ഒബാമയുടെ ക്യൂബന്‍ സന്ദര്‍ശനം സമാപിച്ചു

ഹവാന: യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ചരിത്രം തിരുത്തിക്കുറിച്ച ക്യൂബന്‍ സന്ദര്‍ശനത്തിന് പരിസമാപ്തി. സന്ദര്‍ശനത്തിന്റെ അവസാന ദിനത്തില്‍ ഒബാമ ക്യൂബന്‍ ജനതയ്ക്ക് 'പ്രതീക്ഷയുടെ ഭാവി' ആശംസിച്ചു. ഹവാനയിലെ ഗ്രാന്‍ഡ് തിയേറ്ററില്‍ ക്യൂബന്‍ ജനതയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ദശാബ്ദങ്ങള്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ ശീതയുദ്ധത്തിന്റെ അവസാന കണികയും സംസ്‌കരിക്കാനാണ് താന്‍ ക്യൂബയിലെത്തിയതെന്ന് ചാനലുകള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്ത പ്രസംഗത്തില്‍ ഒബാമ വ്യക്തമാക്കി.  യുഎസില്‍നിന്നോ 'ക്യൂബന്‍ ജനതയുടെ ശബ്ദത്തില്‍' നിന്നോ ഭീഷണിയുണ്ടാവുമെന്നു ഭയക്കേണ്ടതില്ലെന്നും ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയോട് ഒബാമ പറഞ്ഞു. ഇതിനിടെ, ഒബാമയുടെ മൂന്നു ദിവസത്തെ ക്യൂബന്‍ സന്ദര്‍ശനത്തിന്റെ അവസാന ദിനത്തിലെ സംയുക്ത വാര്‍ത്താസമ്മേളനം റൗളിന്റെ അപ്രതീക്ഷിത നീക്കം കൊണ്ടു ശ്രദ്ധേയമായി. മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള യുഎസ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം ക്ഷുഭിതനാക്കിയ റൗളിനെ ആശ്വസിപ്പിക്കാനെന്ന രൂപത്തില്‍ അടുത്തുവന്ന ഒബാമ തോളില്‍ കൈയിടാന്‍ ശ്രമിച്ചതോടെയാണ് സംഭവങ്ങള്‍ക്കു തുടക്കം. തോളിലേക്കു നീണ്ട ഒബാമയുടെ കൈ റൗള്‍ തട്ടിനീക്കുകയായിരുന്നു. തോളില്‍ തട്ടാനായി ഒബാമ ഉയര്‍ത്തിയ കൈ തോളില്‍ തട്ടാന്‍ അവസരം നല്‍കാതെതന്നെ റൗള്‍ പിടികൂടി. പിടിവിടുവിക്കാനുള്ള ശ്രമം നടക്കാതെവന്നതോടെ ഒബാമ കൈ വിട്ടുകൊടുത്തു. ബോക്‌സിങ് മല്‍സരത്തില്‍ ജയിച്ച കളിക്കാരനെ പോലെ ഒബാമയുടെ കൈകള്‍ ഉയര്‍ത്തി കാസ്‌ട്രോ മാധ്യമങ്ങള്‍ക്കു മുന്നില്‍ നിന്നു. സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഒബാമ അര്‍ജന്റീനയിലേക്കു തിരിച്ചു.
Next Story

RELATED STORIES

Share it