ഒരാള്‍ കൂടി മരിച്ചു; കഴക്കൂട്ടം സ്വദേശികളുടെ എണ്ണം നാലായി

എം എം അന്‍സാര്‍

കഴക്കൂട്ടം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ മല്‍സരക്കമ്പത്തിനിടെ നടന്ന സ്‌ഫോടനത്തിനിടെ കഴക്കൂട്ടം സ്വദേശിയായ ഒരാള്‍ കൂടി മരിച്ചു. ഇതോടെ ഈ പ്രദേശത്ത് മരിച്ചവരുടെ എണ്ണം നാലായി.
പാച്ചിറ കല്ലുപാലം പുതവല്‍പുത്തന്‍ വീട്ടില്‍ മോഹന്‍ദാസ്-ഷൈലജ ദമ്പതികളുടെ മകന്‍ എം വിനോദ് എന്ന കുട്ടന്‍ (34) ആണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ വെളുപ്പിനു മരിച്ചത്. വിനോദ് ഉള്‍പ്പെടുന്ന ആറംഗ സംഘം വെടിക്കെട്ട് കാണാനായി 9ന് രാത്രി 10 മണിയോടെ കാറിലാണ് പരവൂരിലെത്തിയത്. കമ്പത്തിന് തീ പിടിച്ചതോടെ വിനോദും സുഹൃത്തുക്കളും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കമ്പപ്പുര പൊട്ടിത്തെറിച്ച് കോണ്‍ക്രീറ്റ് പാളികള്‍ വിനോദിന്റെ കാലിലും നെഞ്ചിലും വന്നിടിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സജീര്‍, നൗഷാദ് മോനി, ലാലു, ഷിജു എന്നിവര്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇതില്‍ വിനോദിന് കാലിന് പൊട്ടലും ശരീരത്തിന് കാര്യമായ പരിക്കുമേറ്റിരുന്നു. കോണ്‍ക്രീറ്റ് പാളികള്‍ തെറിച്ചുവീണത് കാരണം ഞായറാഴ്ച രാത്രി വിനോദിന് അസഹനീയമായ നെഞ്ചുവേദനയുമുണ്ടായിരുന്നു. ഇന്നലെ രാവിലെയായിരുന്നു വിനോദിന്റെ മരണം. ഒപ്പമുണ്ടായിരുന്ന സജീര്‍ വാരിയെല്ലിനും നൗഷാദ് കാലിനും ഗുരുതര പരിക്കേറ്റ് ഇപ്പോഴും ചികില്‍സയിലാണ്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അണ്ടൂര്‍ക്കോണത്ത് സ്വതന്ത്ര സ്ഥനാര്‍ഥിയായി മല്‍സരിച്ച വിനോദ് നാടിനും നാട്ടാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. മഞ്ജുവാണ് ഭാര്യ. നാല് വയസ്സുള്ള അമ്മു, നാലു മാസം പ്രായമുള്ള അമ്മിണി എന്നിവര്‍ മക്കളാണ്.
കഴക്കൂട്ടത്തെ കരാറുകാരനായ ഉമേഷിന്റെ കമ്പസാമഗ്രികള്‍ എടുത്തുകൊടുക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന പള്ളിത്തുറ പുതുവല്‍പുരയിടത്തില്‍ സ്റ്റാന്‍ലി അല്‍മേദ (52), മേങ്ങോട്ടുള്ള പടക്കനിര്‍മാണശാലയില്‍ നിന്നു കമ്പസാധനങ്ങള്‍ ലോറിയില്‍ പരവൂരില്‍ എത്തിച്ച ശേഷം കമ്പം കാണുകയായിരുന്ന ഡ്രൈവറായ തുമ്പ ഫാത്തിമപുരം ശ്രേയസില്‍ ബിനോയ് ജോസ് (33), കമ്പം കാണാനായി ചന്തവിള ഉഴുന്നുവിള വീട്ടില്‍ നിന്നു 15 അംഗസംഘത്തോടൊപ്പം പോയ അനില്‍കുമാര്‍ (38) എന്നിവരാണ് ദുരന്തത്തില്‍ അപകടദിവസം തന്നെ മരിച്ചത്. പട്രീഷ്യയാണ് സ്റ്റാന്‍ലി അല്‍മേദയുടെ ഭാര്യ. എയ്ഞ്ചല്‍, പെര്‍പ്പത്തോ മക്കളുമാണ്. മിനിയാണ് ബിനോയ് ജോസിന്റെ ഭാര്യ. ശ്രേയ, ഡയാന എന്നിവരാണ് മക്കള്‍. വീണയാണ് അനില്‍കുമാറിന്റെ ഭാര്യ. വൈഗലക്ഷ്മിയും വേദലക്ഷ്മിയും മക്കളാണ്.
കരാറുകാരനായ ഉമേഷ് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ പോലിസ് കസ്റ്റഡിയില്‍ ചികില്‍സയിലാണ്. മുഖത്തും കൈക്കും പരിക്കേറ്റ ഇയാളെ ഇന്നലെ രാത്രിയോടെ സര്‍ജറിക്ക് വിധേയമാക്കിയതായാണ് അറിയുന്നത്. പരിക്കേറ്റ് മെഡിക്കള്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കരാറുകാരന്റെ അച്ഛന്‍ സുരേന്ദ്രന്‍ ആശാന്റെ നില അതീവ ഗുരുതരമായി തുടരുന്നു.
ഇയാളുടെ ഇളയ മകന്‍ ദീപു പരിക്കേറ്റ് കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണെന്നും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്. കമ്പം കാണാനായി പരവൂരില്‍ പോയ കഴക്കൂട്ടം സ്വദേശികളെ ഇനിയും കണ്ടെത്താനുണ്ടെന്നും നിരവധി പേര്‍ ഇപ്പോഴും ആശുപത്രിയിലാണെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it