malappuram local

ഒന്നര ലക്ഷം രൂപയുടെ കഞ്ചാവുമായി മൊത്ത വിതരണക്കാരിലെ പ്രധാനി പിടിയില്‍

മഞ്ചേരി: ജില്ലയില്‍ കഞ്ചാവ് വില്‍പന രംഗത്ത് സജീവമായ മൊത്തവിതരണക്കാരിലെ പ്രധാനി മഞ്ചേരിയില്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. തിരൂര്‍ വെട്ടം ആലിന്‍ ചുവട് സ്വദേശി അരയന്റെ പുരയ്ക്കല്‍ വീട്ടില്‍ ഹുസയ്ന്‍(51) ആണ് അറസ്റ്റിലായത്. മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി ആര്‍ അനില്‍കുമാറിന്റെ നിര്‍ദേശത്തില്‍ മഞ്ചേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്യാംകുമാറും  സംഘവും, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ പരിശോധനയില്‍ മഞ്ചേരി തുറക്കല്‍ ജങ്ഷനില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്.ആന്ധ്രയില്‍ നിന്നും തീവണ്ടിയില്‍ കൊണ്ടുവന്ന നാലുകിലോഗ്രാം കഞ്ചാവും എക്‌സൈസ് സംഘം പിടിച്ചെടുത്തു. ഇതിന് വിപണിയില്‍ ഒരു ലക്ഷം രൂപ വിലവരും. ആന്ധ്രയില്‍ നിന്നും കിലോഗ്രാമിന് 5000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ 25000 രൂപയ്ക്കാണ് വില്‍ക്കുന്നത്. കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘങ്ങളുമായി ഇയാള്‍ക്കു നേരിട്ട്  ബന്ധമുണ്ട്. ചോദ്യം ചെയ്യലില്‍ ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്തുന്ന സംഘങ്ങളെക്കുറിച്ച് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി ശ്യാംകുമാര്‍ പറഞ്ഞു. മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് , തെലുങ്ക്, അറബി എന്നീ ഭാഷകള്‍ പിടിയിലായ ഹുസയ്ന്‍ കൈകാര്യം ചെയ്യും. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന കഞ്ചാവ് ചില്ലറ വില്‍പനക്കാര്‍ക്കാണ് വില്‍പന നടത്തുന്നത്. ഇയാളില്‍ നിന്നും കഞ്ചാവ് വാങ്ങുന്നവരും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.വടകര എന്‍ഡിപിഎസ്  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫിസര്‍മാരായ ജയപ്രകാശ്, അബ്ദുല്‍ നാസര്‍,സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ രഞ്ജിത്ത്, സഫീറലി, പ്രദീപ്, സജിത്ത്, പ്രശാന്ത് ഉണ്ണികൃഷ്ണന്‍ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച്ച രണ്ടു കിലോ കഞ്ചാവുമായി കാരക്കുന്ന് നിന്ന് ഒരാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ക്രിസ്തുമസ്-പുതുവല്‍സരാഘോഷം മുന്‍നിര്‍ത്തി ലഹരി വസ്തുക്കള്‍ക്കെതിേര ശക്തമായ പരിശോധനകള്‍ തുടരുമെന്ന് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it