World

ഒരാഴ്ചയ്ക്കിടെ 240 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുഎന്‍

ജനീവ: സിറിയയില്‍ റഷ്യന്‍-സിറിയന്‍ സേനകളുടെ വ്യോമാക്രമണങ്ങളില്‍ ഒരാഴ്ചയ്ക്കിടെ 240 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുഎന്‍. യുദ്ധക്കുറ്റങ്ങളുടെ പരിധിയില്‍പെടുന്ന സൈനിക നടപടികളാണ് സിറിയയും റഷ്യയും സ്വീകരിക്കുന്നതെന്നും യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ സെയ്ദ് റഅദ് അല്‍ ഹുസയ്ന്‍ അറിയിച്ചു. ആക്രമണങ്ങള്‍ സംബന്ധിച്ച വീഡിയോ ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇദ്‌ലിബ് പ്രവിശ്യയില്‍ വിമത നിയന്ത്രണത്തിലുള്ള സരാഖിബില്‍ സൈന്യം വിഷവസ്തുക്കള്‍ ഉപയോഗിച്ച് രാസായുധ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങളും ഇതിലുള്‍പ്പെടുന്നു. കിഴക്കന്‍ ഗൂത്തയിലാണ് കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടതെന്നും യുഎന്‍ വ്യക്തമാക്കി. അതേസമയം, സിറിയയില്‍ 30 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്ന കാര്യം യുഎന്‍ രക്ഷാസമിതി പരിഗണിച്ചേക്കുമെന്നതിന്റെ സൂചനകള്‍ ഇന്നലെ പുറത്തുവന്നു. വെടിനിര്‍ത്തലിനുള്ള നിര്‍ദേശം യുഎന്‍ ഉദ്യോഗസ്ഥര്‍ നേരത്തേ മുന്നോട്ടുവച്ചിരുന്നെങ്കിലും രക്ഷാസമിതിയില്‍ പരാജയപ്പെട്ടിരുന്നു. റഷ്യന്‍ പ്രതിനിധിയുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് നിര്‍ദേശം അംഗീകരിക്കപ്പെടാതിരുന്നത്. കുവൈത്തും സ്വീഡനുമാണ് ഇപ്പോള്‍ വെടിനിര്‍ത്തല്‍ നിര്‍ദേശവുമായി മുന്നോട്ടുവന്നിട്ടുള്ളത്. കരട് പ്രമേയം 15 അംഗ സമിതിയുടെ പരിഗണനയ്ക്കായി അയച്ചിട്ടുണ്ട്. ചുരുങ്ങിയത് ഒമ്പത് അംഗങ്ങള്‍ക്കു പിന്തുണ ലഭിക്കുകയും റഷ്യ, യുഎസ്, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ വീറ്റോ അധികാരം ഉപയോഗിക്കാതിരിക്കുകയും ചെയ്താല്‍ പ്രമേയത്തിന് അംഗീകാരം ലഭിക്കും.
Next Story

RELATED STORIES

Share it