ഒബാമ ദലൈലാമയുമായി കൂടിക്കാഴ്ച നടത്തി

വാഷിങ്ടണ്‍: തിബത്തന്‍ ആത്മീയനേതാവ് ദലൈലാമയുമായി യുഎസ് പ്രസിഡന്റ് ബറാക് ഒബാമ വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ചൈന-യുഎസ് നയതന്ത്രബന്ധം വഷളാക്കുമെന്ന ചൈനയുടെ മുന്നറിയിപ്പ് മറികടന്നാണ് ലാമയുമായി ഒബാമ ചര്‍ച്ച നടത്തിയത്. തെക്കന്‍ ചൈനാക്കടലില്‍ ചൈന സ്വാധീനം ശക്തിപ്പെടുത്തുന്നതിന്റെ പേരില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന വേളയിലാണിത്. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ലാമയുടെ നാലാമത്തെ വൈറ്റ്ഹൗസ് സന്ദര്‍ശനമാണിത്. തിബത്തിലെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചാണ് കൂടിക്കാഴ്ചയ്ക്കിടെ ചര്‍ച്ച ചെയ്തതെന്ന് ലാമ ഫോക്‌സ് ന്യൂസിനോടു പറഞ്ഞു.അതേസമയം, തിബത്ത് ചൈനയുടെ ഭാഗമാണെന്ന യുഎസ് നിലപാടിന് മാറ്റമില്ലെന്ന് വൈറ്റ്ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് അറിയിച്ചു. കൂടിക്കാഴ്ച തികച്ചും വ്യക്തിപരമായിരുന്നെന്നാണ് വൈറ്റ്ഹൗസ് അറിയിച്ചത്. ചൈനയില്‍ തിബത്തിന് സ്വയംഭരണാവകാശം വേണമെന്ന് ആവശ്യമുന്നയിക്കുന്നതിനാല്‍ വിഘടനവാദിയായാണ് ലാമയെ ചൈന കാണുന്നത്. .
Next Story

RELATED STORIES

Share it