മലേഗാവ് സ്‌ഫോടനക്കേസ്; ഒമ്പതു മുസ്‌ലിം യുവാക്കള്‍ക്കു തടവറയില്‍ നഷ്ടമായത് അഞ്ചുവര്‍ഷം

മലേഗാവ് സ്‌ഫോടനക്കേസ്; ഒമ്പതു മുസ്‌ലിം യുവാക്കള്‍ക്കു തടവറയില്‍ നഷ്ടമായത് അഞ്ചുവര്‍ഷം
X
malegaon-finalമുംബൈ: ആദ്യം ലോക്കല്‍ പോലിസ്, പിന്നെ ഭീകരവിരുദ്ധ സ്‌ക്വാഡ്, സിബിഐ, ഒടുവില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തുടങ്ങി നാലു വിഭാഗങ്ങള്‍ മലേഗാവ് സ്‌ഫോടന കേസ് അന്വേഷിച്ചു. അറസ്റ്റിലായ ഒമ്പത് മുസ്‌ലിം യുവാക്കള്‍ക്ക് അപ്പോഴേക്കും ഇരുമ്പഴിക്കുള്ളില്‍ നഷ്ടമായത് അഞ്ചു വര്‍ഷം. കേസ് നടത്തിപ്പിനും മറ്റും ചെലവായ ലക്ഷങ്ങളുടെ ബാധ്യത വേറെ.
ഇവര്‍ക്കെതിരേ തെളിവില്ലെന്നും വെറുതെവിടുകയാണെന്നും ഇന്നലെ വിചാരണ കോടതി ജഡ്ജി വിധി പറയുമ്പോള്‍ കേട്ടുനിന്ന പ്രതികളുടേയും ബന്ധുക്കളുടെയും കണ്ണ് സന്തോഷാധിക്യത്താല്‍ നിറഞ്ഞു. സ്‌ഫോടന കേസിലൂടെ കളഞ്ഞുപോയ സല്‍പേരും നഷ്ടപ്പെട്ട യുവത്വവും ആരു തിരിച്ചുതരുമെന്ന ചോദ്യം മാത്രം ബാക്കി. ബന്ധുക്കളോടൊപ്പമാണു പ്രതികള്‍ ഇന്നലെ കോടതിയില്‍ ഹാജരായത്. 2006 സപ്തംബര്‍ 8ന് ബറാഅത്ത് നാളില്‍ മലേഗാവിലെ പള്ളിയിലും ഖബര്‍സ്ഥാനിലും സമീപത്തെ അങ്ങാടിയിലും മൂന്നു സ്‌ഫോടനങ്ങളുണ്ടായതാണ് കേസിനാധാരം. 37 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നൂറിലധികം പേര്‍ക്കു പരിക്കേറ്റു. നാസിക് റേഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക പോലിസ് സംഘം അന്വേഷിച്ചെങ്കിലും തുമ്പില്ലാത്തതിനെ തുടര്‍ന്ന് കേസ് ഭീകരവിരുദ്ധ സ്‌ക്വാഡിന് കൈമാറി.
ഇവരാണ് മലേഗാവിലെ ആറു പേരെയും മുംബൈയിലെ മൂന്നു പേരെയും പ്രതികളെന്നാരോപിച്ച് അറസ്റ്റ് ചെയ്തത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലേഗാവില്‍ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണു പ്രതികള്‍ സ്‌ഫോടനം നടത്തിയതെന്ന് പോലിസ് 'കണ്ടെത്തി'. അറസ്റ്റിലായവരെല്ലാം ബന്ധുക്കളോ കച്ചവടപങ്കാളികളോ ആയിരുന്നു. നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകരായ പ്രതികള്‍ പാകിസ്താനില്‍ നിന്നുള്ള ഭീകരരുടെ സഹായത്തോടെയാണ് സ്‌ഫോടനം നടത്തിയതെന്നും പോലിസ് തട്ടിവിട്ടു.
അറസ്റ്റിലായവര്‍ നിരപരാധികളാണെന്നും വിട്ടയക്കണമെന്നും പ്രാദേശിക തലത്തില്‍ ആവശ്യം ശക്തമായതോടെ കേന്ദ്രസര്‍ക്കാര്‍ അതേവര്‍ഷം ഡിസംബറില്‍ കേസ് സിബിഐക്ക് കൈമാറി.
ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ വഴിയേ സിബിഐയും സഞ്ചരിക്കുമ്പോഴാണ് 2008ല്‍ മലേഗാവിനെ ഞെട്ടിച്ച് മറ്റൊരു സ്‌ഫോടനമുണ്ടായത്. ഏഴുപേര്‍ കൊല്ലപ്പെട്ട ഈ സ്‌ഫോടനത്തിനു പിന്നില്‍ സംഘപരിവാര സംഘടനാംഗങ്ങളാണെന്ന് ഹേമന്ത് കര്‍ക്കറെയുടെ നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ സ്‌ക്വാഡ് കണ്ടെത്തിയതോടെ ചിത്രം മാറി.
സംഝോദ എക്‌സ്പ്രസിലുണ്ടായ സ്‌ഫോടന കേസില്‍ പ്രതിയായ ഹിന്ദുത്വ പ്രവര്‍ത്തകന്‍ സ്വാമി അസീമാനന്ദ മലേഗാവ് സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ താനുമായി ബന്ധമുള്ളവരാണെന്ന് 2010ല്‍ കുറ്റസമ്മതം നടത്തി.
പിന്നീടാണ് 2011ല്‍ കേസ് എന്‍ഐഎക്ക് കൈമാറിയത്. ഹിന്ദുത്വ വാദികളാണ് 2008ലെയും 2006ലെയും മലേഗാവ് സ്‌ഫോടനങ്ങള്‍ നടത്തിയതെന്ന് എന്‍ഐഎ കണ്ടെത്തി. നിലവില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുസ്‌ലിം യുവാക്കള്‍ക്ക് സ്‌ഫോടനത്തില്‍ പങ്കില്ലെന്നും എന്‍ഐഎ വ്യക്തമാക്കി. ഇതോടെ ഒരേ കേസില്‍ രണ്ട് വീതം പ്രതികള്‍ എന്ന അവസ്ഥയായി.
അതേസമയം, 2008ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ സന്ന്യാസിനി പ്രജ്ഞാസിങ് ഠാക്കൂറിനെതിരേ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേസില്‍ നിന്നൊഴിവാക്കാന്‍ എന്‍ഐഎ നീക്കം നടത്തുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. മറ്റൊരു പ്രതിയായ കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതിന്റെ പേര് കുറ്റപത്രത്തിലുണ്ടാവുമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. അടുത്തമാസം അന്തിമ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണറിയുന്നത്. പ്രതികള്‍ക്കെതിരായ മോക്ക നിയമപ്രകാരമെടുത്ത കേസ് ഒഴിവാക്കാനും ശ്രമം നടക്കുന്നുണ്ട്.
Next Story

RELATED STORIES

Share it