kozhikode local

ഒന്നരപ്പതിറ്റാണ്ട് നീണ്ട നിയമയുദ്ധത്തിന് പരിസമാപ്തി : ദേവസ്യ ബാങ്ക് സെക്രട്ടറിയായി



മുക്കം: ദീര്‍ഘനാളത്തെ നിയമയുദ്ധത്തിനൊടുവില്‍ സഹകരണ ബാങ്ക് ജീവനക്കാരന് നീതി ലഭിച്ചു. മുക്കം സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ പി ജെ ദേവസ്യയ്ക്കാണ് ഒന്നര ദശാബ്ദത്തെ നിയമയുദ്ധത്തിനൊടുവില്‍ അവകാശപ്പെട്ട ബാങ്ക് സെകട്ടറി സ്ഥാനം കോടതി വിധിയിലൂടെ തിരിച്ചു കിട്ടിയത്.ബാങ്കില്‍ ചീഫ് അക്കൗണ്ടന്റായിരുന്ന ദേവസ്യയെ 2002 ജനുവരി 21 ല്‍ സസ്പന്റ് ചെയ്തതോടെയാണ് പ്രശ്‌നത്തിന്റെ തുടക്കം. സസ്പന്‍ഷനെ തുടര്‍ന്ന് തരംതാഴ്ത്തലും പിരിച്ചുവിടലുമെല്ലാം ദേവസ്യയ്ക്ക് അനുഭവിക്കേണ്ടി വന്നു. അതിനെതുടര്‍ന്ന് നീതി തേടിദേവസ്യ നടത്തിയ നിയമ പോരാട്ടം ഒന്നര ദശാബ്ദത്തോളംനീളുകയായിരുന്നു.ബാങ്ക് നിയോഗിച്ച അച്ചടക്ക ഉപസമിതിയാണ് ചീഫ് അക്കൗണ്ടന്റായിരുന്ന ദേവസ്യയെ മൂന്നു തസ്തിക താഴെയുള്ള സീനിയര്‍ ക്ലാര്‍ക്ക് തസ്തികയിലേക്ക് തരംതാഴ്ത്തി ആദ്യ ശിക്ഷാ നടപടി സ്വീകരിച്ചത്. ഉപ സമിതിയുടെ ഈ നടപടി പിന്നീട് ഭരണ സമിതി ശരിവച്ചു.തുടര്‍ന്ന് ദേവസ്യ നല്‍കിയ പരാതി ജോയന്റ് റജിസ്ട്രാര്‍ പരിഗണിക്കുന്നതിനിടെ 21.11.2002 ല്‍  ബാങ്ക്  ഈ ജീവനക്കാരനെ ജോലിയില്‍ നിന്നു പിരിച്ചുവിടുകയും ചെയ്തു.അങ്ങനെ ഗത്യന്തര മില്ലാതെ ആരംഭിച്ച നിയമയുദ്ധമാണ് ഒന്നര ദശാബ്ദത്തിനൊടുവില്‍ ശുഭമായി പര്യവസാനിച്ചത്.ഇക്കഴിഞ്ഞ മാര്‍ച്ച് 27നാണ് ദേവസ്യയുടെറിട്ട് ഹര്‍ജി തീര്‍പ്പാക്കി കേരള ഹൈക്കോടതി  വിധി പ്രഖ്യാപിച്ചത്. വിധിയുടെ അടിസ്ഥാനത്തില്‍ ബാങ്ക് ദേവസ്യയെ 1.6.2003 മുതല്‍ പ്രാബല്യത്തോടെ അസിസ്റ്റന്റ് സെക്രട്ടറിയായും 15.11.2003 മുതല്‍ പ്രാബല്യം നല്‍കി സെക്രട്ടറിയായും പ്രമോട്ടു ചെയ്തു നിയമിച്ചു കഴിഞ്ഞു. ദേവസ്യ ഇക്കഴിഞ്ഞ രണ്ടിന് ബാങ്ക് സെക്രട്ടറിയുടെ ചുമതല ഏല്‍ക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it