ഒബാമയുടെ ഹിരോഷിമാ സന്ദര്‍ശനം: കൊറിയയിലെ ദുരന്തബാധിതര്‍ പ്രതിഷേധിച്ചു

സോള്‍: യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ഹിരോഷിമ സന്ദര്‍ശനത്തിനെതിരേ അണുബോംബാക്രമണ ഇരകളായ കൊറിയക്കാരുടെ പ്രതിഷേധം. ഹിരോഷിമ നാഗസാക്കി ആക്രമണങ്ങളെ അതിജീവിച്ചവരും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പിന്‍തലമുറക്കാരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
1945 ആഗസ്തില്‍ ജാപനീസ് നഗരങ്ങളായ ഹിരോഷിമയിലും നാഗസാക്കിയിലും യുഎസ് നടത്തിയ അണുബോംബാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ 70,000ത്തോളം കൊറിയക്കാരും ഉള്‍പ്പെടുന്നു. ജാപനീസ് കോളനിയായിരുന്ന കൊറിയയില്‍ നിന്ന് ബാലവേലയ്ക്കായി കൊണ്ടുപോയ കുട്ടികളടക്കമുള്ളവര്‍ അന്ന് കൊല്ലപ്പെട്ടിരുന്നതായി അസോസിയേഷന്‍ ഓഫ് കൊറിയന്‍ ആറ്റോമിക് ബോംബ് വിക്റ്റിംസ് അറിയിച്ചു. കൊറിയയിലെ അണുബോംബ് ദുരന്തബാധിതരോട് മാപ്പുപറയുകയെന്ന പ്ലക്കാഡുയര്‍ത്തിയായിരുന്നു ദക്ഷിണകൊറിയന്‍ തലസ്ഥാനം സോളില്‍ നടന്ന പ്രതിഷേധത്തില്‍ ദുരന്തബാധിതരെത്തിയത്. യുഎസ് മാത്രമല്ല ജപ്പാനും തങ്ങളോടു മാപ്പുപറയണമെന്ന് സംഘടന ആവശ്യപ്പെട്ടു. ജപ്പാന്റെ ചൂഷണത്തിനും യുഎസിന്റെ ആക്രമണത്തിനും രണ്ടാംലോക യുദ്ധകാലത്ത് തങ്ങള്‍ ഇരയായതായും അവര്‍ പറഞ്ഞു.
ഇന്നത്തെ സന്ദര്‍ശനത്തോടെ ഒബാമ ഹിരോഷിമയിലെത്തുന്ന ആദ്യ യുഎസ് പ്രസിഡന്റാവും. ഒബാമയുടെ ഹിരോഷിമ സന്ദര്‍ശനം ആശങ്കയുയര്‍ത്തുന്നതാണെന്ന് ചൈന അഭിപ്രായപ്പെട്ടിരുന്നു. യുദ്ധകാലത്തെ യുഎസ് അതിക്രമങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ തേച്ചുമായ്ക്കുന്നതിനാണു സന്ദര്‍ശനമെന്നാണ് ചൈന അഭിപ്രായപ്പെട്ടത്.
Next Story

RELATED STORIES

Share it