malappuram local

മലപ്പുറം കോട്ടക്കുന്ന് അമ്യൂസ്‌മെന്റ് പാര്‍ക്ക് : ഒടുവില്‍ ഇരുമ്പുവിലയ്ക്ക് തൂക്കി വില്‍ക്കുന്നു

മലപ്പുറം കോട്ടക്കുന്ന് അമ്യൂസ്‌മെന്റ് പാര്‍ക്ക് : ഒടുവില്‍ ഇരുമ്പുവിലയ്ക്ക് തൂക്കി വില്‍ക്കുന്നു
X


നഹാസ്  എം  നിസ്താര്‍

മലപ്പുറം: മലപ്പുറം കോട്ടക്കുന്നിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ കോടികള്‍ വിലവരുന്ന ഉപകരണങ്ങളും അനുബന്ധ വസ്തുക്കളും നഗരസഭ ഇരുമ്പുവിലക്ക് തൂക്കി വില്‍ക്കുന്നു. നഗരസഭയുടെ നിര്‍ദേശപ്രകാരം കോഴിക്കോട്ടു നിന്നുള്ള പൊതുമരാമത്ത് വകുപ്പിലെ എന്‍ജിനീയറിങ് വിഭാഗം സ്ഥലം സന്ദര്‍ശിച്ച് ഉപകരണങ്ങള്‍ക്ക് 1.7 കോടി രൂപ വില നിശ്ചയിച്ചു. എന്നാല്‍, ഇത്രയും തുകയ്ക്ക് പഴയ വസ്തുക്കള്‍ എടുക്കാന്‍ ആളെ കിട്ടാതെ വന്നതോടെ മുഴുവന്‍ ഉപകരണങ്ങളും തുരുമ്പുവിലയ്ക്ക് വില്‍പന നടത്താന്‍ പഴയ ആക്രി മൊത്ത വസ്തു വ്യാപാരികളെ സമീപിച്ചതായാണ് വിവരം. 2008ല്‍ നാലരക്കോടി രൂപ മുടക്കിയാണ് നഗരസഭ കോട്ടക്കുന്നില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് തുടങ്ങിയത്. റവന്യൂ വകുപ്പിന്റെ കീഴിലായിരുന്ന അഞ്ചര ഏക്കര്‍ ഭൂമി നഗരസഭ ഏറ്റെടുക്കുകയായിരുന്നു. കോട്ടക്കുന്ന് വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് തുടങ്ങിയതോടെ കുട്ടികളുടെ ഉല്ലാസം ഉറപ്പാക്കിയാണ് വാട്ടര്‍ തീം പാര്‍ക്ക് ഉള്‍പ്പടെയുള്ള സൗകര്യത്തോടെ നഗരസഭ പാര്‍ക്ക് തുടങ്ങിയത്. ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച പാര്‍ക്ക് മൂന്ന് കോടി രൂപയ്ക്ക് രണ്ടുവര്‍ഷത്തേക്ക് നടത്താന്‍ ഒരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുകയായിരുന്നു. ഇതിനിടെ മുതല്‍മുടക്കിനനുസരിച്ച് പാര്‍ക്ക് ലാഭകരമല്ലെന്ന് പറഞ്ഞ് കരാര്‍ കമ്പനി പാര്‍ക്ക് ഉപേക്ഷിച്ചു. എന്നാല്‍, മുതല്‍ മുടക്ക് തിരികെ ലഭിക്കുമെന്ന് കണ്ട് നഗരസഭ നേരിട്ട് പാര്‍ക്ക് നടത്തിയെങ്കിലും കൂടുതല്‍കാലം മുന്നോട്ടുപോയില്ല. ഇതോടെ ജില്ലയിലെ നഗരസഭാ അമ്യൂസ്‌മെന്റ് പാര്‍ക്ക് പദ്ധതി പരാജയപ്പെട്ടു. പിന്നീട് നഗരസഭയും ജില്ലാ കലക്ടറും രണ്ട് തവണ നടത്തിപ്പ് സംബന്ധിച്ച് കരാറുകാരുമായും അല്ലാതെയും ചര്‍ച്ചകള്‍ നടത്തിയെങ്കിലും പാര്‍ക്കിന് ജീവന്‍ വച്ചില്ല. ഇതേ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി കോട്ടക്കുന്നിലെ ഭൂമി വെറുതെകിടക്കുകയാണ്. നഗരസഭയുമായുണ്ടാക്കിയ ധാരണ പുതുക്കാത്തതിനാല്‍ ഭൂമി പൂര്‍ണമായും റവന്യു വകുപ്പ് തിരിച്ചെടുത്തു. ഇത്രയും ഭൂമി വെറുതെ കിടയ്ക്കുന്നത് ഉപയോഗ്യമാക്കി ഒരു വെയര്‍ഹൗസ് സ്ഥാപിക്കാന്‍ റവന്യു അധികൃതര്‍ ശ്രമം നടത്തിയെങ്കിലും നഗരസഭ എതിര്‍ത്തു. നഗരസഭാ മാസ്റ്റര്‍പ്ലാനില്‍ മേല്‍ സ്ഥലം സംരക്ഷിത മേഖലയാണ്. അവിടം നിര്‍മാണ പ്രവൃത്തികള്‍ പറ്റില്ല. പരിസ്ഥിതി സൗഹൃദ നിര്‍മിതി മാത്രമേ ചെയ്യാവു എന്നാണ് നഗരസഭ പറയുന്നത്. ഇത്രയും സ്ഥലം നഗരത്തിന് ഉപയോഗ്യമാക്കാന്‍ ഇതില്‍ ഒരു ഓപ്പണ്‍ ഓഡിറ്റോറിയം അടക്കം നിര്‍മിക്കാന്‍ നഗരസഭ തയ്യാറാണെന്നന്ന് നഗരസഭ പൊതുമരാമത്ത് വകുപ്പ് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി സലീം പറഞ്ഞു. അമ്യുസ്‌മെന്റ് പാര്‍ക്ക് ജില്ലയ്ക്ക് നഷ്ടമായത് വിനോദ മേഖലയില്‍ മലപ്പുറത്തിന് പ്രയാസമാണെന്നും ഇത് പരിഹരിക്കാന്‍ എന്ത് ചെയ്യാനാവുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it