ഒഡീഷ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ വസതിയില്‍

ബിജെപി അക്രമം; നാലുപേര്‍ അറസ്റ്റില്‍ ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഔദ്യോഗിക വസതി ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഐഎഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ വി കെ പാണ്ഡ്യന്റെ വസതിയിലാണ് ബിജെപി പതാകയുമേന്തിവന്നവര്‍ ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു. അക്രമികള്‍ വസതിയിലെ പൂച്ചട്ടികള്‍ തകര്‍ത്തു. വസതിയുടെ പ്രധാന ഗേറ്റില്‍ ചാണകമെറിയുകയും ചെയ്തു. പാണ്ഡ്യന്‍ ഭരണകക്ഷിയായ ബിജെഡിക്കു വേണ്ടി പ്രവര്‍ത്തിക്കുകയും രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം. അക്രമികള്‍ തന്നെ മര്‍ദിക്കുകയും പാര്‍ക്ക് ചെയ്ത ചില വാഹനങ്ങള്‍ കേടുവരുത്തുകയും ചെയ്തതായി വസതിയിലെ ഒരു ജീവനക്കാരന്‍ പറഞ്ഞു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ വസതിയില്‍ നടന്ന ആക്രമണം പോലിസ് ഗൗരവത്തിലെടുത്തിട്ടുണ്ടെന്നു പോലിസ് കമ്മീഷണര്‍ വൈ ബി ഖുവാരിയ പറഞ്ഞു. നിയമരാഹിത്യം പൊറുപ്പിക്കില്ലെന്നും അക്രമികള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം ദൗര്‍ഭാഗ്യകരമാണെന്നും ബിജെപി നേതാക്കളുടെ യഥാര്‍ഥ മനോഘടന തുറന്നുകാണിക്കപ്പെട്ടുവെന്നും ബിജെഡി വക്താവും എംപിയുമായ പ്രതാപ് ദേബ് പറഞ്ഞു. ജനാധിപത്യത്തില്‍ അക്രമം അസ്വീകാര്യമാണ്. അക്രമികള്‍ക്കെതിരേ നടപടി ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമാവുന്നതും ഭരണകക്ഷിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതും ശരിയല്ലെന്നു ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സമീര്‍ മൊഹന്തി പറഞ്ഞു.
Next Story

RELATED STORIES

Share it