Flash News

ഒടുവില്‍ നീതി; ഐഎസ്ആര്‍ഒ ചാരക്കേസില്‍ 24 വര്‍ഷത്തിനുശേഷം ഇരയ്ക്കനുകൂലമായി വിധി

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ഏറെ വിവാദമായ ഐഎസ്ആര്‍ഒ ചാരക്കേസില്‍ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രിംകോടതി വിധി. കേസ് അന്വേഷിച്ച ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു. മുന്‍ എഡിജിപി സിബി മാത്യൂസ്, കെ കെ ജോഷ്വാ, എസ് വിജയന്‍ എന്നിവര്‍ക്കെതിരേ സുപ്രിംകോടതി മുന്‍ ജഡ്ജി ഡി കെ ജെയിനിന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം നടത്തുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കേസില്‍ തന്നെ കുടുക്കിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹരജിയിലാണ് സുപ്രധാന വിധി വന്നിരിക്കുന്നത്. നഷ്ടപരിഹാരത്തുക സംസ്ഥാന സര്‍ക്കാര്‍ എട്ടാഴ്ചയ്ക്കകം നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതിനും നമ്പി നാരായണന്‍ നേരിടേണ്ടിവന്ന മാനസിക പീഡനത്തിനുമാണ് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രിംകോടതി വിധിച്ചിരിക്കുന്നത്. നമ്പി നാരായണന്‍ കടുത്ത മാനസിക പീഡനത്തിന് ഇരയാവുകയും വലിയ അപമാനം നേരിടുകയും ചെയ്തു. അദ്ദേഹത്തിന്റെ അറസ്റ്റ് അനാവശ്യമായിരുന്നു. അദ്ദേഹത്തിന്റെ ആത്മാഭിമാനം തന്നെ ഇല്ലാതാക്കുന്ന നടപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും സുപ്രിംകോടതി വ്യക്തമാക്കി.
ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്തുന്നതിന് മൂന്നംഗ സമിതിക്കാണ് സുപ്രിംകോടതി രൂപം നല്‍കിയിരിക്കുന്നത്. എന്നാല്‍, ജസ്റ്റിസ് ജെയിനിന് പുറമെ, സമിതിയിലെ മറ്റു രണ്ടംഗങ്ങളില്‍ ഒരാളെ കേന്ദ്രസര്‍ക്കാരിനും രണ്ടാമത്തെ അംഗത്തെ സംസ്ഥാന സര്‍ക്കാരിനും നിര്‍ദേശിക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ വസ്തുതാപരമായ കാര്യങ്ങള്‍ ഈ സമിതി പരിശോധിക്കും. ഓഫിസ് ഡല്‍ഹിയില്‍ ആയിരിക്കുമെങ്കിലും സമിതിക്ക് കേരളത്തിലും സിറ്റിങ് നടത്താവുന്നതാണ്. ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കണം.
അതേസമയം, ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നേരത്തേ കീഴ്‌ക്കോടതിയില്‍ നല്‍കിയിട്ടുള്ള കേസുമായി അദ്ദേഹത്തിന് മുന്നോട്ടുപോകാമെന്നും സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. തന്നെ അനാവശ്യമായി ചാരക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥരെ വെറുതെ വിടരുതെന്നും കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നുമായിരുന്നു നമ്പി നാരായണന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. നഷ്ടപരിഹാരത്തിനല്ല പ്രഥമ പരിഗണനയെന്ന് നമ്പി നാരായണന്‍ കേസിന്റെ വാദത്തിനിടെ കോടതിയില്‍ നേരിട്ടു വ്യക്തമാക്കിയിരുന്നു. മുമ്പ് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന് നല്‍കിയിരുന്നു.
50 ദിവസത്തോളം നമ്പി നാരായണന് ജയിലില്‍ കഴിയേണ്ടിവന്ന കേസില്‍, വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് സിബിഐയും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്ച അന്വേഷിക്കാന്‍ തയ്യാറാണെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഇടതു സര്‍ക്കാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കാതെ തീരുമാനം കോടതിക്ക് വിടുകയായിരുന്നു.
1994 നവംബര്‍ 30നാണ് ഔദ്യോഗിക രഹസ്യനിയമപ്രകാരം നമ്പി നാരായണനെ ചാരക്കേസില്‍പ്പെടുത്തി കേരള പോലിസ് അറസ്റ്റ് ചെയ്തത്. പിന്നീട് 1998ല്‍ കോടതി കുറ്റവിമുക്തനാക്കി. ഇതോടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. കമ്മീഷന്‍ ഇടക്കാല നഷ്ടപരിഹാരമായി 10 ലക്ഷം രൂപ അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹരജി ഡിവിഷന്‍ ബെഞ്ച് തള്ളി.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നെങ്കിലും കേസ് അവസാനിപ്പിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതേത്തുടര്‍ന്നാണ് നമ്പി നാരായണന്‍ നീതി തേടി സുപ്രിംകോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it