ഒഡീഷയില്‍ വെള്ളപ്പൊക്ക സാധ്യതാ ഭീഷണി

ഭുവനേശ്വര്‍: തിത്‌ലി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡീഷയില്‍ കനത്ത മഴ തുടരുന്നു. ഇന്നും നാളെയുമായി ഒഡീഷയില്‍ മഴയുണ്ടാവുമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിത്‌ലി ചുഴലിക്കാറ്റുമൂലം ഗജാപതി, ഗഞ്ചം ജില്ലകളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് വന്‍സധാര നദിയില്‍ വെള്ളപ്പൊക്കസാധ്യത കൂടുകയാണ്. ഒഡീഷയിലും ആന്ധ്രപ്രദേശിലെ ഗജപതി ജില്ലകളിലും ഗതാഗതവും വാര്‍ത്താ വിനിമയ മാര്‍ഗങ്ങളും തടസ്സപ്പെട്ടു.
ആന്ധ്രയില്‍ ഗജപതി ജില്ലയിലാണ് കൂടുതല്‍ നാശം സംഭവിച്ചത്. ആന്ധ്രയിലെ ഗഞ്ചം ജില്ലയിലും പ്രകൃതിദുരന്തം ബാധിച്ചെങ്കിലും തോത് കുറവായിരുന്നു. ഒഡീഷയിലെ 18 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. തീരപ്രദേശ മേഖലയില്‍ ഇതുവരെ മൂന്നുലക്ഷം പേരെ ഒഴിപ്പിച്ചു.
ഗഞ്ചം ജില്ലയില്‍ 105ഉം ജഗസിങ്പൂരില്‍ 18ഉം ഗര്‍ഭിണികളെ ആശുപത്രിയിലേക്ക് മാറ്റി. മഴയെ തുടര്‍ന്ന് 16 തീവണ്ടികള്‍ റെയില്‍വേ റദ്ദാക്കി. ഒമ്പതു തീവണ്ടികള്‍ തിരിച്ചുവിട്ടു. ബെര്‍ഹാംപൂര്‍ ഫാസ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്ക് മുങ്ങിയതിനെ തുടര്‍ന്നാണ് തീവണ്ടികള്‍ റദ്ദാക്കിയത്. ഇരു സംസ്ഥാനങ്ങളിലും നാശംവിതച്ച തിത്‌ലി കൊടുങ്കാറ്റ് ഗോവയ്ക്കും ഭീഷണിയാവുന്നുണ്ട്. ഗോവയില്‍ വിനോദസഞ്ചാരത്തിന് എത്തിയവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ഇന്നലെ ബിഹാര്‍ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് ഒഡീഷ തീരപ്രദേശത്ത് വെള്ളപ്പൊക്കമുണ്ടാവാന്‍ സാധ്യത കൂടുതലാണ്.

Next Story

RELATED STORIES

Share it