thrissur local

ഒച്ചുകളെ തുരത്താന്‍ കോര്‍പറേഷന്‍ പ്രതിരോധ നടപടികള്‍ തുടങ്ങി

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ വീണ്ടും ആഫ്രിക്കന്‍ ഒച്ചുകള്‍ തലപൊക്കി. ഒച്ചുകളെ തുരത്താന്‍ തൃശൂര്‍ കോര്‍പറേഷന്‍ പ്രതിരോധ നടപടികള്‍ തുടങ്ങി. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരുവമ്പാടി ക്ഷേത്രപരിസരങ്ങളിലെ വീടുകളിലും പറമ്പുകളിലും ആഫ്രിക്കന്‍ ഒച്ചുകള്‍ വീണ്ടുമെത്തിയത്.
രണ്ട് ദിവസം മുമ്പുണ്ടായ വേനല്‍ മഴയ്ക്ക് ശേഷമാണ് ആഫ്രിക്കന്‍ ഒച്ചുകളെ വീണ്ടും കണ്ടു  തുടങ്ങിയത്. മുന്‍പ് മണ്ണിനടിയില്‍ ഒച്ചുകള്‍ നിക്ഷേപിച്ച മുട്ടകള്‍ മഴപെയ്തപ്പോള്‍ വിരിയുകയായിരുന്നു. മണ്ണിനടിയിലുള്ള മുട്ടകള്‍ വിരിഞ്ഞിറങ്ങി ഒച്ചുകള്‍ പെരുകുന്നത് വര്‍ഷക്കാലത്ത് പ്രതിസന്ധി രൂക്ഷമാക്കുമെന്ന ഭീതിയിലാണ് അധികൃതര്‍.
ആഫ്രിക്കന്‍ ഒച്ചുകളെ കണ്ടെത്തിയ സാഹചര്യത്തില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. അമ്പതോളം തൊഴിലാളികളാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഒച്ചുകളെ തുരത്തുന്നതിനായി പുകയില മിശ്രിതമാണ് തളിച്ചിരിക്കുന്നത്.
ഇതിനുപുറമേ പരിസരത്ത് ഉപ്പ് വിതറുകയും പാഴ്‌ച്ചെടികള്‍ വെട്ടിമാറ്റുകയും ചെയ്യുന്നുണ്ട്. തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജന്റെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒക്‌ടോബറിലാണ് തൃശൂര്‍ നഗരത്തില്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ എത്തിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മാരത്തോണ്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. സംഭവത്തെക്കുറിച്ച് പീച്ചി വനഗവേഷണ കേന്ദ്രത്തില്‍ നിന്നുള്ള ശാസ്ത്ര സംഘവും പഠനം നടത്തിയിരുന്നു.
മ്യാന്‍മറില്‍ നിന്ന് ഇറക്കുമതി ചെയ്ത മരത്തടികളില്‍ നിന്നാണ് മെനിഞ്ചൈറ്റീസ് രോഗത്തിന് വരെ കാരണമായേക്കാവുന്ന ആഫ്രിക്കന്‍ ഒച്ചുകള്‍ കേരളത്തില്‍ എത്തിയതെന്ന് പഠനത്തില്‍ കണ്ടെത്തിയിരുന്നു.
കൊച്ചിയില്‍ നിന്ന് ഈ തടി കയറ്റുന്ന ഗുഡ്‌സ് ട്രെയിനിന്റെ ബോഗിയില്‍ നിന്നാണ് തൃശൂരിലും ആഫ്രിക്കന്‍ ഒച്ചുകള്‍ എത്താന്‍ കാരണമായതെന്നാണ് പ്രഥാമിക നിഗമനം.
Next Story

RELATED STORIES

Share it