ernakulam local

ഒടുവിലത്തെ കൗണ്‍സിലിലും തീരുമാനങ്ങളില്‍ വിയോജനക്കുറിപ്പ്

കാക്കനാട്: തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ ഒടുവിലത്തെ കൗണ്‍സിലിലും തീരുമാനങ്ങളില്‍ ഒരംഗത്തിന്റെ വിയോജനക്കുറിപ്പ്. പ്രഥമ മുനിസിപ്പാലിറ്റിയില്‍ കാലാവധി പൂര്‍ത്തീകരിച്ച് പ്രഥമ കൗണ്‍സിലര്‍മാര്‍ പടിയിറങ്ങുന്ന കൗണ്‍സിലില്‍ അജണ്ടയായികൊണ്ടുവന്ന വിഷയത്തില്‍ രേഖാമൂലം വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയാണ് അവസാനിച്ചത്.
ഇന്നലെ മുനിസിപ്പല്‍ ഹാളില്‍ നടന്ന കൗണ്‍സിലില്‍ 43 അംഗങ്ങളില്‍ 40 പേര്‍ പങ്കെടുത്തു. ഒന്നാം വാര്‍ഡിലെ യുഡിഎഫ് കൗണ്‍സിലര്‍ ജിജോ ചിങ്ങംതറയും 38ാം വാര്‍ഡിലെ എ എം കുഞ്ഞുമരക്കാരും കൗണ്‍സില്‍ സ്ഥാനം നേരത്തെ രാജിവച്ചിരുന്നു. മറ്റൊരു അംഗം കുമാരി യോഗത്തില്‍ എത്തിയിരുന്നില്ല. തൃക്കാക്കര പ്രാഥമികാരോഗ്യ കേന്ദ്രം നിലവില്‍ പ്രവര്‍ത്തിക്കുന്നിടത്തുനിന്നും മാറ്റുന്നതിന് അഞ്ചുലക്ഷംരൂപ അനുവദിക്കുന്നതു സംബന്ധിച്ചുള്ള വിഷയമാണ് കൗണ്‍സിലര്‍ വര്‍ഗീസ് പൗലോസിന്റെ വിയോജനക്കുറിപ്പോടെ അംഗീകരിച്ചത്. പി എച്ച് സെന്റര്‍ മാറ്റി സ്ഥാപിക്കുന്നതിന് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ജങ്ഷനടുത്തു പുതിയകെട്ടിടം പണിപൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടില്ല.
എന്നാല്‍ ഇപ്പോള്‍ എന്‍ജിഒ ഫഌറ്റിലേക്കു തല്‍ക്കാലം പ്രാഥമികാരോഗ്യകേന്ദ്രം മാറ്റി പ്രവര്‍ത്തിപ്പിക്കുന്നതിന് അവിടെ കറന്റും വെള്ളവും മറ്റും ഒരുക്കുന്നതിനാണ് അവസാനത്തെ കൗണ്‍സിലില്‍ അഞ്ചുലക്ഷംരൂപ അനുവദിക്കുന്ന തീരുമാനമുണ്ടായത്. ഈ തുക ചെലവാക്കി പുതിയ കെട്ടിടത്തില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനുപകരം പഴയ കെട്ടിടത്തില്‍ ഇത്രയും തുക ചെലവഴിക്കേണ്ടതില്ലെന്നാണ് വര്‍ഗീസ് പൗലോസ് പറയുന്നത്.
ആരെയോ സഹായിക്കാനാണ് അവസാന സമയം ഇത്രയും തുക അനധികൃതമായി ചെലവഴിക്കുന്നതെന്നും വര്‍ഗീസ് പൗലോസ് പറഞ്ഞു. തൃക്കാക്കര റസിഡന്‍സ് അസോസിയേഷന്‍ അപക്‌സ് കൗണ്‍സില്‍(ട്രാക്) സുതാര്യ കേരളം വഴി മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് എന്‍ജിഒ ഫഌറ്റിലേക്ക് പ്രാഥിമികാരോഗ്യകേന്ദ്രം മാറ്റുന്നതിനു മുഖ്യമന്ത്രി പൊതുമരാമത്തിന് നിര്‍ദേശം നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഉത്തരവ് അന്ന് നടപ്പാക്കാന്‍ തീരുമാനമെടുക്കാതെ ധൃതിയില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു നഗരസഭ പുതിയ കെട്ടിടം പൂര്‍ത്തീകരിക്കുകയായിരുന്നു.
15 ലക്ഷത്തോളം രൂപ ചെലവില്‍ ഒരുമാസം കൊണ്ട് പൂര്‍ത്തീകരിച്ച കെട്ടിടത്തില്‍ ആവശ്യത്തിനുള്ള സൗകര്യങ്ങള്‍ ഇല്ലെന്ന കാരണത്താല്‍ പ്രാഥമികാരോഗ്യകേന്ദ്രം അവിടേക്കു മാറ്റുന്ന കാര്യത്തില്‍ കൗണ്‍സിലര്‍മാരില്‍ത്തന്നെ അഭിപ്രായ വിത്യാസമുണ്ടായി. അതാണ് ആറുമാസം മുമ്പ് മുഖ്യമന്ത്രി അനുവദിച്ച കെട്ടിടത്തിലേക്ക് പ്രാഥമികാരോഗ്യ കേന്ദ്രം മാറ്റാനുള്ള നടപടിയുണ്ടായത്.
Next Story

RELATED STORIES

Share it