Flash News

ഒബിസി സംവരണം : സമുദായങ്ങളെ തരംതിരിക്കാന്‍ പുതിയ കമ്മീഷന്‍



ന്യൂഡല്‍ഹി: ഒബിസി വിഭാഗത്തിനു ലഭിക്കുന്ന സംവരണം സംബന്ധിച്ച് കൂടുതല്‍ പഠിക്കുന്നതിനായി കേന്ദ്രം പുതിയ കമ്മീഷനെ നിയോഗിച്ചു. ഡല്‍ഹി ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായ ജി രോഹിണി അധ്യക്ഷയായ അഞ്ചംഗ സമിതിയാണ് വിഷയം പരിഗണിക്കുക. ജി രോഹിണിക്കു പുറമേ ചെന്നൈ പോളിസി സ്റ്റഡീസ് വിഭാഗം ഡയറക്ടര്‍ ജെ കെ ബജാജ്, നരവംശ ശാസ്ത്ര വിഭാഗം ഡയറക്ടര്‍, സെന്‍സെസ് കമ്മീഷണര്‍, സാമൂഹികനീതി വകുപ്പ് ജോയിന്റ് സെക്രട്ടറി എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. കമ്മീഷന്‍ റിപോര്‍ട്ട് മുന്നു മാസത്തിനകം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സമര്‍പ്പിക്കും. ഇക്കഴിഞ്ഞ ആഗസ്ത് 23ന് ചേര്‍ന്ന മന്ത്രി സഭായോഗ തീരുമാന പ്രകാരമാണ് കമ്മീഷന്‍ രൂപീകരണം.നിലവില്‍ ഉപജാതി സംവരണം നിലവിലില്ലാത്ത ഒബിസി വിഭാഗത്തിനു ലഭിക്കുന്ന 27 ശതമാനം സംവരണം പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും ആനുപാതികമായി  വിതരണം ചെയ്യുന്നത്  സംബന്ധിച്ചായിരിക്കും കമ്മീഷന്‍ പ്രധാനമായും പഠനം നടത്തുക.സെന്‍ട്രല്‍ ലിസ്റ്റിലെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സമുദായങ്ങള്‍ക്കിടയില്‍ സംവരണ ജാതികള്‍ക്ക്് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ അസമത്വപരമായ വിതരണം, വിതരണത്തിന്റെ വ്യാപ്തി, സംവരണം സംബന്ധിച്ച ശാസ്ത്രീയ സമീപനം എന്നിവ തരം തിരിച്ചായിരിക്കും സമിതി പരിശോധിക്കുക.കമ്മീഷന്‍ റിപോര്‍ട്ട് അംഗീകരിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ തുല്യമായി വിതരണം ചെയ്യുകയും, കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങളിലെ പ്രവേശനം എന്നിവയില്‍ ഒബിസി വിഭാഗങ്ങളുടെ സംവരണനാനുകൂല്യം എല്ലാ സമുദായങ്ങള്‍ക്കും പ്രത്യേകമായി പരിഗണിക്കുന്നതിനും കേന്ദ്രം തയ്യാറാവുമെന്നാണ് റിപോര്‍ട്ട്. അതേസമയം, ഒബിസി വിഭാഗങ്ങളെ വീണ്ടും തരംതിരിച്ച് സംവരണം വെട്ടിക്കുറയ്ക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തൊട്ടുക്കും രാഷ്ട്രീയമായ അനന്തര ഫലങ്ങള്‍ ഉണ്ടാക്കുന്ന നടപടിക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
Next Story

RELATED STORIES

Share it