kozhikode local

ഒരിഞ്ചു ഭൂമിപോലും തരിശിടാന്‍ അനുവദിക്കരുത്: മന്ത്രി

കോഴിക്കോട്: ജില്ലയില്‍ ഒരിഞ്ച് ഭൂമി പോലും തരിശാവാന്‍ അനുവദിക്കരുതെന്നും ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും തൊഴില്‍- എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ . ജില്ലാ പഞ്ചായത്തിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നളന്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച “വികസനോത്സവം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാര്‍ഷിക മേഖലയുടെ പുരോഗതിക്ക് തദ്ദേശ സ്ഥാപനങ്ങള്‍ മികച്ച പരിഗണന നല്‍കണം. റോഡും പാലവും കൂറ്റന്‍ കെട്ടിടങ്ങളും മാത്രമല്ല വികസനം. മനുഷ്യന് ജീവന്‍ നല്‍കുന്ന കൃഷിയും കര്‍ഷകനുമാണ് സമൂഹത്തില്‍ ഏറ്റവും ആദരിക്കപ്പെടേണ്ടത്. കര്‍ഷകന് ഉന്നതി കല്‍പ്പിക്കാനുള്ള മനസ്സാണ് നാം ആദ്യമായി വളര്‍ത്തിയെടുക്കേണ്ടത്. വിഷരഹിത ഭക്ഷണമാണ് രോഗ പ്രതിരോധത്തില്‍ ഏറ്റവും പ്രധാനം. കൃഷി ഭൂമിയില്ലാത്തവര്‍ക്കു പോലും ഗ്രോ ബാഗ് ഉപയോഗിച്ചും ടെറസിലും വിഷരഹിത പച്ചക്കറി കൃഷി ചെയ്യാം. നെല്‍കൃഷിക്ക് പ്രോത്സാഹനം നല്‍കണം. തരിശായ ഭൂമിയില്‍ ഒരു ഹെക്ടര്‍ നെല്‍കൃഷി ഇറക്കിയാല്‍ സര്‍ക്കാര്‍ 30,000 രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഖരമാലിന്യ സംസ്‌ക്കരണം, ജലസ്രോതസ്സുകളുടെ സംരക്ഷണം തുടങ്ങിയവയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കേണ്ട കടമകളാണ്. വികസനത്തില്‍ ഏറ്റവും കൂടുതല്‍ പങ്കു വഹിക്കാനാവുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ക്കാണെന്നും ജനജീവിതത്തിന്റെ എല്ലാ തലങ്ങളും സ്പര്‍ശിക്കുന്ന വികസനം ഏറ്റെടുത്ത് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന നവകേരളം യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു.ജില്ലാ കലക്ടര്‍ യു.വി. ജോസ് വെബ്‌സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച പത്മശ്രീ ഗുരു ചേമഞ്ചേരി, പത്മശ്രീ മീനാക്ഷിയമ്മ, വയലാര്‍ അവാര്‍ഡ് ജേതാവ് യു.കെ. കുമാരന്‍, യു.എല്‍.സി.സി പ്രസിഡന്റ് പാലേരി രമേശന്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, കോഴിക്കോട് പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കെ. പ്രേംനാഥ് എന്നിവരെ ആദരിച്ചു.നാഷണല്‍ ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് ജേതാക്കളായ പുല്ലൂരമ്പാറ സെന്റ് ജോസഫ് എച്ച്.എസ്.എസിലെ അപര്‍ണ റോയി, ലിസ്ബത്ത് കരോളിന്‍ ജോസഫ്, നാഷണല്‍ ജൂനിയര്‍ സ്‌കൂള്‍ മീറ്റ് ജേതാവ് അരുണ്‍ എ.സി എന്നിവര്‍ക്കും സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ രണ്ടാം സ്ഥാനം നേടിയ പുല്ലൂരമ്പാറ സെന്റ് ജോസഫ് എച്ച്.എസ്.എസിനും അവാര്‍ഡ് നല്‍കി. ജില്ലാ കേരളോത്സം ജേതാക്കളായ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് എന്നിവര്‍ക്കും കലാപ്രതിഭകള്‍ക്കും ചടങ്ങില്‍ ട്രോഫികള്‍ വിതരണം ചെയ്തു.
Next Story

RELATED STORIES

Share it