Second edit

ഒടിഞ്ഞ കൈ

കൈയോ കാലോ ഒടിഞ്ഞാല്‍ മാസങ്ങളോളം അത് പ്ലാസ്റ്ററിലിട്ട് കഴിയേണ്ടിവരും. പ്ലാസ്റ്റര്‍ ഊരുമ്പോള്‍ ശരീരത്തിന്റെ ആ ഭാഗം വലിയതോതില്‍ ശോഷിച്ചതായി കാണുന്നതു സാധാരണം. ശരീരത്തിന് ആവശ്യമായ വ്യായാമം ലഭിക്കുന്നില്ലെങ്കില്‍ മാംസപേശികളുടെ ബലം കുറയുന്നതു പതിവാണല്ലോ.
അങ്ങനെ പ്രയാസപ്പെടുന്ന കൂട്ടര്‍ക്ക് ആശ്വാസവുമായി കാനഡയിലെ ഒരു സര്‍വകലാശാലയിലെ ഗവേഷകര്‍ പുതിയൊരു കണ്ടെത്തലുമായി വന്നിരിക്കുകയാണ്. ഈയിടെ ഒരു ഗവേഷണ പഠനത്തില്‍ അവര്‍ കണ്ടെത്തിയത് ഒരു കൈയോ കാലോ ഒടിഞ്ഞാല്‍ മറ്റേ അവയവംകൊണ്ട് വ്യായാമം ചെയ്താല്‍ അതിന്റെ ഗുണം പരിക്കുപറ്റിയ അവയവത്തിനും കൂടി ലഭിക്കുമെന്നാണ്. സസ്‌കറ്റ്‌ചെവാന്‍ സര്‍വകലാശാലയിലാണ് അതുസംബന്ധിച്ച പഠനം നടന്നത്. 16 കോളജ് വിദ്യാര്‍ഥികളാണ് പഠനത്തില്‍ പങ്കെടുത്തത്.
എല്ലാവരുടെയും കൈയില്‍ വലിയ കെട്ട് ഉപയോഗിച്ച് കൈപ്പടത്തിന്റെ പ്രവര്‍ത്തനം തടഞ്ഞു. അതില്‍ പകുതിപേര്‍ പ്രത്യേകിച്ച് ഒന്നും ചെയ്തില്ല. കൈ തൂക്കിയിട്ട് കഴിച്ചുകൂട്ടി. പകുതിപേര്‍ മറ്റേ കൈകൊണ്ട് കൃത്യമായി വ്യായാമം ചെയ്തു.
ഒരുമാസത്തെ പഠനം കഴിഞ്ഞപ്പോള്‍ കണ്ടെത്തിയത് വ്യായാമം ചെയ്യാത്തവരുടെ കൈപ്പടം 20 ശതമാനത്തോളം ശേഷി കുറഞ്ഞതായാണ്. വ്യായാമം ചെയ്തവരുടെ രണ്ടു കൈപ്പടങ്ങളും ഏതാണ്ട് ഒരേപോലെ കാണുകയും ചെയ്തു. നാഡീവ്യൂഹത്തിലെ ചോദനകളാവാം വ്യായാമത്തിലൂടെ ഇത്തരം നേട്ടങ്ങള്‍ക്കു സഹായിക്കുന്നതെന്നാണു ഗവേഷകര്‍ പറയുന്നത്.
Next Story

RELATED STORIES

Share it