ഒന്നാം ടെസ്റ്റ്: ന്യൂസിലന്‍ഡ് കൂറ്റന്‍ ലീഡിലേക്ക്

ഡുനെഡിന്‍: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ന്യൂസിലന്‍ഡ് കൂറ്റന്‍ ലീഡിലേക്ക്. ന്യൂസിലന്‍ഡിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 431ന് മറുപടിയായി ശ്രീലങ്ക 294 റണ്‍സിന് പുറത്തായി.
137 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് ലഭിച്ച കിവീസ് മൂന്നാംദിനം കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 171 റണ്‍സെന്ന ശക്തമായ നിലയിലാണ്. ഒമ്പത് വിക്കറ്റ് കൈയിലിരിക്കേ ന്യൂസിലന്‍ഡിന് 308 റണ്‍സിന്റെ മികച്ച ലീഡുണ്ട്. ഇന്നലെ സ്റ്റംപെടുക്കുമ്പോള്‍ ഓപണര്‍ ടോം ലാതമിനൊപ്പം (72*) കെയ്ന്‍ വില്യംസനാണ് (48*) ക്രീസില്‍.
ഓപണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ (46) വിക്കറ്റ് മാത്രമാണ് ആതിഥേയര്‍ക്ക് ഇന്നലെ നഷ്ടമായത്. 128 പന്തില്‍ അഞ്ച് ബൗണ്ടറിയുള്‍പ്പെടുന്നതാണ് ലാതമിന്റെ ഇന്നിങ്‌സ്. 82 പന്ത് നേരിട്ട വില്യംസന്‍ അഞ്ച് ബൗണ്ടറി നേടി. 82 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ അര്‍ധസെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ഗുപ്റ്റിലിനെ രംഗനാ ഹെരാത്ത് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
മൂന്നാംദിനമായ ഇന്നലെ ലങ്ക ബാറ്റിങ് പുനരാരംഭിക്കുമ്പോള്‍ നാലു വിക്കറ്റിന് 197 റണ്‍സെന്ന ഭേദപ്പെട്ട നിലയിലായിരുന്നു. എന്നാല്‍, 97 റണ്‍സ് കൂടി ടീം സ്‌കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ശേഷിക്കുന്ന ആറു വിക്കറ്റുകളും ശ്രീലങ്കയ്ക്ക് നഷ്ടമാവുകയായിരുന്നു.
ഇതോടെ ലങ്കയുടെ ഒന്നാമിന്നിങ്‌സ് 294 റണ്‍സില്‍ അവസാനിക്കുകയും ചെയ്തു. ദിമുത് കരുണരത്‌നെയും (84) ദിനേഷ് ചാണ്ഡിമലുമാണ് (83) ലങ്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. കിവീസിനു വേണ്ടി ടിം സോത്തിയും നെയ്ല്‍ വാഗ്‌നറും മൂന്നു വിക്കറ്റ് വീഴ്ത്തി. ട്രെന്റ് ബോള്‍ട്ടും മിച്ചെല്‍ സാന്റ്‌നറും രണ്ടു വിക്കറ്റ് വീതം പങ്കിട്ടു.
Next Story

RELATED STORIES

Share it