ഒന്നേകാല്‍ കിലോ കഞ്ചാവുമായി ഒരാള്‍ കൂടി പിടിയില്‍

മട്ടാഞ്ചേരി: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൊച്ചിയിലേക്ക് വന്‍ തോതില്‍ കഞ്ചാവ് എത്തുമെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലിസ് നടത്തുന്ന പരിശോധനയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി ഒരാള്‍ കൂടി പിടിയിലായി.
ചേര്‍ത്തല സ്വദേശി സനു സെബാസ്റ്റ്യന്‍(24)ആണ് ഞായറാഴ്ച മട്ടാഞ്ചേരി അസി.കമ്മീഷ്ണര്‍ കെ അനിരുദ്ധന്‍, തോപ്പുംപടി എസ്‌ഐ സി ബിനു എന്നിവര്‍ നടത്തിയ പരിശോധനയില്‍ കുടുങ്ങിയത്.
തോപ്പുംപടി കണ്ണമാലി ബസ് സറ്റോപ്പിന് സമീപം ബാഗില്‍ കഞ്ചാവുമായി നില്‍ക്കുകയായിരുന്ന ഇയാളെ പോലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പിടികൂടുകയായിരുന്നു. തമിഴ്‌നാട്ടിലെ നാമക്കലില്‍നിന്ന് കഞ്ചാവ് മൊത്തമായി വാങ്ങി കൊച്ചിയിലെത്തിച്ച് ആവശ്യക്കാര്‍ക്ക് വില്‍പന നടത്തുകയാണ് ഇയാളുടെ രീതി.
പതിനഞ്ച് ഗ്രാം വരുന്ന ചെറിയ പൊതികളിലാക്കി അഞ്ഞൂറ് രൂപ നിരക്കില്‍ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ് ഇയാള്‍ വില്‍പന നടത്തുന്നത്. തമിഴ്‌നാട്ടില്‍നിന്ന് ബസ് മാര്‍ഗമാണ് ഇയാള്‍ കഞ്ചാവ് കൊച്ചിയിലെത്തിക്കുന്നതെന്ന് പോലിസ് പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അഞ്ചര കിലോ കഞ്ചാവാണ് പോലിസ് പിടിച്ചെടുത്തത്. മട്ടാഞ്ചേരി കൂവപ്പാടത്തുനിന്ന് മൂന്നേകാല്‍ കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി ദേവേന്ദ്രനേയും ഐലന്റ് എടിച്ച് ഹോട്ടലിന് സമീപത്തുനിന്ന് ഒരു കിലോ കഞ്ചാവുമായി വടക്കാഞ്ചേരി സ്വദേശി ശ്രീജിത്തിനെ ഹാര്‍ബര്‍ പോലിസും ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച തോപ്പുംപടി പോലിസ് ഒന്നേകാല്‍ കിലോ കഞ്ചാവുമായി ഒരു യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇനിയും ലഹരി വസ്തുക്കള്‍ എത്താന്‍ സാദ്ധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലിസ് മട്ടാഞ്ചേരി അസി. കമ്മീഷ്ണര്‍ കെ അനിരുദ്ധന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കഞ്ചാവ് വില്‍പന; ഏലൂരിലും വൈപ്പിനിലും രണ്ടുപേര്‍ പിടിയില്‍
ഏലൂര്‍: കഞ്ചാവ് വില്‍പനക്കാരായ രണ്ടുപേരെ ഏലൂര്‍ പോലിസ് പിടികൂടി.
കൊച്ചി നസീര്‍ എന്നുവിളിക്കുന്ന ഏലൂര്‍ ഗ്യാസ് ഗോഡൗണിനുസമീപം താമസിക്കുന്ന നസീര്‍(39), ആലുവ സ്വദേശി ഷമീര്‍(29) എന്നിവരെയാണ് എസ്‌ഐ എസ്പി സുജിത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
കൊച്ചിയില്‍നിന്നും കഞ്ചാവ് വാങ്ങി ചെറിയ പൊതികളാക്കി യുവാക്കള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും നസീര്‍ വില്‍പന നടത്തുന്നുവെന്ന് പോലിസിന് രഹസ്യവിവരം ലഭിച്ചിരുന്നു. കുറച്ചുദിവസങ്ങളായി ഇയാള്‍ പോലിസിന്റെ നിരീക്ഷണത്തിലായിരുന്നു. ആലുങ്കല്‍ ജങ്ഷനില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. ഫാക്ട് മാര്‍ക്കറ്റിനു സമീപത്തുനിന്നാണ് ഷമീറിനെ പിടികൂടിയത്.
വൈപ്പിന്‍: പരാതി അന്വേഷിക്കാന്‍ ചെന്ന പോലിസ് പരാതിക്കാരന്റെ വീട്ടിലുണ്ടായിരുന്ന യുവാക്കളുടെ പക്കല്‍നിന്നും 10 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പുതുവൈപ്പ് അറക്കല്‍ ലൂയീസ്(22), പണ്ടാരപ്പറമ്പില്‍ എസ്റ്റല്‍ എന്നിവരുടെ പക്കല്‍നിന്നാണ് കഞ്ചാവ് പിടികൂടിയത്. തുടര്‍ന്ന് ഇരുവരേയും പോലിസ് കസ്റ്റഡിയിലെടുത്തു. കേസെടുത്ത ശേഷം ഇരുവരേയും ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞ ദിവസം പുതുവൈപ്പ് അറക്കല്‍ ആന്റണിയുടെ വീട്ടില്‍ ചിലര്‍ കയറി ആക്രമം നടത്തിയെന്ന് ആരോപിച്ച് വീട്ടുകാര്‍ ഞാറക്കല്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇത് അന്വേഷിക്കാന്‍ എസ്‌ഐ രഗീഷ് കുമാറിന്റെ നേതൃത്വത്തില്‍ പരാതിക്കാരന്റ വീട്ടില്‍ ചെന്നപ്പോഴാണ് കഞ്ചാവുമായി യുവാക്കള്‍ പിടിയിലായത്.
Next Story

RELATED STORIES

Share it