ഒന്നാം ടെസ്റ്റ്: ദക്ഷിണാഫ്രിക്ക പൊരുതുന്നു

ഡര്‍ബന്‍: ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 303 റണ്‍സിന് മറുപടിയായി ആതിഥേയരായ ദക്ഷിണാഫ്രിക്ക പൊരുതുന്നു. രണ്ടാംദിനം 50 ഓവര്‍ പിന്നിട്ടപ്പോള്‍ നാലു വിക്കറ്റിന് 135 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ആറു വിക്കറ്റ് ബാക്കിനില്‍ക്കേ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് 168 റണ്‍സ് കൂടി വേണം.
അര്‍ധസെഞ്ച്വറിയുമായി ഡീന്‍ ഏല്‍ഗറും (66*) 10 റണ്‍സോടെ തെംബ ബാവുമായുമാണ് ക്രീസില്‍. 148 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് ഏല്‍ഗറിന്റെ ഇന്നിങ്‌സ്. ഒരുഘട്ടത്തില്‍ രണ്ടിന് 14 റണ്‍സെന്ന നിലയിലേക്ക് വീണ ആതിഥേയരെ ഏല്‍ഗറും വിക്കറ്റ് കീപ്പര്‍ എബി ഡിവില്ലിയേഴ്‌സും (49) ചേര്‍ന്ന് കരകയറ്റുകയായിരുന്നു.
79 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സ്. ഡിവില്ലിയേഴ്‌സിനു പുറമേ സ്റ്റിയാന്‍ വന്‍സായ് (0), ക്യാപ്റ്റന്‍ ഹാഷിം അംല (7), ഫഫ് ഡുപ്ലെസിസ് (2) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടമായത്. ഇംഗ്ലണ്ടിനു വേണ്ടി സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്നു വിക്കറ്റ് വീഴ്ത്തി.
നേരത്തെ നാലു വിക്കറ്റിന് 179 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 303 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. 236 പന്തില്‍ എട്ട് ബൗണ്ടറിയുടെ അകമ്പടിയില്‍ 85 റണ്‍സെടുത്ത നിക് കോംപ്റ്റനാണ് സന്ദര്‍ശകരുടെ ടോപ്‌സ്‌കോറര്‍. ജെയിംസ് ടെയ്‌ലറും (70) അര്‍ധസെഞ്ച്വറിയോട് ഇംഗ്ലണ്ടിനു വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഡെയ്ല്‍ സ്റ്റെയ്‌നും മോര്‍നെ മോര്‍ക്കലും നാലു വിക്കറ്റ് വീഴ്ത്തി മിന്നി.
Next Story

RELATED STORIES

Share it