Alappuzha local

ഒടുവില്‍ ആലപ്പുഴയിലെ കനാല്‍ തീരങ്ങളില്‍ ടൂറിസം സാധ്യതയൊരുക്കുന്നു

ആലപ്പുഴ: ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായ ആലപ്പുഴയില്‍ നാശോന്മുഖമായി കിടന്നിരുന്ന കനാല്‍ തീരങ്ങള്‍ക്ക് പുനര്‍ജനി. കനാല്‍ തീരങ്ങള്‍ മോഡി പിടിപ്പിച്ച് ടൂറിസത്തിന്റെ ഭാഗമാക്കാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
ഇനി സഞ്ചാരികളെ കാത്ത് ആലപ്പുഴയില്‍ കനാല്‍ തീരങ്ങളും അണിഞ്ഞൊരുങ്ങും. ആലപ്പുഴ ടൂറിസം സര്‍ക്യൂട്ടിന്റെ ഭാഗമായി ഡിടിപിസിയുടെ നേതൃത്വത്തിലാണ് കനാല്‍ മോഡി പിടിപ്പിക്കുന്നത്.
കനാല്‍ തീരങ്ങളില്‍ നിര്‍മിക്കുന്ന പ്രതിമകളുടെ നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാവുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ആലപ്പുഴയിലെ വാടക്കനാലിന്റെയും കോമേഴ്‌സ്യല്‍ കനാലിന്റെയും തീരങ്ങളിലാണ് കിറ്റ്‌കോയുടെ സഹകരണത്തോടെ 11 കേന്ദ്രങ്ങളിലാണ് നിര്‍മാണങ്ങള്‍ നടക്കുന്നത്. ഇതില്‍ രണ്ടെണ്ണം കലാമൂല്യമുള്ള പ്രതിമകളാണ്.
ആലപ്പുഴ സ്വകാര്യ ബസ് സ്റ്റാന്റിന് സമീപം അമ്മയും കുഞ്ഞും ഇന്‍സ്റ്റലേഷനാണ് നിര്‍മിക്കുന്നത്. രാജകേശവദാസ് സ്വിമ്മിങ് പൂളിന് സമീപം ഓട്ടന്‍തുള്ളല്‍ അരങ്ങാണ് നിര്‍മിക്കുന്നത്.
ഓട്ടന്‍ തുള്ളല്‍ കലാകാരന്‍, അണിയറ വാദ്യക്കാര്‍ എന്നിവര്‍ക്കൊപ്പം കാഴ്ചക്കാ ര്‍ക്കുള്ള ഇരിപ്പിടവും ഇവിടെ സജ്ജമാക്കുന്നുണ്ട്. ഒരു കാഴ്ചക്കാരന്റെ ശില്‍പ്പത്തോടൊപ്പം കാഴ്ചക്കാര്‍ക്കും ശില്‍പ്പത്തിന്റെ ഭാഗമാവാന്‍ കഴിയും.
ആലപ്പുഴ നഗരത്തിന്റെയും ജില്ലയുടെയും ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും കൊളാഷ് ആണു മറ്റൊരു കൗതുകം. രാജാകേശവദാസന്‍, കഴ്‌സന്‍ പ്രഭു തുടങ്ങിയവരുടെ കാലം മുതല്‍ ആലപ്പുഴയുടെ ചരിത്രം തുടങ്ങും. രാജാ കേശവദാസന്‍ സ്വിമ്മിങ് പൂളിനു പടിഞ്ഞാറ് 55 അടി നീളത്തിലാണ് ഈ കൊളാഷ് ചെയ്യുക.
കയറിന്റെ ചരിത്രം പറയുന്ന റിലീഫ് വര്‍ക്ക് മറ്റൊരു കേന്ദ്രത്തില്‍ ഉയരും. സൗത്ത് പോലിസ് സ്‌റ്റേഷനു മുന്നില്‍ 110 തുഴക്കാര്‍ ഉള്‍പ്പെടെ യഥാര്‍ഥ ചുണ്ടന്‍വള്ളത്തിന്റെ മാതൃക, അതേ വലുപ്പത്തില്‍ പുനസൃഷ്ടിക്കുന്നുണ്ട്.
ചുരുളന്‍ വള്ളത്തില്‍ കഥകളി, തെയ്യം, പടയണി തുടങ്ങിയ നാടന്‍ കലകളുടെ മാതൃകകള്‍ നോര്‍ത്ത് പോലിസ് സ്‌റ്റേഷന് സമീപം നിര്‍മിക്കും. മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ നൃത്തരൂപങ്ങളുടെ ചിത്രീകരണം ബാപ്പു വൈദ്യര്‍ ജങ്ഷനു സമീപം നടക്കും. എസ്പി ഓഫിസിനു മുന്നില്‍ കഥകളിയിലെ അഞ്ചു വ്യത്യസ്ത വേഷങ്ങള്‍ ചിത്രീകരിക്കും.
ഓണം, പെരുന്നാള്‍, ക്രിസ്മസ് തുടങ്ങി മലയാളികളുടെ ആഘോഷങ്ങളും ചിത്രീകരിക്കുന്നുണ്ട്. ശില്‍പി അജയന്‍ വി കാട്ടുങ്കലിന്റെ നേതൃത്വത്തിലാണ് ശില്‍പ്പങ്ങളുടെ നിര്‍മാണം നടക്കുക.
Next Story

RELATED STORIES

Share it