ഒഎല്‍എക്‌സില്‍ വാഹന വില്‍പന:ലക്ഷങ്ങള്‍ തട്ടിയ സംഘം പിടിയില്‍

പാലക്കാട്: ഒഎല്‍എക്‌സ് വെബ്‌സൈറ്റില്‍ വാഹനങ്ങള്‍ വി ല്‍പനയ്ക്കുണ്ടെന്ന് പരസ്യം ന ല്‍കി ഉപഭോക്താക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തി ല്‍ മൂന്ന് യുവാക്കളെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഇരട്ടയാല്‍ കൃഷ്ണപിള്ള നഗര്‍ പുത്തന്‍പുരക്കല്‍ വീട്ടില്‍ ദര്‍വേഷ് എന്ന ഷേഖ് ദര്‍വേഷ് (19), മലമ്പുഴ കടുക്കാം കുന്നം ആരതി നിവാസില്‍ ഫര്‍സാദലി (24), മലമ്പുഴ വാരണി പുഴക്കല്‍ വീട്ടില്‍ ബിജോയ് (22) എന്നിവരാണ് അറസ്റ്റിലായത്.  കഴിഞ്ഞ ഏഴുമാസമായി ഇവര്‍ തട്ടിപ്പ് നടത്തിവരുന്നു. വെബ് സൈറ്റില്‍ കുറഞ്ഞ തുക കാണിച്ച് വില്‍പനയ്‌ക്കെന്ന് പറഞ്ഞ് ബൈക്കുകളുടെ ഫോട്ടോ പോസ്റ്റ് ചെയ്യും. ഉപഭോക്താക്കള്‍ ഫോണ്‍ വഴി ബന്ധപ്പെട്ടാല്‍ ദര്‍വേഷിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം മുന്‍കൂര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെടും. പണം അക്കൗണ്ടില്‍ എത്തിയാല്‍ ഉപഭോക്താവുമായുള്ള ബന്ധം അവസാനിപ്പിക്കും. ഫോണില്‍ ബന്ധപ്പെട്ടാല്‍ കിട്ടുകയുമില്ല. ഇതാണ് സംഘത്തിന്റെ രീതി. തട്ടിപ്പിനിരയായ മലപ്പുറം കൊണ്ടോട്ടി തുറക്കല്‍ സൗപര്‍ണികയില്‍ സംഗീതിന്റെ പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്. ഒരു ലക്ഷം രൂപയാണ് സംഗീതില്‍ നിന്ന് സംഘം കൈക്കലാക്കിയത്. പ്രതിയെക്കുറിച്ച് സൂചന ലഭിച്ച പോലിസ് ഉപഭോക്താവാണെന്ന വ്യാജേന ബന്ധപ്പെടുകയും പണം കൈമാറാന്‍ ഒലവക്കോട്ടേക്ക് വിളിച്ചുവരുത്തി പിടികൂടുകയുമായിരുന്നു. പ്രതികള്‍ സഞ്ചരിച്ച ആഡംബര കാറും പോലിസ് കസ്റ്റഡിയിലെടുത്തു. സമാന രീതിയില്‍ പാലക്കാട് നോര്‍ത്ത് പോലിസില്‍ പത്തോളം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നൂറു കണക്കിനാളുകള്‍ തട്ടിപ്പിനിരയായതായാണ് കുരുതുന്നത്. സംഗീതിന്റെ ഒരു ലക്ഷം രൂപ, പാണ്ടിക്കാട് സ്വദേശി ധനുഷ് റോയിയുടെ 45000 രൂപ, മഞ്ചേരി സ്വദേശി ജി നാസിന്റെ 40000 രൂപ, തൃശൂര്‍ ഏഴാംകല്ല് സ്വദേശി ശരത്കുമാറിന്റ 64000 രൂപ, ആലത്തൂര്‍, സ്വദേശി സൈനുദ്ദീന്റെ 20000 രൂപ, കിണത്ത്ക്കടവ് സ്വദേശി കതിര്‍വേലിന്റെ 65000 രൂപ, എരട്ടയാല്‍, മനുവിന്റെ 40000 രൂപ, വടക്കഞ്ചേരി സ്വദേശി റിയാസിന്റെ 22000 രൂപ, മാള സ്വദേശി മിഥുനിന്റെ 25000 രൂപ തുടങ്ങി നിരവധി പേരില്‍ നിന്നായി ഏകദേശം 10ലക്ഷം രൂപയോളം പ്രതികള്‍ കൈക്കലാക്കിയിട്ടുണ്ട്. ദര്‍വേഷിനും, ഫര്‍സാദലിക്കുമെതിരേ നേരത്തെ ടൗണ്‍ നോര്‍ത്ത് പേലിസ് സ്‌റ്റേഷനില്‍ കഞ്ചാവ്, കൊലപാതകശ്രമം എന്നീ കേസുകളുണ്ടെന്ന് പോലിസ് പറഞ്ഞു. റിമാന്‍ഡ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും.
Next Story

RELATED STORIES

Share it