ഒമ്പതാമത്തെ ഗ്രഹത്തിനുള്ള സാധ്യത കുറവെന്ന് പഠനം

വാഷിങ്ടണ്‍: സൗരയൂഥത്തിലെ 'ഒമ്പതാമത്തെ ഗ്രഹ'ത്തിനുള്ള സാധ്യത കുറവെന്ന് ശാസ്ത്രജ്ഞര്‍. ഹാവഡ് സ്മിത്‌സോണിയന്‍ സെന്റര്‍ ഫോര്‍ ആസ്‌ട്രോഫിസിക്‌സ് പുറത്തിറക്കുന്ന ലെറ്റേഴ്‌സ് എന്ന ജേണലിലാണ് പുതിയ പഠനഫലം പ്രസിദ്ധീകരിച്ചത്. നെപ്റ്റിയൂണ്‍ ഗ്രഹത്തിനു സമാനമായ പിണ്ഡമുള്ള ഗ്രഹം സൂര്യനില്‍ നിന്ന് 6400 കോടി കിലോമീറ്ററിനും 22,500 കോടി കിലോമീറ്ററിനുമിടയിലുള്ള ഭ്രമണപഥത്തില്‍ വലയം ചെയ്യുന്നുവെന്നതിനുള്ള തെളിവുകള്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍, ഇത്രയും വിദൂരമായ ഭ്രമണപഥത്തിലെ ഗ്രഹത്തിലെ നിലനില്‍പിനെക്കുറിച്ച് ആദ്യം മുതല്‍ തന്നെ ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. 10 ശതമാനം മാത്രമാണ് സൗരയൂഥത്തില്‍ ഇത്തരമൊരു ഗ്രഹമുണ്ടാവാമെന്നതിനുള്ള സാധ്യതയെന്ന് ഹാവഡ് സ്മിത്‌സോണിയന്‍ സെന്റര്‍ ഫോര്‍ ആസ്‌ട്രോഫിസിക്‌സിലെ (സിഎഫ്എ) ഗവേഷകനായ സ്‌കോട്ട് കെന്യോണ്‍ അറിയിച്ചു.
മറ്റു നക്ഷത്രങ്ങളുടെ പരിധിയില്‍ നിന്നു വ്യതിചലിച്ചാവാം ഗ്രഹം സൂര്യനു ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തിയതെന്ന് ചില വിശദീകരണങ്ങള്‍ ഉയര്‍ന്നു വന്നെങ്കിലും ഇത്തരമൊരു സാധ്യത പിന്നീടു ശാസ്ത്രജ്ഞര്‍ തള്ളിക്കളഞ്ഞിരുന്നു. സൂര്യനോട് അടുത്ത ഭ്രമണ പഥത്തില്‍ രൂപപ്പെട്ട ഗ്രഹം പിന്നീട് അകന്നു പോയതാവാമെന്ന തരത്തിലുള്ള വിശദീകരണങ്ങളും ശാസ്ത്രജ്ഞര്‍ ഉന്നയിച്ചിരുന്നു. സൂര്യനില്‍ നിന്ന് 6400 കോടി കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ തന്നെ ഗ്രഹരൂപീകരണം നടന്നിരിക്കാനുള്ള സാധ്യതയും ഗവേഷകര്‍ പരിഗണിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു സാധ്യത വളരെ കുറവാണെന്നു കണ്ടെത്തിയതായും ജേണലിലെ പഠനഫലത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it