ഒഞ്ചിയം പേടിയില്‍ സി.പി.എം. ; മാറി മറിഞ്ഞ് കൊടിയത്തൂരിലെ രാഷ്ട്രീയം; ബഷീര്‍ ലീഗ് സ്വതന്ത്രനായേക്കും

മുക്കം: കൊടിയത്തൂര്‍ ഗ്രാമപ്പ ഞ്ചായത്തില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയുന്നു. എം ഐ ഷാനവാസ് എം. പിക്കെതിരേ സോഷ്യല്‍ മീഡിയ വഴി അപവാദ പ്രചാരണം നടത്തിയതായി ആരോപിച്ച് കോണ്‍ഗ്രസ്സില്‍ നിന്നു പുറത്താക്കിയ ബഷീര്‍ പുതിയോട്ടിലിന്റെ നിലപാടുകളാണ് കൊടിയത്തൂര്‍ രാഷ്ട്രീയത്തെ കലുഷിതമാക്കുന്നത്. കോണ്‍ഗ്രസ്സിലേക്ക് യാതൊരു കാരണവശാലും തിരഞ്ഞെടുപ്പിന് മുന്‍പ് തിരിച്ചെടുക്കില്ലെന്ന് വി.എം സുധീരന്‍ പ്രഖ്യാപിച്ചതോടെയാണ് രാഷ്ട്രീയ നാടകങ്ങള്‍ തുടങ്ങിയത്.

ഇതോടെ ബഷീറിന്റെ കര്‍മമണ്ഡലമായ 4, 7, 3 വാര്‍ഡുകളില്‍ ബഷീര്‍ അനുകൂലികള്‍ സംഘടിച്ചു. ഇതോടെ ഇടതുപക്ഷവുമായി ചര്‍ച്ചയും തുടങ്ങി. സഖ്യം മേല്‍ കമ്മിറ്റികള്‍ അംഗീകരിച്ചെങ്കിലും ബഷീറുമായുള്ള സഖ്യത്തിനെതിരെ പ്രാദേശിക സി.പി.എം. കമ്മിറ്റി രംഗത്ത് വരികയായിരുന്നു. ഒഞ്ചിയം ആവര്‍ത്തിക്കുമെന്ന് ഭീഷണി മുഴക്കിയതോടെ ഇടതു നേതൃത്വം പിന്‍മാറി. ഇതോടെയാണ് നാടകീയ ചര്‍ച്ചകള്‍ തുടങ്ങിയത്. ബഷീര്‍ പുതിയോട്ടിലില്ലെങ്കില്‍ പഞ്ചായത്ത് ഭരണം ലഭിക്കല്‍ അസാധ്യമാവുമെന്ന് കണ്ട ലീഗ് നേതൃത്വം ചര്‍ച്ച നടത്തുകയായിരുന്നു. കോണ്‍ഗ്രസ്സിന്റെ കൈവശമുള്ള നാലാം വാര്‍ഡ് ലീഗിന് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായതായാണ് അറിവ്. ഇതോടെയാണ് ബഷീര്‍ ലീഗ് സ്വതന്ത്രനാവുന്നത്. ഇലയ്ക്കും മുള്ളിനും കേട് വരാതെ പ്രശ്‌നം തീര്‍ന്ന ആശ്വാസത്തിലാണ് യു.ഡി.എഫ്. അതേസമയം, പഞ്ചായത്തില്‍ ഇരുമുന്നണികളിലും സ്ഥാനാര്‍ഥി നിര്‍ണയം അന്തിമഘട്ടത്തിലെത്തി. രണ്ടാം വാര്‍ഡില്‍ സി പി അബ്ദുറഹ്മാന്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായേക്കും. നാസര്‍ കൊളായിയെയാണ് ഇടതുമുന്നണി പരിഗണിക്കുന്നത്. പത്താം വാര്‍ഡില്‍ യു.ഡി.എഫിനായി മോയന്‍ കൊളക്കാടന്‍, കുട്ടിഹസ്സന്‍, മൊയ്തീന്‍കുട്ടി എന്നിവര്‍ മല്‍സര രംഗത്ത് ഉറച്ച് നില്‍ക്കുമ്പോള്‍ ഷമീല്‍ കെ ടിയുടെ പേരാണ് എല്‍.ഡി.എഫ്. പരിഗണിക്കുന്നത്. പതിനാലാം വാര്‍ഡില്‍ എല്‍.ഡി.എഫ്. കെ ടി ഗഫൂറിനെ പരിഗണിക്കുമ്പോള്‍ എന്‍ കെ അഷ്‌റഫിനെയാണ് യു.ഡി.എഫ്. പരിഗണിക്കുന്നത്.
Next Story

RELATED STORIES

Share it