kasaragod local

ഒപ്പുമരംവീണ്ടും തളിര്‍ത്തു; പ്രക്ഷോഭങ്ങള്‍ക്ക് ആക്കംകൂട്ടാന്‍ സംഘടനകള്‍

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ഇരകളോടുള്ള അവകാശനിഷേധങ്ങള്‍ക്കെതിരേ സ്‌നേഹകൂട്ടായ്മയൊരുക്കി ഒപ്പുമരം വീണ്ടും തളിര്‍ത്തു. എന്‍വിസാജും (എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപോര്‍ട്ട് ഗ്രൂപ്പ്)  ജോയിന്റ് ഫോറം ഫോര്‍ ട്രൈബ്യൂണല്‍ റൈറ്റ്‌സും സംയുക്തമായാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഒപ്പുമരച്ചുവട്ടില്‍ നാലാം ഒപ്പുമര സമരം ആരംഭിച്ചത്.
ഭരണഘടന അവകാശലംഘനം/ഇരകള്‍ക്ക് നീതി കിട്ടാന്‍ ഇനി നാം എന്തുചെയ്യണം’ എന്ന വിഷയത്തില്‍ നടത്തിയ സംവാദം എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ ഉദ്ഘാടനം ചെയ്തു.
എഴുത്തുകാരായ സി വി ബാലകൃഷ്ണന്‍, സിവിക് ചന്ദ്രന്‍, സിനിമാനടന്മാരായ അലന്‍സിയര്‍, പ്രകാശ് ബാരെ, എന്‍ഡോസള്‍ഫാന്‍ സമരനായിക കെ ലീലാകുമാരിയമ്മ, എം എ റഹ്്മാന്‍, ജി ബി വത്സന്‍, കെ കെ അശോകന്‍, ഹസന്‍ മാങ്ങാട് സംബന്ധിച്ചു.
ചടങ്ങില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനും നഷ്ടപരിഹാരത്തിനുമായി സുപ്രീം കോടതി മുമ്പാകെ ബദല്‍ സത്യവാങ്മൂലം റിട്ടായി സമര്‍പ്പിച്ച് വിജയം വരിച്ചവരെ അലന്‍സിയര്‍, ലീലാകുമാരിയമ്മ ആദരിച്ചു. എന്‍വിസാജ് കെ എസ് അബ്ദുല്ല സ്മാരക സഹജീവന വീടുകള്‍ പദ്ധതി പ്രകാശ് ബാരെ പ്രഖ്യാപിച്ചു. വീടുകള്‍ക്ക് ചുറ്റുമതില്‍ ഉണ്ടാകുന്നതിനാവശ്യമായ തുകയുടെ ചെക്കുകള്‍ തലശേരി സൂര്യന്‍ ട്രസ്റ്റ് നല്‍കി.
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കെ വി ശരത്ചന്ദ്രന്‍ രചിച്ച വിതയ്ക്കുന്നവന്റെ ഉപമ എന്ന നാടകത്തിന്റെ സിഡി എന്‍ എസ് മാധവന്‍ സന്തോഷ് പനയാലിന് നല്‍കി പ്രകാശനം ചെയ്തു.
സാഹിറ റഹ്്മാന്‍ വരച്ച നൂറ് ചിത്രങ്ങളുടെ പ്രദര്‍ശനവും വില്‍പനയും കാര്‍ട്ടൂണിസ്റ്റ് കെ എ ഗഫൂര്‍ റോയ് നെറ്റോയ്ക്ക് നല്‍കി നിര്‍വഹിച്ചു. തുടര്‍ന്ന് പാട്ടുക്കൂട്ടം, ഓര്‍മ്മയായി മാറിയ സുമനസുകള്‍ക്ക് സ്മരണാഞ്ജലി എന്നിവയും അരങ്ങേറി. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കാന്‍ ബാധ്യതയുള്ള 200 കോടി ലഭ്യമാക്കുക, 2010ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച സമഗ്ര പാലിയേറ്റീവ് കെയര്‍ ആശുപത്രി ആരംഭിക്കുക, 1995ലെ നാഷണല്‍ എന്‍ വയണ്‍മെന്റല്‍ ട്രൈബ്യൂണല്‍ ബില്‍ അനുസരിച്ചുള്ള കേന്ദ്ര നഷ്ടപരിഹാര ട്രൈബ്യൂണല്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം ആരംഭിച്ചത്.
Next Story

RELATED STORIES

Share it