malappuram local

ഒരാടംപാലം-വൈലോങ്ങര ബൈപാസ്: റിപോര്‍ട്ട് സമര്‍പ്പിച്ചു

മങ്കട: ഒരാടംപാലം-വൈലോങ്ങര ബൈപാസിന്റെ നിര്‍മാണ പ്രവൃത്തികള്‍ക്കായി തയ്യാറാക്കിയ വിശദ പദ്ധതി റിപോര്‍ട്ട് കിഫ്ബിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചതായി ടി എ അഹമ്മദ് കബീര്‍ എംഎല്‍എ അറിയിച്ചു. ബൈപാസിന് പന്ത്രണ്ട് മീറ്റര്‍ വീതിയിലാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇത്രയും ഭാഗം മണ്ണിട്ട് നികത്തുന്നതും, നീരൊഴുക്ക് തടയാതിരിക്കാന്‍ ഓടയും മറ്റും നിര്‍മിക്കുന്നതും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വിശദ പദ്ധതി റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. രണ്ട് വരി ഗതാഗതത്തിന് അനുയോജ്യമായ രീതിയില്‍ നിര്‍മിക്കുന്ന ഒരാടംപാലം-വൈലോങ്ങര ബൈപാസിന് 12.86 കോടി രൂപയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. ടി എ അഹമ്മദ് കബീര്‍ എംഎല്‍എയുടെ നിയമസഭാ ചോദ്യത്തിനുള്ള മറുപടിയില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അറിയിച്ചതാണിക്കാര്യം. അതേസമയം, ഒരാടംപാലം- മാനത്ത്മംഗലം ബൈപാസ് നിര്‍മാണത്തിന് പുതിയ അലൈന്‍മെന്റിന് ടോട്ടല്‍ സ്‌റ്റേഷന്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയായി വരുന്നതായും മന്ത്രി അറിയിച്ചു. റെയില്‍വേയുടെ ഭാഗം ടോട്ടല്‍ സ്‌റ്റേഷന്‍ സര്‍വേ നടത്തി അലൈന്‍മെന്റില്‍ ഏഴുകണ്ണിപ്പാലം ഒഴിവാക്കി റെയില്‍വെ സ്‌റ്റേഷന്‍ ഭാഗത്തേക്ക് നീക്കി പുതിയ അലൈന്‍മെന്റാണ് തയ്യാറാക്കുന്നത്. അലൈന്‍മെന്റും, സ്‌കെച്ചും, വെര്‍ട്ടിക്കല്‍ പ്രൊഫൈല്‍ സ്‌കെച്ചും ആവശ്യമായതിനാല്‍ അതിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. അതിര്‍ത്തി കല്ലുകള്‍ സ്ഥാപിച്ച സ്ഥലങ്ങളില്‍ ടോട്ടല്‍ സ്‌റ്റേഷന്‍ സര്‍വെ നടത്തിയെങ്കിലും പലയിടങ്ങളിലും കല്ലുകള്‍ കാണാതായിട്ടുണ്ട്. അലൈന്‍മെന്റില്‍ നഷ്ടമായ കല്ലുകള്‍ സ്ഥാപിക്കണം. ടോട്ടല്‍ സ്‌റ്റേഷന്‍ സര്‍വേ നടത്താനുള്ള പ്രവൃത്തി 4.9 ലക്ഷം രൂപയ്ക്ക് ടെണ്ടര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിലെ സര്‍വേ അനുസരിച്ച് പുഴയ്ക്ക് കുറുകെയുള്ള ഏഴുകണ്ണി റെയില്‍വേ പാലത്തിന് മുകളിലൂടെയാണ് റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കേണ്ടി വരിക. ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. പുഴയിലെ നീരൊഴുക്കിന് തടസ്സം വരുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കില്ലന്ന് നേരത്തെ റെയില്‍വേ വിഭാഗം അറിയിച്ചിട്ടുണ്ട്. നിലവിലുള്ള പാലത്തിന് മുകളിലൂടെ മറ്റൊരു പാലം നിര്‍മിക്കുമ്പോള്‍ ഉയരം കൂടുതലായി വരും അത് വലിയ പ്രയാസമാണ് സൃഷ്ടിക്കുക. ഈ സാഹചര്യത്തിലാണ് അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്തേക്ക് മാറ്റി റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കുന്നത് സംബന്ധിച്ച് പരിശോധന നടക്കുന്നത്.
Next Story

RELATED STORIES

Share it