക് ഓഫ് റെക്കോഡ്, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡ് ബുക്കുകളിലും സ്വന്തം പേര് എഴുതിച്ചേര്‍ത്തു.
ഏറ്റവും ഉയരം കുറഞ്ഞ സിനിമാസംവിധായകനെന്ന ഖ്യാതിയാണ് വീണ്ടും റെക്കോഡ് നേട്ടത്തിലേക്ക് പക്രുവിനെ നയിച്ചത്. 2013ല്‍ പുറത്തിറങ്ങിയ കുട്ടീം കോലും സംവിധാനം ചെയ്ത പക്രുവിനെ തേടി ആദ്യമെത്തിയത് ലിംക ബുക്ക് ഓഫ് റെക്കോഡാണ്. എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ആറുമാസം മുമ്പ് ലഭിച്ച റെക്കോഡിന്റെ സര്‍ട്ടിഫിക്കറ്റ് കലാമണ്ഡലം ഹേമലതയില്‍ നിന്ന് പക്രു ഏറ്റുവാങ്ങി. യൂനിവേഴ്‌സല്‍ റെക്കോഡ്‌സ് ഫോറത്തിന്റെ ചീഫ് എഡിറ്ററും ഏഷ്യന്‍ ജൂറിയുമായ ഡോ. ഗിന്നസ് സുനില്‍ ജോസഫാണ് യുആര്‍എഫ് റെക്കോഡ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡ് പ്രതിനിധി ടോളി ബെസ്റ്റ് ഓഫ് ഇന്ത്യ സര്‍ട്ടിഫിക്കറ്റ് പക്രുവിന് കൈമാറി. ശാരീരിക വൈകല്യങ്ങളില്‍ തളച്ചിടാതെ ജീവിതത്തില്‍ മുന്നേറാനുള്ള പ്രചോദനമായി തന്റെ നേട്ടം മാറുമെന്നാണു പ്രതീക്ഷയെന്ന് ഗിന്നസ് പക്രു പറഞ്ഞു.
ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ഇളയരാജയിലൂടെ ഒരിക്കല്‍ക്കൂടി നായകനാവാനുള്ള തയ്യാറെടുപ്പിലാണ് പക്രു.
Next Story

RELATED STORIES

Share it