ഒമ്പത് വിജിലന്‍സ് കേസുകളില്‍പ്പെട്ട ഉദ്യോഗസ്ഥന്‍ കൃഷിവകുപ്പ് തലപ്പത്ത്

സി എ സജീവന്‍

തൊടുപുഴ: അനധികൃത സ്വത്ത് സമ്പാദനമുള്‍പ്പെടെ ഒമ്പത് വിജിലന്‍സ് കേസുകളില്‍പ്പെട്ടയാള്‍ കൃഷിവകുപ്പിന്റെ തലപ്പത്ത് തുടരുന്നതായി ആക്ഷേപം. കൃഷിവകുപ്പ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കനെതിരേയാണ് വിവിധ വിജിലന്‍സ് കേസുകളുള്ളത്. ഇതില്‍ മൂന്നെണ്ണത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി തുടര്‍നടപടിക്കു സര്‍ക്കാരില്‍ നല്‍കിയിരിക്കുകയാണ്. ഒരു കേസില്‍ കുറ്റപത്രവുമായി. എന്നിട്ടും കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് കൃഷിവകുപ്പ് ഡയറക്ടര്‍ ആയി നിയമനം തരപ്പെടുത്തുകയായിരുന്നു. ഈ തസ്തികയില്‍ സ്ഥിരമായി തുടരാനുള്ള ഒരു ഉത്തരവുകൂടി ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
വ്യാജ വാഹന ബില്ലുകള്‍ നല്‍കി പണം വെട്ടിച്ചതാണ് ഏറ്റവും ഒടുവില്‍ പുറത്തറിഞ്ഞ ഇദ്ദേഹത്തിന്റെ വെട്ടിപ്പ്. വ്യാജ ബില്ലുകള്‍ നല്‍കി അനധികൃതമായി കൈപ്പറ്റിയ 18,839 രൂപ 18 ശതമാനം പലിശയോടെ തിരിച്ചടയ്ക്കാന്‍ കൃഷിവകുപ്പ് ഡയറക്ടറോട് നിര്‍ദേശിക്കുന്ന സര്‍ക്കാര്‍ ഉത്തരവും ഇറങ്ങിയിരുന്നു. എന്നാല്‍ അപ്പോഴേക്കും കൃഷിവകുപ്പ് ഡയറക്ടര്‍ കസേരയില്‍ ആരോപണ വിധേയന്‍ തന്നെ എത്തിയതിനാല്‍ 2016 ഫെബ്രുവരി 16ന് ഇറങ്ങിയ ഈ ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ല.
കൃഷിവകുപ്പ് അഡീഷനല്‍ ഡയറക്ടറായിരിക്കേ തൃശൂര്‍ കേരള സീഡ്‌സ് അതോറിറ്റിയുടെ ചുമതല വഹിച്ച വേളയിലാണ് രണ്ട് മോട്ടോര്‍ ബൈക്കുകളുടെ രജിസ്റ്റേര്‍ഡ് നമ്പറുകള്‍ ലോറികളുടേതാക്കി മാറ്റി പണം വെട്ടിച്ചതായി കണ്ടെത്തിയത്. വിവിധ കൃഷി ഭവനുകളിലേക്ക് വിത്തിനങ്ങള്‍ ലോറികളില്‍ കൊണ്ടുപോയതായി വ്യാജരേഖയുണ്ടാക്കുകയായിരുന്നു. ഈ തട്ടിപ്പന്വേഷിച്ച സെക്രട്ടേറിയറ്റ് പരിശോധനാ വിഭാഗം ഇദ്ദേഹം നല്‍കിയ വണ്ടി നമ്പറുകള്‍ മോട്ടോര്‍ബൈക്കുകളുടേതാണെന്നു കണ്ടെത്തിയിരുന്നു.
അനധികൃത സ്വത്ത് സമ്പാദ്യ കേസിലാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. വെജിറ്റബിള്‍ ആന്റ് ഫ്രൂട്‌സ് പ്രമോഷന്‍ കൗണ്‍സില്‍, കേരഫെഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ ചുമതല വഹിച്ചപ്പോഴും മറ്റു ജില്ലകളില്‍ ജോലി ചെയ്തിരുന്നപ്പോഴും ക്രമക്കേടുകള്‍ നടത്തിയതായി ആരോപണമുയര്‍ന്നിരുന്നു. വെജിറ്റബിള്‍ ആന്റ് ഫ്രൂട്‌സ് പ്രമോഷന്‍ കൗണ്‍സില്‍ സിഇഒ ആയിരിക്കെ വിദേശനാണ്യ വിനിമയചട്ടം ലംഘിച്ച് പച്ചക്കറി കയറ്റുമതി നടത്തിയത്, റെയ്ഡ്‌കോയില്‍ നിന്നും ജൈവവളം വാങ്ങിയത്, മുല്ലപ്പൂകൃഷി, നാളികേര നഴ്‌സറി ക്രമക്കേട് തുടങ്ങിയ കേസുകളിലാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്.
Next Story

RELATED STORIES

Share it