ഒരുകോടിയുടെ കഞ്ചാവും ഹഷീഷും പിടികൂടി

ചങ്ങനാശ്ശേരി: രാജ്യാന്തര മാര്‍ക്കറ്റില്‍ ഒരുകോടി രൂപയിലേറെ വിലവരുന്ന മൂന്നര കിലോ ഹഷീഷും(കഞ്ചാവ് ഓയില്‍) നാലര കിലോ കഞ്ചാവും പിടികൂടി. ഇവ വില്‍പനയ്ക്കായി കൊണ്ടുവന്ന പാമ്പാടി എട്ടാം മൈലിനു സമീപം വാടകയ്ക്കു താമസിക്കുന്ന ഇടുക്കി മാങ്കുളം ആറാംമൈല്‍ ആനിട്ടാംകുന്നില്‍ സജികുമാറി(47)നെ ചങ്ങനാശ്ശേരി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

ഇന്നലെ ഉച്ചയ്ക്കു 12.45ന് ചങ്ങനാശ്ശേരി കെഎസ്ആര്‍ടിസി സ്റ്റാന്റിനു സമീപത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഞ്ചാവുവേട്ട ശക്തമായി നടക്കവെ ഇതുമായി വരുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലാവുന്നത്. ചെറിയ പോളിത്തീന്‍ കവറുകളിലായി ഹഷീഷ് നിറച്ച് ഫോയില്‍ പേപ്പര്‍കൊണ്ട് പൊതിഞ്ഞശേഷം വീണ്ടും പേപ്പറിട്ട് പൊതിഞ്ഞ് നിരവധി പാ—ക്കറ്റുകളിലാക്കി ബാഗില്‍ സൂക്ഷിച്ചാണ് ഇവ ഇടപാടുകാരന് നല്‍കാനായി കൊണ്ടുവന്നത്. നേരത്തേ ഇതിന്റെ സാംപിള്‍ കാണിച്ച ശേഷം വില ഉറപ്പിച്ചാണ് ഇവ കൊണ്ടുവന്നതെന്ന് ഇയാള്‍ എക്‌സൈസ് സംഘത്തോടു പറഞ്ഞു.
ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്ന് ഇയാളുടെ സുഹൃത്തായ ഇടുക്കി സ്വദേശി കെനിയന്‍ ഷാജിയില്‍ നിന്നാണ് ഇത് വിലയ്‌ക്കെടുത്തു ട്രെയിന്‍ മാര്‍ഗം കൊണ്ടുവന്നത്. 10 വര്‍ഷം മുമ്പ് ഇടുക്കിയിലെ ഇടമലക്കുടിയില്‍ കഞ്ചാവുകൃഷി നടത്തിയിരുന്നതായും ഇയാള്‍ എക്‌സൈസിനോട് പറഞ്ഞു. രണ്ടു ഭാര്യമാരുള്ള ഇയാള്‍ ഒരു ഭാര്യയുമൊത്ത് രണ്ടരവര്‍ഷത്തോളം മലേസ്യയിലായിരുന്നു. ഒരു വര്‍ഷം മുമ്പ് തിരികെ വന്ന് ഷാജിയുമായി ഇടുക്കിയില്‍ ടയര്‍ റിപ്പയറിങ് കട തുടങ്ങിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ആന്ധ്രയിലേക്കു പോയ ഷാജിയുമായി ബന്ധപ്പെട്ട് രണ്ടുമാസം അവിടെ താമസിച്ച് ഹഷീഷ് ഉണ്ടാക്കുന്ന രീതികളും കഞ്ചാവ് വില്‍പനക്കാരുമായി പരിചയപ്പെടുകയും ചെയ്തു. അതിനുശേഷമാണ് ഇവ വാങ്ങി നാട്ടില്‍ വിതരണത്തിനായി കൊണ്ടുവരുന്നത്. ആദ്യമായിട്ടാണ് ഇതുമായി ചങ്ങനാശ്ശേരിയില്‍ എത്തിയതെന്നാണ് ഇയാള്‍ പറയുന്നത്.
ചങ്ങനാശ്ശേരി എക്‌സൈസ് സബ് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസ്, കോട്ടയം ഐ ബി എക്‌സൈസ് എസ്‌ഐ ദിവാകരന്‍, പ്രിവന്റീവ് ഓഫിസര്‍ പി കെ സജികുമാര്‍, സിവില്‍ ഓഫിസര്‍മാരായ സന്തോഷ്, എ നാസര്‍, ഡി സാജു, രതീഷ് കെ നായര്‍, ആര്‍ കെ രാജീവ്, മോളി, ഐ ബി ടീം അംഗങ്ങളായ എ മുഹമ്മദ് ഷെരീഫ്, വി രാജേഷ്, രാഹുല്‍ രാജ്, വിനോദ് കെ ആര്‍, സുനില്‍ പി എസ് എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it