kasaragod local

ഒന്നരക്കിലോ ആഭരണവും പണവും കവര്‍ന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: സ്വര്‍ണാഭരണ വില്‍പ്പനക്കാരനായ തൃശൂര്‍ സ്വദേശി ടോണിയെ അടിച്ചു വീഴ്ത്തി ഒന്നരക്കിലോ ആഭരണങ്ങളും 4,36,350 രൂപയും കവര്‍ന്ന സംഭവത്തില്‍ മൂന്നുപേരെ കാസര്‍കോട് സിഐ പി കെ സുധാകരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
പൈവളിഗെ ബായിക്കെട്ട ഹൗസിലെ അബ്ദുല്‍ ഹമീദ് എന്ന ഗുജിരി അമ്മി, (30) കര്‍ണാടക ഹളിഗെ വിട്ടാല ഉക്കിട ദര്‌പേ ഹൗസിലെ അബ്ദുല്‍ റാസിക് എന്ന റാസിക് (23), പി മന്‍സൂര്‍ (32) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച കെഎ 19 എംഡി 5414 സ്വിഫ്റ്റ് കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കവര്‍ച്ച ചെയ്ത 1318.133 ഗ്രാം സ്വര്‍ണാഭരണങ്ങളില്‍ നിന്ന് 748.58 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ അബ്ദുല്‍ഹമീദ് താമസിച്ച വായവളപപ്പ് വീട്ടില്‍ നിന്നും കണ്ടെടുത്തു.
കണ്ടെടുത്ത കാര്‍ അമ്മിയുടെതാണന്ന് പോലിസ് പറഞ്ഞു. റാസിക്കിനെയും മന്‍സൂറിനെയും ഇന്നലെ രാവിലെ പത്തരയോടെയും അമ്മിയെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയുമാണ് അറസ്റ്റ്‌ചെയ്തത്. ജനുവരി 12ന് രാത്രി ഏഴരയ്ക്കാണ് സംഭവം. ടോണി കര്‍ണാടകയിലെ ജ്വല്ലറിയില്‍ സ്വര്‍ണാഭരണങ്ങള്‍ വിതരണം ചെയ്തശേഷം ബാക്കി സ്വര്‍ണവും വിറ്റുകിട്ടിയ പണവുമായി കാസര്‍കോട് കെഎസ്ആര്‍ടിസി ബസില്‍നിന്നിറങ്ങി സമീപത്തെ ഹോട്ടലില്‍ ചായകുടിക്കാന്‍ കയറവെയാണ് തലക്കടിച്ചു വീഴ്ത്തി പണവും സ്വര്‍ണവും തട്ടിപ്പറിച്ചത്.
അറസ്റ്റിലായ മന്‍സൂര്‍ കര്‍ണാടകയിലെ ഒരു ജ്വല്ലറിയിലെ സെയില്‍സ്മാനാണ്. ടോണി ഈ ജ്വല്ലറിയില്‍ സ്വര്‍ണാഭരണം വിതരണം ചെയ്യുന്ന ആളും. ടോണിയുടെ നീക്കങ്ങള്‍ അറിഞ്ഞ മന്‍സൂറാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പോലിസ് പറഞ്ഞു. ഈ കേസില്‍ മൊത്തം പത്ത് പ്രതികള്‍ ഉണ്ടെന്ന് സിഐ പറഞ്ഞു.
80 കിലോ കഞ്ചാവുമായി കഴിഞ്ഞ ദിവസം ഗുജിരി അമ്മിയെ പിടികൂടിയോടെയാണ് ഈ കേസിനു തുമ്പായത്. അന്വേഷണ ടീമില്‍ എസ്‌ഐമാരായ രത്‌നാകരന്‍, മോഹനന്‍, സിപിഒ ഗിരീഷ്, സ്‌പെഷ്യല്‍ ടീം അംഗങ്ങളായ ഫിലിപ്പ് തോമസ്, നാരായണന്‍, ബാലകൃഷ്ണന്‍, ലക്ഷ്മിനാരായണന്‍, അബൂബക്കര്‍, ഓസ്റ്റിന്‍തമ്പി, വി ദീപക്, കെ ശ്രീജിത്ത് പടന്ന, സി സജിത്ത്, സുമേഷ് എന്നിവരും ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it